കൊച്ചി: നടൻ ഉണ്ണിമുകുന്ദന്റെ പരാതിയിൽ തെളിവെടുപ്പ് ശക്തമാക്കി പൊലീസ്. നടന്റെ പരാതിയിൽ പറയുന്ന നാല് പേരിൽ രണ്ടുപേരെ ചോദ്യം ചെയ്തു.

റിനോയി, അലക്‌സ് എന്നിവരെയാണ് ചോദ്യം ചെയ്തത്. ഇനി ഫെലിക്‌സ് എന്നൊരാളെയും യുവതിയെയുമാണ് ചോദ്യം ചെയ്യാനുള്ളതെന്നും ഇവരുടെ മൊഴികൂടി രേഖപ്പെടുത്തുന്നതോടെ സംഭവത്തിന്റെ യഥാർത്ഥ ചിത്രം പുറത്തുവരുമെന്നും ചേരനല്ലൂർ എസ് ഐ മറുനാടനോട് വ്യക്തമാക്കി.

കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ണിമുകുന്ദന്റെ പിതാവ് അടക്കമുള്ള നിരവധി പേരിൽ നന്നും മൊഴിയെടുത്തിരുന്നു. പരാതിയിൽ നേരിട്ട് പ്രതിസ്ഥാനത്തുള്ളവരുടെ മൊഴി രേഖപ്പെടുത്തുന്ന നടപടിക്രമങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.

കോട്ടയം സ്വദേശിനിയായ യുവതിയും അഭിഭാഷകനും ചേർന്ന് പീഡനക്കേസിൽ കുടുക്കുമെന്ന് ഭീഷിണിപ്പെടുത്തി തന്നിൽ നിന്നും 25 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ചതായി ആരോപിച്ചാണ് ഉണ്ണിമുന്ദൻ പൊലീസിൽ പരാതിയുമായി എത്തിയത്.

ഇത് സംമ്പന്ധിച്ച് വാർത്തകൾ പുറത്ത് വന്നതോടെ ഉണ്ണിമുകുന്ദൻ തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നും ഇത് സംമ്പന്ധിച്ച് താൻ കോടതിയിൽ രഹസ്യമൊഴി നൽകിയെന്നും ഇതിന്റെ അടിസ്ഥാനത്തിൽ കേസിൽപ്പെട്ട നടൻ ഇപ്പോൾ ജാമ്യത്തിലാണെന്നും വെളിപ്പെടുത്തി നടന്റെ പരാതിയിൽ പരാമർശിക്കപ്പെട്ട യുവതിയും രംഗത്തെത്തിയിരുന്നു.

തന്റെ ചിത്രം ഉൾപ്പെടെ അപകീർത്തികരമായ വാർത്ത ഓൺലൈൻ പോർട്ടൽ വഴി പുറത്ത് വിട്ടതായികാണിച്ച് യുവതിയുടെ പിതാവ് തൃക്കൊടിത്താനം പൊലീസിൽ നടനെതിരെ നൽകിയ പരാതിയിലും അന്വേഷണം പുരോഗമിക്കുകയാണ്.