പെരുമ്പാവൂർ: നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനി ഒളിച്ചുകളിക്കുന്നത് കോയമ്പത്തൂരും കൊച്ചിയിലും. തിങ്കളാഴ്ച പൾസർ സുനിക്കൊപ്പമുണ്ടായിരുന്ന കൂട്ടുപ്രതി വിജീഷിനെ കോയമ്പത്തൂരിൽ കണ്ടതായി സ്ഥരീകരിച്ചതോടെ ഇവിടെ പൊലീസ് സംഘം തിരച്ചിൽ ശക്തമാക്കിയിരുന്നെങ്കിലും തുമ്പൊന്നും ലഭിച്ചില്ല. ഇപ്പോഴും വൻപൊലീസ് സംഘം ഇവിടെ തിരച്ചിൽ നടത്തുന്നുണ്ട്. ഇതിനു പിന്നാലെ ഇന്നലെ രാത്രി പതിനൊന്നോടെ ചെറായി ഭാഗത്ത് സുനിലിനെ കണ്ടാതായി അന്വേഷക സംഘത്തിന് വിവരം ലഭിച്ചു. തുടർന്ന് പ്രദേശമാകെ അരിച്ചപെറുക്കിയെങ്കിലും ഇയാളെ കണ്ടെത്താനായിട്ടില്ലെന്നാണ് അറിയുന്നത്.

ഇന്നലെ വൈകിട്ട് ആലുവ സാന്റോ കോംപ്ലക്‌സിന് സമീപം തട്ടുകടയുടെ സമീപം അതിവേഗമെത്തി ബ്രേക്കിട്ട ലാൻസർ കാറിൽ നിന്നും സുനിയുടെ രൂപസാദൃശ്യമുള്ള ഒരാൾ ഇറങ്ങിയോടിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഇവിടം കേന്ദ്രീകരിച്ച് തിരച്ചിൽ നടത്തിയെങ്കിലും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചില്ല. പിന്നീട് രേഖകൾ പരിശോധിച്ച് കാറിന്റെ ഉടമയെ വിളിച്ചുവരുത്തി ചോദ്യം ചെയ്തതോടെ കാറിലുണ്ടായിരുന്നത് പൾസർ സുനിയല്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു.

കാർ നിർത്തിയ ഉടൻ സമീപത്തെ വ്യാപാരസ്ഥാപനത്തിലിരുന്ന യുവാവ് ഒരാൾ ഇറങ്ങിയോടിയതിനു പിന്നാലെ മുൻസീറ്റിലിരുന്ന ആളോട് കാര്യം തിരക്കിയപ്പോൾ തങ്ങളെ പൊലീസ് പിൻതുടരുന്നുണ്ടെന്നായിരുന്നു മറുപടി. ഇതോടെ ഇവിടെ കൂടിനിന്നിരുന്നവരിൽ ചിലർ കാറിൽ നിന്നും ഇറങ്ങിയോടിയത് പൾസർ സുനിയാണെന്ന് സംശയം പ്രകടിപ്പിക്കുകയും ഉടൻ വിവരം പൊലീസിൽ അറിയിക്കുകയുമായിരുന്നു. വാഹനത്തിലിരുന്ന് മദ്യപിച്ചതിന്റെ പേരിലാണ് കാറിലുണ്ടായിരുന്ന രണ്ടംഗസംഘത്തെ പൊലീസ് പിൻതുടർന്നതെന്നാണ് പീന്നീട് പുറത്തുവന്ന വിവരം. കാർ പൊലീസ് കസ്റ്റഡിയിലാണ്.

കൊച്ചിയുമായി ബന്ധപ്പെടാതെ പൾസർ സുനിക്ക് അധികനാൾ പിടിച്ചുനിൽക്കാനാവില്ലെന്ന കണക്കുകൂട്ടലിൽ സുനിയെ കണ്ടെത്താൻ മെട്രോസിറ്റിയുടെ മുക്കിലും മൂലയിലും പൊലീസ് തിരച്ചിൽ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ ആലുവയിൽ നടന്ന ഉന്നതതല യോഗത്തിലും കൊച്ചിയിൽ അന്വേഷണം ശക്തമാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഒരിടത്തു തങ്ങാതെ പൾസർ സുനി വാഹനത്തിൽ ചുറ്റിക്കറങ്ങുകയാണെന്നാണ് അന്വേഷണ സംഘത്തിന്റെ അനുമാനം. സുനിയുടെ മൊബൈൽ ടവർ ലൊക്കേഷൻ അടിക്കടി മാറുന്നതാണ് ഇത്തരത്തിലൊരു നിഗമനത്തിലെത്താൻ കാരണമെന്നാണ് അറിയുന്നത്.

നടിയെ ഉപദ്രവിച്ച കാറിൽ സുനിക്കൊപ്പം ആദ്യവസാനം ഉണ്ടായിരുന്ന മണികണ്ഠൻ ഇപ്പോഴും പൂർണ്ണമായി മനസ്സ് തുറക്കാൻ തയ്യാറായിട്ടില്ലന്നാണ് സൂചന.എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗീക സ്ഥിരീകരണം ഇനിയും പുറത്തുവന്നിട്ടില്ല. മുൻകൂർ ജാമ്യപേക്ഷ തള്ളിയ സാഹചര്യത്തിൽ സുനി ഇന്നലെ എറണാകുളം ,തൃശ്ശൂർ ജില്ലകളിലെ ഏതെങ്കിലും കോടതിയിൽ കീഴടങ്ങമെന്നുള്ള സൂചനകളുടെ അടിസ്ഥാനത്തിൽ പൊലീസ് രണ്ടു ജില്ലകളിലെ ഒട്ടുമിക്ക കോടതി വളപ്പുകളിലും കാത്തുനിന്നിരുന്നു.

കുറുപ്പംപടി, പെരുമ്പാവൂർ ,കൊച്ചി കോടതിപരിസരങ്ങളിൽ സുനിയെത്തുമെന്ന പ്രതീക്ഷയിൽ പൊലീസ് സംഘം ഇപ്പോഴും നിലയുറപ്പിച്ചിട്ടുണ്ട്.