തൃശൂർ: ഗതാഗതം നിയന്ത്രിക്കാൻ നിന്ന പൊലീസുകാരന്റെ കാലിൽ വണ്ടി തട്ടിയതിന്റെ പേരിൽ നവദമ്പതിമാരെ കസ്റ്റഡിയിലെടുത്ത സംഭവം ഏറെ ചർച്ചയായിരുന്നു. എന്നാൽ, ശരിക്കും ആരുടെ ഭാഗത്താണ് ന്യായം? ആരുടെ ഭാഗത്താണു തെറ്റ് എന്നതിൽ ചർച്ചകൾ തുടരുകയാണ്.

പൊലീസുകാരുടെ ക്രൂരതയെന്ന തരത്തിൽ ഒരടി അടിക്കാൻ കിട്ടിയ അവസരം മാദ്ധ്യമങ്ങളും പാഴാക്കിയില്ല. എന്നാൽ, സംഭവത്തെക്കുറിച്ചു ഒരു പൊലീസുകാരന്റെ അഭിപ്രായം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

എറണാകുളം സ്വദേശിയായ ദാസ് പി കുട്ടിക്കോരനാണു സംഭവത്തെക്കുറിച്ചു ഫേസ്‌ബുക്കിൽ പോസ്റ്റിട്ടിരിക്കുന്നത്. ദാസ് പറയുന്നത് ഇങ്ങനെ:

''07-07-16 തിയതി 3 PM മണിക്ക് ഗുരുവായൂർ RV കർവ് ഡ്യൂട്ടി പോസ്റ്റിൽ ഉണ്ടായ പൊലീസുദ്യോഗസ്ഥൻ വൺവെതെറ്റിച്ച് വന്ന വാഹനത്തെ തടഞ്ഞ് നിർത്തി ഇത് വഴി പോകാൻ സാധിക്കില്ല എന്ന് പറയുകയും എന്നാൽ നിർത്തിയ വാഹനം വളരെ അപകടമായ വിധത്തിൽ റൈസ് ചെയ്ത് കടന്ന് പോവുകയും ചെയ്തു.

വാഹനത്തെ തൊട്ടടുത്ത ഡ്യൂട്ടി പോസ്റ്റായ മഞ്ജുളാലിൽ ഉണ്ടായ ഉദ്യോഗസ്ഥൻ തിരികെ അയച്ചു. തിരികെ വന്ന വാഹനം വൺവെതെറ്റിച്ച് നിർത്താതെ പോയതിന് കൈകാണിച്ചപ്പോൾ പൊലീസ് ഉദ്യോഗസ്ഥന്റ ശരീരത്ത് ഇടിപ്പിച്ചാണ് വാഹനം നിർത്തിയത്. വണ്ടിയിൽ നിന്ന് ഇറങ്ങിയ വരന്റെ വായിൽ നിന്ന് വീണതിന് ഒരു സാധാരണക്കാരൻ ആയിരുന്നു എങ്കിൽ എങ്ങനെ പ്രതികരിക്കും എന്ന് അവിടെയുള്ള കച്ചവട സ്ഥാപനങ്ങളിൽ ചോദിച്ചാൽ അറിയാം.

പൊലീസ് ഉദ്യോഗസ്ഥനെ ഹോസ്പിറ്റലിൽ കൊണ്ട് പോയി പ്രാഥമിക ചികത്സ നല്കുന്നതിന് എടുത്ത സമയവും ഇവർ തർക്കിച്ച് നിന്ന സമയവും കൂടി കുറച്ച് സമയനഷ്ടം വന്നു. എല്ലാവരും ഓർക്കുക ഞങ്ങൾക്കും ഒരു കുടുംബം ഉണ്ടെന്നും .വണ്ടി ഇടിച്ച് റോഡിൽ കിടന്നാൽ ആഴ്ചയിൽ എങ്കിലും വീട്ടിൽ ഒരു നോക്ക് കാണാൻ കാത്തിരിക്കുന്ന പ്രിയപ്പെട്ടവർക്കും സങ്കടം വരുമെന്നും.''

മാദ്ധ്യമധർമം എന്നത് യാഥാർഥ്യം മനസിലാക്കിയുള്ളതാകണമെന്നും ദാസ് കുറിക്കുന്നുണ്ട്.