നെയ്യാറ്റിൻകര: ഒരു കുടുംബത്തെ മുഴുവൻ അനാഥമാക്കിയത് പൊലീസിന്റെ ഗുരുതര വീഴ്ച മൂലമെന്ന് തെളിയുന്നു. നെയ്യാറ്റിൻകരയിൽ ഡി.വൈ.എസ്‌പി തള്ളിയിട്ടപ്പോൾ കാറിടിച്ച് മരിച്ച സനലിനെ ആശുപത്രിയിലെത്തിക്കുന്നതിലാണ് പൊലീസ് ഗുരുതര വീഴ്ച വരുത്തിയത്. മാരകമായി പരിക്കേറ്റ് കിടന്നിരുന്ന സനലിനെ സ്ഥലത്തെത്തിയ പൊലീസ് സംഘം ആദ്യം കൊണ്ടുപോയത് നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിലേക്കാണ്. ആംബുലൻസിലുണ്ടായിരുന്ന ജീവനക്കാരന് ഡ്യൂട്ടി മാറാനാണെന്നും വ്യക്തമായി. വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഡിവൈഎസ്‌പി ഇത്രയും ക്രൂരത കാട്ടിയിട്ടും ഒരുജീവൻ രക്ഷിക്കാൻ മനസ്സലിവ് കാണിക്കാൻ പൊലീസുകാർക്ക് തോന്നിയില്ല. പരിക്കേറ്റ സനൽ അരമണിക്കൂർ റോഡിൽ കിടന്നു. തിങ്കളാഴ്ച രാത്രി പത്തുമണിയോടെയാണ് പൊലീസ് സംഘം സംഭവസ്ഥലത്തെത്തിയത്. ഇതിനുശേഷം സനലിനെ ആംബുലൻസിൽ കയറ്റിയെങ്കിലും നേരേ പൊലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടുപോയത്. ഇതിനിടെ യുവാവിന്റെ ആരോഗ്യനില വഷളായെന്ന് തോന്നിയതിനാൽ ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അതീവഗുരുതരാവസ്ഥയിൽ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽനിന്ന് സനലിനെ മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുന്നത് രാത്രി 10.23 നാണ്. ആന്തരിക രക്തസ്രാവം മനസിലാക്കിയ ഡോക്ടർ സനലിനെ വേഗം മെഡിക്കൽ കോളജിൽ എത്തിക്കാൻ പൊലീസിനോടും കൂടെയുള്ള സുഹൃത്തിനോടും നിർദ്ദേശിച്ചു.

എന്നാൽ സുഹൃത്തിനെ ഒഴിവാക്കി ആംബുലൻസിലുള്ള സനലുമായി പൊലീസ് നേരേ പോയത് ആശുപത്രിയിലേക്കല്ല. മെഡിക്കൽ കോളജിലേക്ക് പോകാൻ നെയ്യാറ്റിൻകര ടിബി ജംക്ഷൻ വഴി പോകേണ്ടതിനു പകരം ആംബുലൻസ് പോയത് പൊലീസ് സ്റ്റേഷനിലേക്കുള്ള നെയ്യാറ്റിൻകര ആലുംമൂട് റോഡിലേക്ക്. നെയ്യാറ്റിൻകര ഗേൾസ് ഹൈസ്‌കൂളിന്റെയും എസ്‌ബിഐ ബ്രാഞ്ചിന്റെയും ഇടയിലൂടെയുള്ള പൊലീസ് സ്റ്റേഷൻ റോഡിലേക്ക് 10.25 ന് ആംബുലൻസ് തിരിയുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. സംഭവം വിവാദമായതോടെ സനലിനെ ആശുപത്രിയിലെത്തിക്കുന്നതിൽ വീഴ്ചവരുത്തിയ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർമാരായ സജീഷ് കുമാർ, ഷിബു എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇവർക്കെതിരെ നടപടിയെടുത്തത്.

അതേസമസം, ഡിവൈ.എസ്‌പി ഹരികുമാർ രക്ഷപ്പെട്ടത് തന്റെ സർവീസ് റിവോൾവറുമായിട്ടാണെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു. അപകടത്തിന് ശേഷം തന്റെ വാടകവീട്ടിലെത്തിയ ഹരികുമാർ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും രാഷ്ട്രീയ പ്രമുഖരെയും ബന്ധപ്പെട്ടിരുന്നു. എന്നാൽ എല്ലാവരും കൈയൊഴിഞ്ഞതോടെ തന്റെ സർവീസ് റിവോൾവറും എടുത്ത് ഹരികുമാർ മധുരയിലേക്ക് കടന്നതായാണ് വിവരം. സർവീസ് റിവോൾവറുമായി കൊലക്കേസിൽ പ്രതിയായ ഉദ്യോഗസ്ഥൻ രക്ഷപ്പെട്ടത് വൻ സുരക്ഷാ വീഴ്ചയാണെന്നും ഇത് അപകടം വരുത്തിവയ്ക്കുമെന്നും സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

