കൊച്ചി: കൊച്ചിയിൽ നടി ആക്രമണത്തിനിരയായ കേസിലെ അന്വേഷണം വീണ്ടും വ്യാപിപ്പിക്കുന്നു. ദിലീപും നാദിർഷായുമായി ബന്ധമുള്ളവരിലേക്കാണ് പൊലീസ് അന്വേഷണ നീളുന്നത്. ഇതിനിടെ കേസിലെ മുഖ്യപ്രതി പൾസർ സുനിയുമായി ധർമ്മജന് അടുത്ത ബന്ധമുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരുത്താൻ വേണ്ടി പൊലീസ് ശ്രമം തുടങ്ങി. ഇരുവരും ഒരുമിച്ചിരിക്കുന്ന ചിത്രം പുറത്തുവന്നിട്ടുണ്ട്. ദ്വീർഘകാലം സുഹൃത്തുക്കളായിരുന്നവരെ പോലെ കെട്ടിപ്പിടിച്ചാണ് ഇരുവരും ഫോട്ടോക്ക് പോസ് ചെയ്തിരിക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള ആധികാരികത പുറത്തുവന്നിട്ടില്ല. ഇതേക്കുറിച്ച് അന്വേഷിക്കാനാണ് പൊലീസ് ധർമ്മജനെ വിളിച്ചുവരുത്തിയത്.

ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് ധർമ്മജൻ ആലുവയിലെ പൊലീസ് ക്ലബിലെത്തിയത്. ദിലിപീന്റെ സഹോദരൻ അനൂപ് എത്തിയതിന് തൊട്ടുപിന്നാലെയായിരുന്നു ധർമ്മജൻ എത്തിയത്. പൊലീസ് ക്ലബിന്റെ പ്രധാന ഗെയിറ്റിന് സമീപം ധർമ്മജൻ അൽപ സമയം ശങ്കിച്ച് നിന്നിരുന്നു. ഈ സമയം അവിടെയെത്തിയ മാധ്യമപ്രവർത്തകരിലൊരാൾ ധർമ്മജനോട് അവിടെയെത്തിയതിന്റെ കാരണം ചോദിച്ചു. അതിന് മറുപടിയായി 'അറിയില്ല മച്ചാനേ, ഡിവൈഎസ്‌പി പറഞ്ഞിട്ടാണ് താൻ വന്നതെന്നായിരുന്നു ധർമ്മജൻ പറഞ്ഞത്. തുടർന്ന് ഗെയിറ്റ് തുറന്ന് ധർമ്മജൻ അകത്തുപ്രവേശിച്ചു. അകത്തുകണ്ട ഒരാളോട് ചോദിച്ച ശേഷം ധർമ്മജൻ അകത്തുകയറി. രണ്ട് മണിക്കൂറത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് ധർമ്മജൻ പുറത്തേക്ക് വന്നത്.

അതേസമയം, പൾസർ സുനിയുമായി തനിക്ക് യാതൊരു പരിചയവുമില്ലെന്നാണ് ധർമ്മജൻ പറഞ്ഞത്. മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കാണ് ധർമ്മജൻ ഇങ്ങനെ മറുപടി പറഞ്ഞത്. താനൊരു സിനിമാ നടനാണെന്നും പലരുമായി ഫോട്ടോ എടുത്തിട്ടുണ്ടെന്നും ധർമ്മജൻ പറഞ്ഞു. ഫോട്ടോയെക്കുറിച്ച് ചോദിക്കാനാണ് പൊലീസ് വിളിപ്പിച്ചതെന്നും ധർമ്മജൻ വ്യക്തമാക്കി. ദിലീപിനെയും നാദിർഷയെയും കുറിച്ച് എന്തെങ്കിലും ചോദിച്ചോ എന്ന ചോദ്യത്തിന് മറുപടി വ്യക്തമാക്കാതിരുന്ന നടൻ, പൊലീസ് തന്നെ ചില ഫോട്ടോകൾ കാണിച്ച് അതെക്കുറിച്ച് ചോദിച്ചതായി പറഞ്ഞു.

സുനി താൻ അഭിനയിച്ച സെറ്റുകളിലെത്തിയിട്ടുണ്ടോ എന്നു പൊലീസ് ചോദിച്ചതായും ധർമജൻ പറഞ്ഞു. എന്നാൽ മറ്റു വിശദാംശങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല. ദിലീപിന്റെ സഹോദരൻ ആനൂപിന്റെ മൊഴിയെടുപ്പ് തുടരുകയാണ്. അതിനിടെ നാദിർഷയെയും ദിലീപിനെയും വീണ്ടും ചോദ്യം ചെയ്യുന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്. ഇരുവരെയും ഇന്നു തന്നെ ചോദ്യം ചെയ്യുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും കൂടുതൽ തെളിവുകൾക്കായി പൊലീസ് കാത്തിരിക്കുകയാണെന്നാണ് സൂചന.

നേരത്തേ ദിലീപ് ചിത്രം ജോർജേട്ടൻസ് പൂരത്തിന്റെ സെറ്റിൽ പൾസർ സുനി എത്തിയതിന്റെ ചിത്രം വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. ദിലീപിനൊപ്പം ഒരാൾ സെൽഫിയെടുത്തതിന്റെ പിന്നിലായി പൾസർ സുനി നിൽക്കുന്ന ചിത്രമാണ് പുറത്തുവന്നത്. കേസന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ തന്നെയായിരുന്നു ചിത്രം പുറത്തുവിട്ടത്. പൾസർ സുനിയെ തനിക്കറിയില്ലെന്ന ദിലീപിന്റെ വാദമാണ് അന്ന് പൊളിഞ്ഞത്.