കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി കാവ്യ മാധവന്റെ മാതാപിതാക്കളുടെ മൊഴിയെടുത്തു. അച്ഛൻ മാധവൻ, അമ്മ ശ്യാമള, ദിലീപിന്റെ സഹോദരി സബിത എന്നിവരുടെ മൊഴിയാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്. നോട്ടീസ് നൽകിയ ശേഷം ആലുവയിലെ പത്മസരോവരം വീട്ടിൽ വച്ചായിരുന്നു ഡിവൈ.എസ്‌പി. ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘം മൊഴിയെടുത്തത്. കേസിലെ തുടരന്വേഷണത്തിന് കൂടുതൽ സമയം അനുവദിച്ച പശ്ചാത്തലത്തിലാണ് പൊലീസ് വിശദമായി അന്വേഷണവുമായി മുന്നോട്ടു പോകുന്നത്.

കാവ്യ മാധവൻ ഉപയോഗിച്ച ഒരു നമ്പറുമായി ബന്ധപ്പെട്ടാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്. സംവിധായകൻ ബാലചന്ദ്രകുമാറിനെ സ്ഥിരമായി വിളിച്ചതായി കണ്ടെത്തിയ നമ്പർ താൻ ഉപയോഗിച്ചിരുന്നതല്ലെന്ന കാവ്യാ മാധവന്റെ വാദം നുണയാണെന്ന് ക്രൈംബ്രാഞ്ച് നേരത്തേ ഹൈക്കോടതിയെ അറിയിച്ചിരുന്നു. തുടരന്വേഷണത്തിന് സമയം നീട്ടി നൽകണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ അപേക്ഷയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

മൊബൈൽ സേവന ദാതാക്കളിൽനിന്നു ലഭിച്ച വിവരങ്ങൾ അനുസരിച്ച് കാവ്യയുടെ അമ്മയുടെ പേരിലാണ് സിം കാർഡ് എടുത്തതെന്ന് കണ്ടെത്തിയിരുന്നു. ഈ കാര്യങ്ങളിൽ വിശദീകരണം തേടാനാണ് ഇവരുടെ മൊഴിയെടുത്തത്. ഈ നമ്പർ താൻ ഉപയോഗിച്ചതല്ലെന്നാണ് മുമ്പ് കാവ്യ ചോദ്യം ചെയ്യലിൽ പറഞ്ഞത്. എന്നാൽ, ദിലീപുമായുള്ള വിവാഹത്തിനു മുമ്പ് ഈ നമ്പർ ഉപയോഗിച്ചാണ് കാവ്യ ദിലീപിനെ വിളിച്ചിരുന്നതെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തൽ.

കാവ്യാ മാധവന് കേസിൽ പങ്കുള്ളതായി ടി.എൻ. സുരാജ് ദിലീപിന്റെ സുഹൃത്ത് ശരത് ജി. നായരുമായി സംസാരിക്കുന്ന ശബ്ദരേഖയും പുറത്തുവന്നിരുന്നു. ഇത് പറയാൻ ഇടയായ സാഹചര്യം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് സബിതയെ ചോദ്യം ചെയ്തത്. സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ പല വെളിപ്പെടുത്തലുകളിലും ചില ശബ്ദരേഖകളിലും കാവ്യയെക്കുറിച്ച് പരാമർശമുണ്ടായിരുന്നു.

നടിയ ആക്രമിച്ച കേസ് നടക്കുന്ന സമയത്ത് കാവ്യക്ക് പനമ്പിള്ളി നഗറിൽ സ്വകാര്യബാങ്കിൽ അക്കൗണ്ടും ലോക്കറും ഉണ്ടായിരുന്നു. അച്ഛൻ മാധവന്റെ സഹായത്തോടെയാണ് കാവ്യ ബാങ്ക് ഇടപാടുകൾ നടത്തിയിരുന്നത് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ കണ്ട് മൊഴിയെടുത്തത്.

