- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്ലബ് ഹൗസിൽ തീവ്രസ്വഭാവമുള്ള ഗ്രൂപ്പുകളുടെ സാന്നിധ്യം കണ്ടെത്തി; ലൈംഗിക അധിക്ഷേപ ചാറ്റുകളും സജീവം; മതസ്പർധ വളർത്തുന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന വിധത്തിലുള്ള ഗ്രൂപ്പുകളും; പൊലീസ് നിരീക്ഷണം ശക്തമാക്കി; അഡ്മിന്മാർക്കെതിരെ നടപടി വരും
തിരുവനന്തപുരം: സാമൂഹ്യ മാധ്യമമായ ക്ലബ് ഹൗസ് പൊലീസ് നിരീക്ഷണത്തിൽ. തീവ്രസ്വഭാവമുള്ള ഗ്രൂപ്പുകളുടെ സാന്നിധ്യം കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കി. ലൈംഗിക ചാറ്റും അധിക്ഷേപങ്ങളും നടത്തുന്ന റൂമുകളും ക്ലബ് ഹൗസിൽ സജീവമാണ്. അഡ്‌മിന്മാരെ കണ്ടെത്തി നടപടി സ്വീകരിക്കാൻ സൈബർ സെൽ നിരീക്ഷണം ആരംഭിച്ചു.
പാലാ ബിഷപ്പിന്റെ നർക്കോട്ടിക് ജിഹാദ് പരാമർശത്തിന് പിന്നാലെ, സാമൂഹ്യ മാധ്യമങ്ങളിൽ കഴിഞ്ഞ ഒരാഴ്ചയായി പൊലീസ് ശക്തമായ നിരീക്ഷണം നടത്തുന്നുണ്ട്. മതസ്പർധ വളർത്തുന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവരെ പിടികൂടാനിയിരുന്നു നിരീക്ഷണം. ഇതിന്റെ ഭാഗമായാണ് ക്ലബ് ഹൗസ് ചാറ്റ് റൂമുകളിലും പൊലീസ് നിരീക്ഷണം നടത്തിയത്. തീവ്രവാദ സംഘടനകളെ പിന്തുണയ്ക്കുന്ന ചർച്ചകൾ നടത്തുന്ന ഗ്രൂപ്പുകൾ പൊലീസ് കണ്ടെത്തി. സ്ത്രീകൾക്ക് എതിരെ ലൈംഗിക അധിക്ഷേപങ്ങൾ നടത്തുന്ന ഗ്രൂപ്പുകളും കണ്ടെത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ നടപടികളിലേക്ക് നീങ്ങുമെന്ന് പൊലീസ് വ്യക്തമാക്കി.
അർധരാത്രികളിൽ് സഭ്യതയുടെ എല്ലാ അതിരും ലംഘിക്കുന്ന 'റെഡ് റൂമുകൾ' സജീവമാകുന്നതായും നേരത്തെ വിവരം പുറത്തുവന്നിരുന്നു. ഇതിനെ തുടർന്ന് ക്ലബ് ഹൗസിൽ നിരീക്ഷണം ശക്തമാക്കുവാൻ ഒരുങ്ങുകയാണ് പൊലീസ്. ഇത്തരം റൂമുകൾ 'ഹണി ട്രാപ്പ്' പോലുള്ള കുറ്റകൃത്യങ്ങളിലേക്ക് നീങ്ങിയേക്കാം എന്നാണ് പൊലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
മലയാളികൾ അടക്കം ഇത്തരം റൂമുകൾ നടത്തുന്നുണ്ട്. നേരത്തെ ഹിന്ദി തമിഴ് ഭാഷകളിലുള്ള 'റെഡ് റൂമുകൾ' സജീവമായി തന്നെ ക്ലബ് ഹൗസിൽ ഉണ്ടെന്നാണ് റിപ്പോർട്ട്. ഇതിന്റെ തുടർച്ച എന്ന നിലയിലാണ് ഇത്തരം റൂമുകൾ മലയാളത്തിലും വന്നത്. ഇത്തരത്തിൽ റൂമുകൾ നടത്തുന്ന മോഡറേറ്റർമാരെ പൊലീസ് നിരീക്ഷിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇവരുടെ വിവരങ്ങൾ ശേഖരിക്കുകയാണ്. ഇതിനൊപ്പം തന്നെ ഇത്തരം റൂമുകളിലെ സ്ഥിരം കേൾവിക്കാരെയും പൊലീസ് ചോദ്യം ചെയ്തേക്കും.
