- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലാവരും അടിച്ചുപൊളിക്കുമ്പോഴും പാവം പൊലീസുകാർ മാത്രം കണ്ണിമ ചിമ്മാതെ കാവൽ നിൽക്കണം; കണ്ണിൽ ചോരയില്ലാത്ത ഉത്തരവുകൾ മറക്കാം; പൊലീസുകാർക്ക് ജന്മദിനത്തിലും വിവാഹവാർഷികവേളയിലും ഇനി അവധിയെടുക്കാം; കണ്ണൂർ റെയ്ഞ്ച് ഡി. ഐ.ജിയുടെ സർക്കുലർ വലിയൊരാശ്വാസം
കണ്ണൂർ: പൊതുസമൂഹം വിശേഷദിവസങ്ങളായി കൊണ്ടാടുന്ന ദിവസങ്ങൾ തെരുവിൽ കണ്ണിമ ചിമ്മാതെ ഊണും ഉറക്കവുമൊഴിച്ച് കാവൽ നിൽക്കുന്നവരാണ് പൊലിസുകാർ. കുടുംബങ്ങളിൽ നടക്കുന്ന കൂട്ടുചേരലുകളിലോ ബന്ധുക്കളുടെ വിവാഹങ്ങളിലോ എന്തിനധികം സ്വന്തം ജന്മദിനത്തിൽ പോലും ആഘോഷിക്കാനോ വിശ്രമിക്കാനോ ഉള്ള അവസരം അവർക്ക് ലഭിക്കാറില്ല.
കണ്ണൂർ പോലുള്ള സെൻസെറ്റീവായ ജില്ലയിൽ ജോലി ചെയ്യുകയെന്നത് ഓരോ പൊലീസുകാരനെ സംബന്ധിച്ചിടത്തോളം കടുകട്ടിയായ കാര്യമാണ്. സേനയിൽ അംഗങ്ങൾ കുറവായതു കാരണം രാഷ്ട്രീയ സംഘർഷവേളകളിൽ 48 മണിക്കൂർ വരെ ജോലി ചെയ്യേണ്ടി വരുന്ന പൊലീസുകാരുണ്ട്. ഇതു പലരെയും കടുത്ത മാനസിക പിരിമുറുക്കത്തിലേക്കും അനാരോഗ്യത്തിലേക്കും നയിക്കുന്നു.
ജോലിസമ്മർദ്ദം താങ്ങാനാവാതെ ആത്മഹത്യ ചെയ്ത പൊലീസുകാർ സേനയിലുണ്ട്. എന്നാൽ ഇത്തരം കാര്യങ്ങൾ പൊലീസ് പരിഷ്‌കരണങ്ങൾ വരുമ്പോൾ ആഴത്തിലുള്ള വിശകലനത്തിന് വിധേയമാകാറില്ല. ഭരണകൂടത്തിന്റെ മർദ്ദനോപാധിയെന്നു പൊലീസിനെ വിശേഷിക്കുമ്പോഴും അവർ മനുഷ്യരാണെന്നു ഓർക്കാതെ കഠിനമായ ജോലിഭാരം വേച്ചുപോകുന്നവർക്ക് മേൽ വച്ചുകെട്ടുകയാണ് സർക്കാർ.
കാർക്കശ്യത്തിന്റെ സ്വരം മാത്രം മേലുദ്യോഗസ്ഥരിൽ നിന്നും കേൾക്കുന്ന പൊലീസുകാരോട് മനുഷ്യത്വപരമായി പെരുമാറണമെന്ന് താൻ പുറത്തിറക്കിയ ഉത്തരവിലൂടെ പറയുകയാണ് കണ്ണൂർ റെയ്ഞ്ച് ഐ.ജി രാഹുൽ ആർ. നായർ. പൊലീസുകാരുടെ വിവാഹവാർഷികം, സേനാംഗങ്ങളുടെ വിവാഹവാർഷികം, സ്വന്തമോ, മക്കളുടെയോ, ഭാര്യയുടെയോ ജന്മദിനം, കുടുംബത്തിൽ നടക്കുന്ന വിവാഹം, ഗൃഹപ്രവേശനം പോലുള്ള ചടങ്ങുകളിൽ അവർക്കു പങ്കെടുക്കാൻ ഒഴിച്ചുകൂടാൻ പറ്റാത്ത ക്രമസമാധാനപാലന കർത്തവ്യമില്ലെങ്കിൽ അവർക്ക് അവധി അനുവദിക്കണമെന്നാണ് ഐ.ജിയുടെ നിർദ്ദേശം.
ഓരോ സ്റ്റേഷനിലെയും പൊലീസുകാരുടെയും ഇത്തരം വിശേഷ ദിവസങ്ങളുടെ ഒരു രജിസ്റ്റർ അതത് സ്റ്റേഷൻ ചുമതലയുള്ള സ്റ്റേഷൻ ഹൗസ് ഓഫീസർമാർ തയ്യാറാക്കണം. ഇതുകൂടാതെ മികച്ചസേവനം നടത്തുന്ന ഉദ്യോഗസ്ഥരെ അതതു സമയത്തു തന്നെ താമസം കൂടാതെ രേഖാമൂലം അഭിനന്ദിക്കണമെന്നും ഇവർക്ക് ഉചിതമായ പ്രതിഫലം നൽകണമെന്നും നിർദ്ദേശമുണ്ട്. പൊലീസുകാർക്കോ ബന്ധുക്കൾക്കോ വൈദ്യസഹായം വേണമെങ്കിൽ മേലുദ്യോഗസ്ഥർ വേണ്ട സഹായങ്ങൾ ഉടൻ ചെയ്യേണ്ടതാണ്.
അർഹിക്കുന്ന പരിഗണന നൽകേണ്ട സഹായഭ്യർത്ഥനകൾ പൊലിസ് വെൽഫെയർ ബ്യൂറോ, പി. എച്ച്. ക്യൂ തിരുവനന്തപുരത്തേക്ക് കാലതാമസം കൂടാതെ അയച്ചു നൽകേണ്ടതാണ്. വെൽഫെയർ ഫണ്ടിന്റെ പരിധികഴിഞ്ഞുള്ള അപേക്ഷകളുണ്ടെങ്കിൽ കോഡ്രീകരിച്ചു ജില്ലാ പൊലീസ് മേധാവിക്ക്സമർപ്പിക്കണം. ഫെബ്രുവരി രണ്ടുമുതൽ കണ്ണൂർ റെയ്ഞ്ചിൽ ഇതു പ്രാബല്യത്തിൽ വരുമെന്നും ഈ സർക്കുലറിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് മാർച്ച് ഒന്നിന് രാവിലെ പതിനൊന്നുമണിക്ക് അവലോകന യോഗം ചേരുമെന്നും കണ്ണൂർ റെയ്ഞ്ച് ഡി. ഐ.ജി രാഹുൽ ആർ. നായർ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്