- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊല്ലത്ത് ഭർതൃഗൃഹത്തിലെ പീഡനത്താൽ ജീവനൊടുക്കിയ യുവതിയുടെ കുടുംബത്തിന് പെറ്റി; പരാതി പറയാനും, ചിതാഭസ്മം നിമഞ്ജനം ചെയ്യാനുമുള്ള യാത്രയ്ക്കിടെയും പിഴ; കല്ലട പൊലീസിന്റേത് പ്രതികാര നടപടിയെന്നും ആക്ഷേപം
കൊല്ലം: പൊലീസ് പെറ്റിയടപ്പിക്കലിന് എതിരെ വിമർശനം കടുക്കുമ്പോൾ കൊല്ലത്തു നിന്നും വിമർശനം. കൊല്ലത്ത് ഭർത്തൃഗൃഹത്തിലെ പീഡനത്തെ തുടർന്ന് കല്ലടയാറ്റിൽ ജീവനൊടുക്കിയ യുവതിയുടെ കുടുംബത്തിന് കഴിഞ്ഞ ദിവസങ്ങളിൽ പൊലീസ് പെറ്റിയടിച്ചത് രണ്ട് തവണയാണ്. ചിതാഭസ്മം നിമജ്ജനം ചെയ്യാൻ പോയപ്പോഴും പീഡന കേസിൽ ഡിവൈഎസ്‌പി ഓഫീസിൽ പരാതി പറയാൻ പോയപ്പോഴുമാണ് പൊലീസ് നിസാരകാര്യങ്ങൾ പറഞ്ഞ് പിഴ ചുമത്തിയത്. സംഭവത്തിൽ യുവതിയുടെ വീട്ടുകാർ പരാതിയുമായി രംഗത്തുവന്നു.
22 കാരി രേവതി കൃഷ്ണ കടപുഴ പാലത്തിൽ നിന്ന് ചാടി മരിച്ചെന്ന പരാതിയിൽ ഒരു അന്വേഷണ പുരോഗതിയും ഇല്ലെന്ന് യുവതിയുടെ ബന്ധുക്കൾ പരാതിയുമായി രംഗത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് വീട്ടുകാർക്ക് രണ്ടു തവണ പൊലീസ് പെറ്റി ചുമത്തിയതും. ഇതാണ് വിവാദങ്ങൾക്ക് ഇടയാക്കുന്നത്.
കിഴക്കേ കല്ലട പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായത് പ്രതികാര നടപടിയാണെന്നും ആക്ഷേപമുണ്ട്. ഭർതൃഗൃഹത്തിലെ പീഡനത്തെ തുടർന്ന് കിഴക്കേ കല്ലട പൊലീസ് ഇതുവരെ നടത്തിയ അന്വേഷണം തൃപ്തികമല്ലെന്ന് കുടുംബം നിലപാട് എടുത്തിരുന്നു. വിഷയത്തിൽ ഡിവൈഎസ്‌പിക്ക് നേരിട്ട് പരാതി നൽകാൻ കുടുംബാംഗങ്ങൾ പോകുമ്പോൾ ആയിരുന്നു ആദ്യത്തെ പെറ്റി. ഡ്രൈവർക്കൊപ്പം മുന്നിലുണ്ടായിരുന്ന ആൾ സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് ആയിരുന്നു പിഴ. യുവതി ചാടി മരിച്ച പാലത്തിൽ വച്ചു തന്നെയാണ് പെറ്റി എഴുതി നൽകിയതെന്നും ബന്ധുക്കൾ പറഞ്ഞു.
വാഹനത്തിൽ ആളുകളുടെ എണ്ണം കൂടിയെന്ന് പറഞ്ഞാണ് രണ്ടാമത്തെ പിഴ ചുമത്തിയത്. യുവതിയുടെ ചിതാഭസ്മവുമായി പോകുമ്പോഴായിരുന്നു കിഴക്കേ കല്ലട പൊലീസിന്റെ തന്നെ രണ്ടാമത്തെ പെറ്റിയെന്നും ബന്ധുക്കൾ ചൂണ്ടിക്കാട്ടി. ജൂലായ് 29 നായിരുന്നു കിഴക്കേകല്ലട നിലമേൽ ബൈജു ഭവനിൽ സൈജുവിന്റെ ഭാര്യ രേവതി കടപുഴ പാലത്തിൽ നിന്ന് കല്ലടയാറ്റിലേക്ക് ചാടിയത്. റോഡരുകിൽ മുട്ട വിൽപ്പന നടത്തുന്ന സ്ത്രീകളാണ് രേവതി പാലത്തിൽ നിന്ന് താഴേക്ക് ചാടിയത് കണ്ടത്. ഒരു പെൺകുട്ടി താഴേക്ക് ചാടിയെന്ന ഇവരുടെ നിലവിളികൾ കേട്ടാണ് പൊലീസ് സംഘം ഓടിയെത്തി യുവതിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചിരുന്നു.
പൊലീസ് വള്ളവുമായി ആറ്റിലിറങ്ങി തിരച്ചിൽ നടത്തിയാണ് ആഴമുള്ള ഭാഗത്ത് നിന്ന് ശരീരം കണ്ടെത്തിയത്. ഉടൻ തന്നെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. യുവതിയുടെ മരണത്തിന് പിന്നാലെ സ്ത്രീധനത്തെച്ചൊല്ലി തുടർച്ചയായി ഭർതൃപിതാവും മാതാവും യുവതിയെ മാനസികമായി പീഡിപ്പിച്ചെന്നു കാട്ടിയാണ് നേരത്തെ ബന്ധുക്കൾ പരാതി നൽകിയിരുന്നത്. അന്വേഷണ പുരോഗതിയില്ലെന്ന് ആരോപിച്ച് വിവിധ രാഷ്ട്രീയ കക്ഷികളും രംഗത്തെത്തിയിരുന്നു.