അതേസമം നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ സംവിധായകൻ ബാലചന്ദ്ര കുമാർ ഹാജരാക്കിയ പെൻഡ്രൈവിന്റെ ഫൊറൻസിക് പരിശോധനാ ഫലം പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. ബാലചന്ദ്ര കുമാർ ഹാജരാക്കിയ സംഭാഷണം റെക്കോഡ് ചെയ്ത തീയതി കണ്ടെത്തിയിട്ടില്ലെന്നും കോടതിയെ അറിയിച്ചു. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ അന്തിമവാദം 18-ന് നടക്കും.

ദിലീപ് ജാമ്യവ്യവസ്ഥകൾ ലംഘിച്ചതായി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.ബി. സുനിൽകുമാർ ചൂണ്ടിക്കാട്ടി. പ്രതി സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടുണ്ട്. ഇതിന് കൃത്യമായ തെളിവുകളുണ്ട്. പലരെയും ഉപയോഗിച്ചാണ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ലഭിച്ചിരിക്കുന്ന വോയിസ് ക്ലിപ്പുകളിൽ നിന്നെല്ലാം ഇത് വ്യക്തമാണ്. ഫോണിൽനിന്നു തെളിവുകൾ പലതും നശിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

ഫോണിലെ പഴയ ഫയലുകൾ നീക്കം ചെയ്യുന്നതിന് ബോധപൂർവമായ ശ്രമം നടത്തി. തുടർച്ചയായി വീഡിയോ അയയ്ക്കുകയും ഡിലീറ്റ് ചെയ്യുകയുമാണുണ്ടായത്. അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ശ്രമിച്ചതും ഗൗരവത്തോടെ കാണണം. ഇക്കാര്യങ്ങളെല്ലാം കണക്കിലെടുത്ത് ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു.

ബാലചന്ദ്ര കുമാർ ഓഡിയോ ക്ലിപ്പുകളിലെ ശബ്ദം കേൾക്കാൻ കഴിയുന്ന തരത്തിലാക്കിയെന്ന് (എൻഹാൻസ്) പെൻഡ്രൈവിന്റെ ഫൊറൻസിക് പരിശോധനാ ഫലം നൽകിയതിനെക്കുറിച്ച് പരാമർശിക്കവേ പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. ശബ്ദം കേൾക്കാൻ ബുദ്ധിമുട്ടായതിനാലാണ് ഇത് ചെയ്തത് - പ്രോസിക്യൂഷൻ പറഞ്ഞു.

എന്നാൽ, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിന് തെളിവൊന്നുമില്ലെന്ന് ദിലീപിനു വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ബി. രാമൻപിള്ള വാദിച്ചു. അന്വേഷണ ഉദ്യോഗസ്ഥർക്കെതിരേ ഗൂഢാലോചന നടത്തിയെന്ന കേസ് അന്വേഷണ ഉദ്യോഗസ്ഥനും ബാലചന്ദ്ര കുമാറും ചേർന്നുണ്ടാക്കിയ തിരക്കഥയാണ്. ദിലീപിനെതിരായ മൊഴികളിൽ വിശ്വസനീയമല്ലാത്ത കാര്യങ്ങൾ ഏറെയുണ്ട്. അമ്മയും സഹോദരിയും ഭാര്യയുമുള്ള വീട്ടിലെ ഹാളിലിരുന്ന് ദൃശ്യങ്ങൾ കണ്ടുവെന്ന് പറയുന്നത് എങ്ങനെ ശരിയാകുമെന്നും പ്രതിഭാഗം ചോദിച്ചു.

ഫോണിലെ തെളിവുകൾ നശിപ്പിച്ചതിനെക്കുറിച്ച് പറയവേ സായ് ശങ്കറിനെ നടിയെ ആക്രമിച്ച കേസിൽ പ്രതിയാക്കേണ്ടതല്ലേയെന്ന് കോടതി ചോദിച്ചു. അനൂപിന്റെയും സുരാജിന്റെയും രണ്ട് ഫോണുകൾ ഹാജരാക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ നിർദേശിച്ചെങ്കിലും ഹാജരാക്കിയിട്ടില്ല. ഫോണുകൾ ഹാജരാക്കാൻ നിർദേശിക്കണമെന്നാവശ്യപ്പെട്ട് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.