അർധരാത്രിയോടെയാണ് ഇത്തരം ഗ്രൂപ്പുകൾ സജീവമാകുന്നത് എന്നാണ് കണ്ടെത്തൽ. സ്ത്രീ, പുരുഷഭേദം ഇല്ലാതെ ഇത്തരം റൂമുകൾ സംഘടിപ്പിക്കപ്പെടുന്നുണ്ട്. അശ്ലീല സംസാരങ്ങളും, ചോദ്യത്തോരങ്ങളുമായി തുറന്ന സംസാരം എന്നാണ് ഇത്തരം റൂമുകളുടെ രീതി. കേൾവിക്കാരായി ആയിരത്തിന് മുകളിൽ ആളുകളെ ഇത്തരം റൂമുകൾ ആകർഷിക്കുന്നുവെന്നാണ് റിപ്പോർട്ട്. 18 ന് മുകളിൽ എന്ന ലേബലുമായി എത്തുന്ന ഗ്രൂപ്പുകളിൽ പലപ്പോഴും കൗമരക്കാരാണ് കൂടുതൽ എന്നാണ് റിപ്പോർട്ട്.
രാത്രി 11 മുതലാണ് ഇത്തരം റൂമുകൾ സജീവമാവുന്നത്. മലയാളത്തിലുള്ള റൂമുകളും ഏറെയാണ്. സ്പീക്കർ പാനലിൽ സ്ത്രീകളും പുരുഷന്മാരും ധാരാളം ഉണ്ടാവും. ഓഡിയൻസ് പാനലിലുള്ളവരേയും ചേർത്താൽ ഓരോ റൂമിലും 500-നും ആയിരത്തിനും ഇടയ്ക്ക് ആൾക്കാരാണ് ഇതൊക്കെ കേട്ടുകൊണ്ടിരിക്കുന്നത്. ഇതിൽ മിക്കവരുടേയും പ്രൊഫൈൽ ഫോട്ടോയോ പേരോ യഥാർഥത്തിലുള്ളതാവില്ല. ലൈംഗികച്ചുവയുള്ള തലക്കെട്ട് കൊടുത്തായിരിക്കും റൂമുകൾ തുടങ്ങുന്നത്.
മറ്റ് സാമൂഹികമാധ്യമങ്ങളേക്കാൾ ആർക്കും കേൾക്കാവുന്ന പൊതുചർച്ചകളാണ് ക്ലബ്ബ്ഹൗസിന്റെ പ്രത്യേകത. ലൈംഗിക സംഭാഷണങ്ങൾ അവതരിപ്പിക്കുന്നതിൽ സ്ത്രീ-പുരുഷ വ്യത്യാസമില്ലാത്ത സ്ഥിതിയാണ് കണ്ടുവരുന്നത്. മികച്ച അശ്ലീല വർത്തമാനം പറയുന്നതിൽ മത്സരങ്ങൾ വരെ നടക്കുന്നുണ്ട്. ആർക്കും കയറാമെന്ന സാഹചര്യം ഉള്ളതാണ് ഇതിലെ അപകടം. അശ്ലീല റൂമുകളിൽ ഏറെയും കൗമാരക്കാരാണെന്നാണ് സൈബർ പൊലീസ് പറയുന്നത്.
മറുനാടന് മലയാളി ബ്യൂറോ