- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാക്കിക്കുള്ളിലെ സമ്മർദ്ദങ്ങൾക്ക് അറുതിയില്ല; ആലപ്പുഴയിൽ പൊലീസുകാരൻ ആത്മഹത്യക്ക് ശ്രമിച്ചു; തൃക്കുന്നപുഴ സ്റ്റേഷനിലെ സീനിയർ സിപിഒ രാജീവ് ജീവനൊടുക്കാൻ ശ്രമിച്ചത് കൈ ഞരമ്പ് മുറിച്ച്; ആത്മഹത്യ ചെയ്യാനുള്ള തീരുമാനം ഡ്യൂട്ടി സംബന്ധമായ സമ്മർദ്ദമെന്ന് റിപ്പോർട്ടുകൾ
ആലപ്പുഴ: പൊലീസുകാരൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. തൃക്കുന്നപുഴ സ്റ്റേഷനിലെ സീനിയർ സിപിഒ രാജീവാണ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമം നടത്തിയത്. ഹരിപ്പാട് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാൾ അപകട നില തരണം ചെയ്തു. ഡ്യൂട്ടി സംബന്ധമായ സമ്മർദ്ദമാണ് ആത്മഹത്യാ ശ്രമത്തിന് പിന്നിലെന്നാണ് വിവരം. ഈ മാസം ആദ്യം തൃശ്ശൂരിൽ ഒരു എസ്ഐ ആത്മഹത്യ ചെയ്തിരുന്നു. തൃശൂർ വടക്കാഞ്ചേരിയിൽ പാലക്കാട് ടൗൺ സ്റ്റേഷനിലെ എസ്. ഐ. രതീഷ് എന്ന മുനിദാസ്നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വടക്കാഞ്ചേരിയിലെ പൊലീസ് ക്വാർട്ടേഴ്സിലാണ് സംഭവം നടന്നത്.
സംസ്ഥാന പൊലീസ് സേനയിൽ നാലുവർഷത്തിനിടെ 52 പേരാണ് ജീവനൊടുക്കിയത്. ഇടതുസർക്കാർ അധികാരത്തിലേറിയതിനുശേഷം പൊലീസ് സേനയിലെ 50 പേർ ആത്മഹത്യ ചെയ്തതായി മുഖ്യമന്ത്രിയാണ് നവംബർ 14-ന് നിയമസഭയെ അറിയിച്ചത്. അത് അറിയിച്ചപ്പോഴുണ്ടായ അവസാനത്തെ ആത്മഹത്യ പൊലീസ് അക്കാദമിയിലായിരുന്നു. നവംബർ ആറിന് തൃശ്ശൂർ അയ്യന്തോൾ മാടത്തേരിയിലെ അനിൽകുമാറാണ് ആത്മഹത്യ ചെയ്തത്. പൊലീസ് അക്കാദമിയിൽ എസ്ഐ. ആയിരുന്നു. പൊലീസ് സേനയിലെ ആത്മഹത്യയിൽ മുന്നിൽ തിരുവനന്തപുരം റൂറൽ ജില്ലയാണ്. ഡിവൈ.എസ്പി. ഉൾപ്പെടെ എട്ടുപേരാണ് ആത്മഹത്യ ചെയ്തത്. ആലപ്പുഴ ജില്ലയിൽ അഞ്ചുപേരാണ് ആത്മഹത്യ ചെയ്തത്.
എറണാകുളം സിറ്റി, കോഴിക്കോട് സിറ്റി എന്നിവിടങ്ങളിൽ നാലുവീതവും ആത്മഹത്യകൾ അരങ്ങേറി. ഒരു ഡിവൈഎസ്പിയാണ് അറസ്റ്റിലായത്. എസ്ഐ, എ.എസ്.െഎ റാങ്കിലുള്ള 16 ഉദ്യോഗസ്ഥർ ആത്മഹത്യ ചെയ്തപ്പോൾ 25 സിവിൽ പൊലീസ് ഓഫീസർമാരും ജീവനൊടുക്കി. വനിതാ സിവിൽ പൊലീസ് ഓഫീസർമാരിൽ നാല് പേരാണ് ആത്മഹ്ത്യ ചെയ്തത്. സിഐ റാങ്കിലുള്ള അഞ്ച് പേരും ആത്മഹത്യ ചെയ്തു. മേൽ ഉദ്യോഗസ്ഥരുടെ പീഡനങ്ങളും ജോലിയുടെ അമിതഭാരവും രാഷ്ട്രീയ സമ്മർദ്ദങ്ങളും വ്യക്തിജീവിതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുമാണ് ഉദ്യോഗസ്ഥരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നത്.
