ഇടുക്കി: കടുത്ത മാനസിക പീഡനത്തെ തുടർന്ന് പൊലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യക്ക് ശ്രമിച്ചു. കുമളി സ്വദേശി അഭിലാഷാണ് കഴിഞ്ഞ ദിവസം ജീവനൊടുക്കാൻ ശ്രമിച്ചത്. ഇതേ തുടർന്ന് കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയിൽ ചികിത്സയിലാണ്. ഒരു മാസം മുമ്പ് ഇടുക്കി എ.ആർ. ക്യാമ്പിൽ ഡ്യൂട്ടി ഡിപ്ലോയിമെന്റിനെ ചൊല്ലി കേരള പൊലീസ് അസോസിയേഷൻ മുൻ ഇടുക്കി ജില്ലാപ്രസിഡന്റും പൊലീസ് സഹകരണസംഘം ഭരണസമിതിയംഗവുമായ ബൈജുമായി അഭിലാഷ് വാക്ക് തർക്കവും അടിപിടിയും ഉണ്ടായിരുന്നു.

എന്നാൽ ഭരണാനുകൂല നേതാവായ ബൈജുവിനെ ഒഴിവാക്കി അഭിലാഷ് ഉൾപ്പടെ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്യുകയായിരുന്നു. അടിപിടിയുടെ യഥാർത്ഥ സംഭവം അന്വേഷിച്ച് റിപ്പോർട്ട് ചെയ്ത അന്നത്തെ ഡ്യൂട്ടി ഓഫീസറെ ഭീഷണിപ്പെടുത്തി റിപ്പോർട്ട് തിരുത്തി എഴുതിച്ച് ജില്ലാ പൊലീസ് ചീഫിനെ നേതാക്കൾ തെറ്റിദ്ധരിപ്പിച്ചതിനാലാണ് തന്നെ സസ്പെന്റ് ചെയ്തതെന്നാണ് അഭിലാഷ് പറയുന്നത്. തന്റെ സസ്പെൻഷൻ പിൻവലിക്കണമെന്നും മൂന്ന് പേർ പങ്കാളിയായ അടിപിടിയിൽ രണ്ട് പേരെ മാത്രം സസ്പെന്റ് ചെയ്യുകയും ഭരണാനുകൂല നേതാവിനെ ഒഴിവാക്കിയതും ശരിയായില്ലെന്ന പരാതി ബന്ധപ്പെട്ടവർ തള്ളിക്കളയുകയായിരുന്നു. ഇതേ തുടർന്നുണ്ടായ കടുത്ത മാനസിക സമ്മർദ്ദമാണ് ആത്മഹത്യശ്രമത്തിന് പിന്നിൽ.

പൊലീസ് അസോസിയേഷൻ നേതാക്കൾക്കെതിരെ സോഷ്യൽ മീഡിയായിൽ പോസ്റ്റ് ഇട്ടതിനുശേഷമാണ് ആത്മഹത്യശ്രമം നടത്തിയത്. പൊലീസ് അസോസിയേഷൻ നേതാക്കളുടെ ഒത്താശയോടെ വിരോധം തീർക്കുവാൻ യാതൊരു മാനദണ്ഡങ്ങളുമില്ലാതെ പൊലീസ് ഉദ്യോഗസ്ഥരെ പീഡിപ്പിക്കുന്ന നിലപാടാണ് ഇടുക്കിയിൽ നിലനിൽക്കുന്നത്. സിപിഎം അനുകൂല സംഘടന നേതാക്കളുമായി ചേർന്ന് നിൽക്കാത്തവരെ വിദൂര ഡ്യൂട്ടികളും മറ്റും നിരന്തരം ചെയ്യിക്കുന്ന സംവിധാനമാണ് നിലവിൽ എ.ആർ. ക്യാമ്പിലും ലോക്കൽ പൊലീസിലും നടന്നുവരുന്നത്.

ജില്ലയിലെ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ സിപിഎം നേതാക്കൾ പറയുന്ന പോലെയാണ് പൊലീസ് ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റങ്ങളും മറ്റും നിശ്ചയിക്കുന്നത്. പൊലീസ് സഹകരണ സംഘം തെരഞ്ഞെടുപ്പിൽ ഇവർക്കെതിരെ മത്സരിച്ചവരെ കൂട്ടസ്ഥലമാറ്റത്തിനുള്ള ലിസ്റ്റ് തയ്യാറാക്കികൊണ്ടിരിക്കുന്നതായും പറയപ്പെടുന്നു. സഹകരണ സംഘം തെരഞ്ഞെടുപ്പിൽ ജനാധിപത്യം പാടില്ലെന്ന നിലപാടാണ് ഭരണാനുകൂല നേതാക്കൾക്കുള്ളത്. മുമ്പ് ഉണ്ടാകാത്തവിധം ഇപ്രാവശ്യം പൊലീസ് സഹകരണസംഘം തെരഞ്ഞെടുപ്പിൽ ജില്ലാപൊലീസ് ചീഫ് വോട്ട് ചെയ്യുകയുണ്ടായി. ഇത് സാധാരണ നടക്കാത്ത കാര്യമാണ്.

ഒരു വിഭാഗത്തെ അനുകൂലിക്കുകയും മറുവിഭാഗത്തോടുള്ള സന്ദേശവുമാണ് ജില്ലാപൊലീസ് ചീഫ് വോട്ട് ചെയ്യാനെത്തിയതെന്നും പറയപ്പെടുന്നു. എന്തായാലും പൊലീസ് സേനയിലെ സിപിഎം വൽക്കരണം സേനയിലും സേനാംഗങ്ങളുടെ കുടുംബങ്ങളിലും അസ്വസ്ഥതകൾ സൃഷ്ടിച്ചിരിക്കുകയാണ്.