- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക്ഡൗണിൽ കുടുങ്ങിയ പൊലീസ് ഓഫീസർമാരുടെ സ്ഥലംമാറ്റത്തിനും ശാപമോക്ഷം; ഇൻസ്പക്ടർമാരുടെ പ്രമോഷനും ഡിവൈഎസ്പിമാരുടെയും എസ്എച്ച്ഒമാരുടെയും സ്ഥലമാറ്റവും സംബന്ധിച്ച ഉത്തരവുകൾ പുറത്തിറങ്ങി; പട്ടിക കാണാം
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ അധികാരമേറ്റതിനെ തുടർന്നുള്ള പൊലീസ് ഓഫീസർമാരുടെ സ്ഥലംമാറ്റ ഉത്തരവ് പുറത്തിറങ്ങി. അധികാരമേറ്റ ഉടനെ സ്ഥലംമാറ്റം നടത്തേണ്ടിയിരുന്നത് ആണെങ്കിലും, കോവിഡ് വ്യാപനമാണ് കാലതാമസം ഉണ്ടാക്കിയത്. ലോക് ഡൗണിൽ ഇളവുകൾ വന്നതോടെ ചൊവ്വാഴ്ച ഉത്തരവും പുറത്തിറങ്ങി. ലോക്ക് ഡൗൺ തീരുന്നതിന് മുമ്പ് സ്ഥലംമാറ്റ ഉത്തരവ് ഇറങ്ങിയാൽ പ്രതിരോധ പ്രവർത്തനങ്ങൾ അവതാളത്തിലാകുമായിരുന്നു. സ്ഥലംമാറ്റം ലഭിച്ച പൊലീസ് ഉദ്യോഗസ്ഥർ ചുമതല ഏറ്റെടുക്കാൻ ദിവസങ്ങൾ എടുത്താൽ കോവിഡ് ഡ്യൂട്ടി ചെയ്യാൻ പൊലീസ് ഓഫീസർമാർ ഇല്ലാത്ത സാഹചര്യം ഉണ്ടാകുമായിരുന്നു. അതിനാലാണ് ലോക്ക് ഡൗൺ തീരുന്നത് വരെ സ്ഥലംമാറ്റത്തിനായി കാത്തിരുന്നത്. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ വിരമിക്കുന്നതിന്റെ തൊട്ടുതലേന്നാണ് ഗവർണർ വിജ്ഞാപനം പുറപ്പെടുവിച്ചത്.
ഡിവൈഎസ്‌പിമാരായുള്ള ഇൻസ്പക്ടർമാരുടെ പ്രമോഷനും, ഡിവൈഎസ്‌പി-അസിസ്റ്റന്റ് കമ്മീഷണർ കേഡറിലുള്ള ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവും, പോസ്റ്റിങ്ങും സംബന്ധിച്ച ഉത്തരവാണ് പുറത്തിറങ്ങിയത്. ഇതിന് പുറമേ സ്റ്റേഷൻ ഹൗസ് ഓഫീസർമാരുടെയും ഇൻസ്പക്ടർമാരുടെയും സ്ഥലംമാറ്റം സംബന്ധിച്ച മറ്റൊരു ഉത്തരവും പുറത്തിറങ്ങി.
ഡിവൈ.എസ്‌പി, ഇൻസ്പെക്ടർ റാങ്കിലുള്ളവരുടെ സ്ഥലംമാറ്റ ഉത്തരവ് പൊലീസ് ആസ്ഥാനത്ത് നിന്നും എസ്‌ഐമാരുടേത് ഡി.ഐ.ജി തലത്തിലുമാണ് ഇറക്കിയത്. എസ്‌ഐമാരുടെ സ്ഥലംമാറ്റ ലിസ്റ്റ് ഡി.ഐ.ജി ഓഫീസിൽ നിന്ന് ജില്ലാ പൊലീസ് മേധാവിമാർക്ക് അയച്ചുകൊടുക്കുകയാണ് ചെയ്യുക.
ഭരണതലത്തിലെ മാറ്റം പോലെ തന്നെ പൊലീസ് സേനയിലും വൻതോതിലുള്ള അഴിച്ചുപണിക്ക് സർക്കാർ ഒരുങ്ങുന്നുണ്ട്. പൊലീസ് സേനയെ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി സിപിഎം നേതൃത്വം നയപരമായ തീരുമാനം കൈക്കൊണ്ട ശേഷം ജില്ലാ പൊലീസ് മേധാവിമാർ, ഡി.ഐ.ജിമാർ, ഐ.ജിമാർ അടക്കമുള്ളവരുടെ മാറ്റം ഉണ്ടാകുമെന്നാണ് സൂചന.എസ്‌പി റാങ്ക് മുതൽ മുകളിലോട്ടുള്ള ഉന്നതതല മാറ്റങ്ങൾക്ക് പൊലീസ് ഓഫീസർമാരുടെ സംഘടനയുടെ അഭിപ്രായവും സർക്കാർ തേടുമെന്നാണ് അറിയുന്നത്. അടിക്കടിയുള്ള സ്ഥലം മാറ്റങ്ങൾ പൊലീസിന്റെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ ലോക് സഭാ തിരഞ്ഞെടുപ്പ് വരെ മാറ്റമുണ്ടാകാത്ത വിധത്തിൽ പൊലീസ് നിയമനങ്ങൾ നടത്തും.
ഇൻസ്പക്ടർമാരുടെ പ്രമോഷൻ-ഡിവൈഎസ്‌പിമാരുടെ സ്ഥലംമാറ്റ പട്ടിക കാണാം
https://www.marunadanmalayalee.com/downloads/list.pdf
എസ്എച്ച്ഒമാരുടെ സ്ഥലംമാറ്റ പട്ടിക കാണാം
മറുനാടന് മലയാളി ബ്യൂറോ