കേരളത്തിലെ പൊലീസ് ഉദ്യോഗസ്ഥന്മാർ ആരുടേയും അടിയാനോ, കുടിയാനോ അല്ലെന്ന് പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കടുത്ത മാനസിക സമ്മർദ്ദങ്ങളെ തുടർന്ന് പൊലീസുകാർ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങൾ ഉണ്ടായപ്പോഴാണ് ഈ അഭിപ്രായം പലരും രേഖപ്പെടുത്തിയത്. ഇതുകൂടാതെ പൊലീസ് മേഖലയിലെ ചില വിഷയങ്ങളിൽ ഗൗരവമായ പഠനങ്ങൾക്ക് ഒരു വിദഗ്ധ സമിതിയെ സർക്കാർ നിയോഗിക്കണമെന്നും കേരള പൊലീസ് അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു. പൊലീസ് ഉദ്യോഗസ്ഥന്മാർ അനുഭവിച്ചു വരുന്ന മാനസിക സമ്മർദ്ദങ്ങൾ ഒരാൾക്കും ചിന്തിക്കാൻ കഴിയുന്നതിനപ്പുറമാണ്. അത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. കാലങ്ങളായി പൊലീസ് അനുഭവിച്ചു വരുന്നതാണ്.
പൊലീസ് പ്രവർത്തനങ്ങളുടെ പ്രത്യേകത കൊണ്ടുതന്നെ ബാഹ്യമായി ഉണ്ടാകുന്ന സമ്മർദ്ദങ്ങൾ വളരെ വലുതാണ്. അവയെ എങ്ങനെയും നേരിട്ട് മുന്നോട്ട് പോകാമെങ്കിലും ആന്തരികമായി ചുരുക്കം ചില ഉദ്യോഗസ്ഥർ ഉണ്ടാക്കുന്ന അനാവശ്യ സമ്മർദ്ദവും പീഡനവും ഇനിയും നിശബ്ദമായി കണ്ട് മുന്നോട്ട് പോകാൻ സംഘടനാ പ്രവർത്തകർക്ക് കഴിയില്ലെന്നും കേരളാ പൊലീസ് അസോസിയേഷൻ പറഞ്ഞിരുന്നു. സംസ്ഥാന പൊലീസ് മേധാവിയുടെ അദ്ധ്യക്ഷതയിൽ കൂടിയ കഴിഞ്ഞ സംസ്ഥാന സ്റ്റാഫ് കൗൺസിൽ യോഗത്തിൽ പൊലീസുകാരുടെ ആത്മഹത്യാ വിഷയം ഗൗരവമായി ചർച്ച ചെയ്തിരുന്നു.
സംസ്ഥാന പൊലീസിൽ ആത്മഹത്യാനിരക്ക് വർധിക്കുന്നതായാണ് പുറത്തുവന്ന റിപ്പോർട്ട് കുറച്ചു കാലമായി തന്നെ കൂടി വരുന്നുണ്ടായിരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത് 65 പൊലീസ് ഉദ്യോഗസ്ഥരായിരുന്നു. 2014ൽ ഒമ്പത്, 2015ൽ അഞ്ച്, 2016ൽ 13, 2017ൽ 14, 2018ൽ 13 എന്നിങ്ങനെയാണ് ആത്മഹത്യ ചെയ്ത പൊലീസുകാരുടെ കണക്ക്.
അതേസമയം ആത്മഹത്യയിൽ ഭൂരിഭാഗവും വ്യക്തിപരമായ കാരണങ്ങളാലാണെന്നും ജോലി സംബന്ധമായ വിഷമങ്ങളല്ലെന്നുമാണ് ഡിജിപി ലോകനാഥ് ബെഹ്റ അടക്കമുള്ളവർ പറയുന്നത്. ആവശ്യത്തിന് ഉദ്യോഗസ്ഥരുടെ അഭാവം മൂലം നിലവിലുള്ള ഉദ്യോഗസ്ഥർ കഠിനമായ ജോലി ചെയ്യേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ട്. സംസ്ഥാനത്ത് പ്രതിവർഷം ശരാശരി നടത്തുന്നത് 12 ലക്ഷം കേസുകളെന്നാണ് കണക്കുന്നത്. രേഖപ്പെടുത്തുന്നത് ശരാശരി ഏഴ് ലക്ഷം എഫ്ഐആറുകളും. കേസ് അന്വേഷണത്തിന് പുറമെ മറ്റ് ജോലികൾക്കെല്ലാം കേരള പൊലീസിൽ ഉള്ളത് ഉയർന്ന ഉദ്യോഗസ്ഥരുൾപ്പെടെ 21,400 പേർ. ഇതിൽ തന്നെ കേസ് അന്വേഷിക്കാൻ അധികാരമുള്ളത് 15,000 പൊലീസുകാരുമായിരുന്നു. ഇത്തരം കേസുകളുടെ ആധിക്യവും പൊലീസുകാരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണ് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
മറുനാടന് ഡെസ്ക്