- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫാഷൻ ഗോൾഡ് തട്ടിപ്പിൽ എം സി കമറുദ്ദീൻ എംഎൽഎക്ക് കുരുക്കു മുറുകി; പ്രത്യേക അന്വേഷണ സംഘം എംഎൽഎയെ ചോദ്യം ചെയ്യുന്നു; അറസ്റ്റു ചെയ്യുമെന്ന ഭയത്തിൽ ലീഗ് നേതൃത്വം; തട്ടിപ്പിൽ എംഎൽഎക്കെതിരെ ഇതുവരെ രജിസ്റ്റർ ചെയ്തത് 115 കേസുകൾ; തള്ളിപ്പറഞ്ഞു മുഖം രക്ഷിക്കാൻ യുഡിഎഫ്
കാസർകോട്: ഫാഷൻ ഗോൾഡ് ജുവല്ലറിയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പു് കേസിൽ പ്രതിയായ മഞ്ചേശ്വരം എംഎൽഎ എം.സി കമറുദ്ദീനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. കാസർകോട് എസ്പി ഓഫീസിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. ഫാഷൻ ഗോൾഡ് ചെയർമാനാണ് കമറുദ്ദീൻ. ഇതുവരെ 115 കേസുകളാണ് ഫാഷൻ ഗോൾഡുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുള്ളത്. എ.എസ്. പി വിവേക് കുമാറിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. എംഎൽഎയെ അറസ്റ്റു ചെയ്യുമോ എന്ന ഭയത്തിലാണ് ലീഗ് നേതൃത്വം.
മുൻപ് കേസിൽ നിക്ഷേപകരുടെ പണം തിരികെ നൽകാൻ മുസ്ലിംലീഗ് യോഗം ചേർന്ന് തീരുമാനമായിരുന്നു. കല്ലട മാഹീൻഹാജിയെ ഇതിന് മദ്ധ്യസ്ഥനായും തീരുമാനിച്ചിരുന്നു. എന്നാൽ നിക്ഷേപമെല്ലാം കമറുദ്ദീൻ ചിലവഴിക്കുകയും അതുപയോഗിച്ച് ഭൂമി വാങ്ങുകയും ആ വസ്തു മറിച്ചുവിറ്റതായും കണ്ടെത്തി. കമറുദ്ദീന്റെ കേസ് വഞ്ചനയല്ലെന്ന് അതുവരെ പറഞ്ഞിരുന്ന യുഡിഎഫ് തുടർന്ന് കമറുദ്ദീനെ തള്ളിപ്പറഞ്ഞിരുന്നു.
ഒരു പൊതുപ്രവർത്തകന് വേണ്ട ജാഗ്രത ഇടപാടിൽ കമറുദ്ദീൻ പുലർത്തിയിരുന്നില്ല എന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. കമറുദ്ദീനെ സംരക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.മദ്ധ്യസ്ഥനായിരുന്ന കല്ലട മാഹീൻഹാജിയെയും ജൂവലറി എം.ഡി പൂക്കോയ തങ്ങളെയും അന്വേഷണ സംഘം മുൻപ് ചോദ്യം ചെയ്തിരുന്നു. മാഹീൻ ഹാജിയെ മൂന്ന് മണിക്കൂറും പൂക്കോയ തങ്ങളെ ഒൻപത് മണിക്കൂറോളവുമാണ് ചോദ്യം ചെയ്തത്. ഇവർ നൽകിയ മൊഴിയിലെ വൈരുദ്ധ്യം അന്വേഷണ സംഘം പരിശോധിക്കുമെന്നാണ് വിവരം.
അതേസമയം ഫാഷൻഗോൾഡ് ജുവല്ലറി തട്ടിപ്പ് യുഡിഎഫിനെ പ്രതിരോധത്തിലാക്കുമെന്ന് കണ്ട് പാണക്കാട് അടിയന്തിര യോഗം ചേരുന്നുണ്ട്.മുസ്ലിം ലീഗ് കാസർകോട് ജില്ല പ്രസിഡന്റ് ടി ഇ അബ്ദുല്ല, സെക്രട്ടറി എ അബ്ദുൾറഹ്മാൻ, ട്രഷറർ കല്ലട്ര മാഹിൻഹാജി, എൻ എ നെല്ലിക്കുന്ന് എംഎൽഎ തുടങ്ങിയവരോടാണ് ഇന്ന് പാണക്കാടെത്താൻ നിർദ്ദേശിച്ചിരിക്കുന്നത്.
ജില്ല നേതാക്കൾ പങ്കെടുക്കുന്ന യോഗത്തിൽ എംസി ഖമറുദ്ദീൻ രാജിവെക്കുന്നതടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യുമെന്നാണ് സൂചന. നേരത്തെ കോഴിക്കോട് നടന്ന മുസ്ലിം ലീഗ് പ്രവർത്തക സമിതിയിലും കാസർകോട് ഡിസിസി ഓഫീസിൽ നടന്ന ജില്ല യുഡിഎഫ് നേതൃയോഗത്തിലും ഖമറുദ്ദീന്റെ രാജ്യ ആവശ്യം ഉയർന്നിരുന്നു. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുന്നതിന് വേണ്ടിയാണ് നാളെ യോഗം ചേരുന്നത് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പ് അടുത്തെത്തിയ സാഹചര്യത്തിൽ ഇനിയും ഖമറുദ്ദീനെ സംരക്ഷിച്ച് പാർട്ടി പ്രതിരോധത്തിലാകേണ്ടതില്ല എന്നാണ് മുസ്ലിം ലീഗ് പ്രവർത്തക സമിതിയിലും യുഡിഎഫ് ജില്ല യോഗത്തിലും ഉയർന്നിട്ടുള്ള അഭിപ്രായം.
അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് അന്വേഷണ സംഘം നീങ്ങുന്നതിന് മുമ്പ് തന്നെ എംഎൽഎ സ്ഥാനം രാജിവെക്കണമെന്നാണ് പാർട്ടിയിലെയും മു്ന്നണിയിലെയും ഭൂരിപക്ഷം അഭിപ്രായം. കബളിപ്പിക്കപ്പെട്ടവരിൽ ഭൂരിഭാഗവും ലീഗ് അണികളാണെന്നത് നേതൃത്വത്തെ അലട്ടുന്നുണ്ട്. എന്നാൽ ബാധ്യതകൾ പാർട്ടി ഏറ്റെടുക്കില്ലെന്നും ഖമറുദ്ദീനും പൂക്കോയ തങ്ങളും വ്യക്തിപരമായി ഏറ്റെടുക്കണമെന്നുമാണ് തീരുമാനം. ഇക്കാര്യം മുസ്ലിം ലഗ് സംസ്ഥാന ജനറൽസെക്രട്ടറി കെപിഎ മജീദ് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഫാഷൻഗോൾഡിന്റെയും ഖമറുദ്ദീന്റെയും ആസ്തികൾ വിറ്റാൽപോലും ബാധ്യതകൾ തീർക്കാനാകില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് പാർട്ടി ബാധ്യതകൽ ഏറ്റെടുക്കില്ലെന്ന നിലപാടിലേക്ക് എത്തിയത്.
മറുനാടന് മലയാളി ബ്യൂറോ