അപകടത്തിന് ശേഷം തന്റെ വാടകവീട്ടിലെത്തിയ ഹരികുമാർ റൂറൽ എസ്‌പി അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ വിളിച്ച് ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞിരുന്നു. സനലിനെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയ ശേഷം അവിടത്തെ പൊലീസ് സ്റ്റേഷനിൽ വിളിച്ച് ഇക്കാര്യം മാധ്യമങ്ങൾ അറിയരുതെന്ന് ഹരികുമാർ നിർദ്ദേശം നൽകി. ഇക്കാര്യത്തെക്കുറിച്ച് അറിയാൻ സംഭവദിവസം മെഡിക്കൽ കോളേജ് എസ്‌ഐയെ വിളിച്ചപ്പോഴും കൃത്യമായ മറുപടി നൽകാതെ ഒളിച്ച് കളി നടത്തിയെന്നും ആരോപണമുണ്ട്. അതേസമയം, കേസിൽ യാതൊരു രാഷ്ട്രീയ സമ്മർദ്ദങ്ങൾക്കും വഴങ്ങേണ്ടെന്നും ഹരികുമാറിനെതിരെ ശക്തമായ നടപടിയെടുക്കാനുമാണ് സർക്കാർ തലത്തിൽ നിന്നും പൊലീസ് ഉദ്യോഗസ്ഥർക്ക് ലഭിച്ചിരിക്കുന്ന നിർദ്ദേശം.

എന്നാൽ, ഡിവൈ.എസ്‌പി ഹരികുമാറിനെ രക്ഷിക്കാൻ പൊലീസ് ഒളിച്ചുകളിക്കുന്നവെന്നും ആരോപണമുണ്. സംഭവമുണ്ടായി മൂന്നുദിവസം പിന്നിട്ടിട്ടും കൊലപാതകക്കേസിൽ പ്രതിയായ പൊലീസുദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറാകാത്തതാണ് സംശയങ്ങൾ ബലപ്പെടുത്തുന്നത്. സിസി ടിവി കാമറയിലെ ദൃശ്യങ്ങൾ പരിശോധിക്കാനും തെളിവെടുക്കാനുമുള്ള ജോലികളെല്ലാം അവശേഷിക്കെയാണ് കേസ് ഇന്നലെ ക്രൈംബ്രാഞ്ചിന് കൈമാറി ഡി.ജി.പിയുടെ ഉത്തരവുണ്ടായത്. ഇതോടെ കേസ് ഫയലുകൾ എ.എസ്‌പി ഇന്ന് റൂറൽ എസ്‌പി അശോക് കുമാർ മുഖേന ക്രൈംബ്രാഞ്ച് എ.ഡിജിപി ഷേയ്ഖ് ദർവേഷ് സാഹിബിന് കൈമാറും. സംഭവത്തിൽ ഒളിവിൽ കഴിയുന്ന ഡിവൈ.എസ്‌പിയ്‌ക്കെതിരെ വിമാനത്താവളത്തിലും സീ പോർട്ടുകളിലും ലുക്ക് ഔട്ട് നോട്ടീസ് പ്രസിദ്ധപ്പെടുത്തിയെന്ന് അവകാശപ്പെടുന്ന പൊലീസ് പാസ്പോർട്ട് കണ്ടുകെട്ടാനോ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനോ ഒന്നും ചെയ്തിട്ടില്ല.

ഹരികുമാറിന് രക്ഷപ്പെടാൻ അവസരമൊരുക്കിയ സുഹൃത്ത് ബിനുവിനെ കണ്ടെത്താനോ ഇയാൾക്ക് നഗരത്തിൽ അഭയമൊരുക്കിയ സംഘടനാ നേതാവിനെ ചോദ്യം ചെയ്യാനോ പൊലീസ് തയ്യാറായിട്ടില്ല. തലസ്ഥാനത്തെ പ്രമുഖ ഭരണകക്ഷി നേതാവിന്റെ സംരക്ഷണയിലാണ് ഹരികുമാറെന്നാണ് സൂചന.സനൽകുമാറിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നശേഷം ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് ശ്രമം നടത്തിയശേഷം കീഴടങ്ങിയാൽ മതിയെന്ന ചില നിയമ വിദഗ്ദ്ധരുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഹരികുമാർ പൊലീസിന് പിടികൊടുക്കാനോ കീഴടങ്ങാനോ തയ്യാറാകാതെ കഴിയുന്നതെന്നും പറയപ്പെടുന്നു.