പാറശാല: നന്തൻകോട് ക്ലിഫ് ഹൗസ് സുരക്ഷാ വിഭാഗത്തിലെ ജീവനക്കാരനായ പൊലീസ് ഉദ്യോഗസ്ഥനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുടങ്ങി. അഞ്ചാലിക്കോണം കല്ലൂർക്കോണം മണലിവിള വീട്ടിൽ വർഗീസിന്റെ മകൻ അനീഷ് സവ്യർ(32) ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് 1.30ന് ഇടിച്ചക്കപ്ലാമൂട് മേൽപ്പാലത്തിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്.

ട്രെയിൻ തട്ടി മരിച്ച നിലയിലാണ് പൊലീസ് ഉദ്യോഗസ്ഥനായ അനീഷിനെ കണ്ടെത്തിയത. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ്. പോസ്റ്റുമോർട്ടം നടപടികൾ അടക്കം പൂർത്തിയാക്കേണ്ടതുണ്ട്. അനീഷ് മരിക്കാൻ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. അപകട മരണമാണോ ആത്മഹത്യയാണോ എന്നതിലാണ് പൊലീസ് അന്വേഷണം നടത്തുന്നത്.

അടുത്തിടെ ക്ലിഫ്ഹൗസ് വളപ്പിൽ യുവമോർച്ച പ്രവർത്തകർ സിൽവർലൈൻ പദ്ധതിയുടെ അതിരടയാളക്കല്ല് കുഴിച്ചിട്ട സംഭവത്തിൽ പൊലീസിന് ഗുരുതര വീഴ്ചയുണ്ടായെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നു. ക്ലിഫ് ഹൗസ് പരിസരത്തു ബിജെപിക്കാർ സിൽവർലൈൻ സർവേക്കല്ലുകൾ സ്ഥാപിക്കാനിടയുണ്ടെന്ന് രണ്ടു ദിവസം മുൻപ് ഇന്റലിജൻസ് മുന്നറിയിപ്പ് നൽകിയിട്ടും സുരക്ഷയിൽ പിഴവുണ്ടായെന്നാണ് കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ ചില ഉദ്യോഗസ്ഥർക്കെിരെ നടപടി ഉണ്ടാകുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിുന്നു.