ആലപ്പുഴ: രണ്ടു സ്ത്രീകളുടെ നേതൃത്വത്തിൽ നടത്തിയ വ്യത്യസ്ത ജോലിതട്ടിപ്പു കേസുകളിൽ പൊലീസ തന്നെ സൂത്രധാരന്മാർ. രണ്ടും പൊലീസ് തന്നെ കേസൊതുക്കാൻ ശ്രമിച്ചു, ആദ്യത്തേതു പൊളിഞ്ഞു. ഹരിപ്പാട്ട്, ശരണ്യയെന്ന യുവതിയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പൊലീസ് സേനയിലേക്കുള്ള റിക്രൂട്ട്‌മെന്റ് കേസിൽ ഉദ്യോഗാർത്ഥികളിൽനിന്നും കോടികളാണു തട്ടിയത്. ഇതിലെ മുഖ്യ സൂത്രധാരൻ തൃക്കുന്നപ്പുഴ പൊലീസ് സ്‌റ്റേഷനിലെ പ്രദീപ് എന്ന് സിവിൽ പൊലീസ് ഓഫീസറാണ്. കേസൊതുക്കാൻ ശ്രമിച്ചെങ്കിലും സംഘത്തെ പൊലീസ് പിടികൂടി, സമ്മർദ്ദങ്ങളുടെ ഫലമായി ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

പട്ടാളത്തിൽ ജോലി വാഗ്ദാനം നൽകി ചെങ്ങന്നൂർ, കാർത്തികപ്പള്ളി താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽനിന്നും നാലു കോടിയോളം രൂപ തട്ടിയ കേസാണു രണ്ടാമത്തേത്. ഈ കേസ് ഒതുക്കിത്തീർക്കാൻ പൊലീസ് നീക്കം നടത്തുകയാണ്. സംഗതി കൈവിടുമെന്നു കണ്ട ഇരകൾ ഇതോടെ കോടതിയെ സമീപിച്ചു.

കേസുമായി ബന്ധപ്പെട്ട് പ്രതികളെ സഹായിച്ചിരുന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥർ കുടുങ്ങുമെന്നു കണ്ടതോടെയാണ് കേസ് ഒതുക്കാൻ പൊലീസ് തന്നെ മുൻകൈയെടുത്തത്. പുലിയൂർ പനയ്ക്കാണികണ്ടത്തിൽ അജീഷ്‌കുമാറാണ് കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോടതിയിലെത്തിയത്. ഹർജി പരിഗണിച്ച ജസ്റ്റിസ് കമാൽപാഷ വിശദമായ റിപ്പോർട്ട് ഫയൽ ചെയ്യാൻ പൊലീസിന് നിർദ്ദേശം നൽകി.

തിരുവനന്തപുരം മെഡിക്കൽകോളജിന് സമീപം വനിതാ ഹോസ്റ്റലിൽ താമസക്കാരിയായ ചവറ ശങ്കരമംഗലം സ്വദേശിനി ഗീതാറാണി (58) ആണ് കേസിലെ മുഖ്യപ്രതി. ഇവരോടൊപ്പം തിരുവനന്തപുരം ആണ്ടൂർകോണം എ.എസ്. മൻസിലിൽ നൗഷാദ് (48), കുളത്തൂർ കിഴക്കുംവാരത്ത് മണിലാൽ (43) എന്നിവരെയും പിടികൂടിയിരുന്നു. ഇവരെ കുറിച്ച് തട്ടിപ്പിനിരയായവർ നിരവധി തവണ പൊലീസിൽ പരാതി നൽകിയെങ്കിലും അന്വേഷണം മരവിപ്പിക്കുകയായിരുന്നു.

എന്നാൽ പൊലീസിന്റെ നീക്കം മനസിലാക്കിയ ഇരകൾ പ്രതികളെ തന്ത്രപരമായി വിളിച്ചുവരുത്തി പിടികൂടി പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു. ബുധനൂരിൽ നിന്നാണ് അജീഷ്‌കുമാറും കൂട്ടരും ചേർന്ന് ഇവരെ പിടികൂടി മാന്നാർ പൊലീസിൽ ഏൽപ്പിച്ചത്. ചെങ്ങന്നൂർ, കാർത്തികപ്പള്ളി താലൂക്കുകളിൽപ്പെട്ട നൂറോളം പേരിൽ നിന്നും നാലു ലക്ഷം മുതൽ അഞ്ചു ലക്ഷം രൂപ വരെ പട്ടാളത്തിലേക്കും, എയർപോർട്ട്, ഇന്ത്യൻ റെയിൽവേ എന്നിവിടങ്ങളിൽ ജോലി വാഗ്ദാനം നൽകി ഗീതാറാണിയുടെ നേതൃത്വത്തിലുള്ള സംഘം തട്ടിയെടുക്കുകയായിരുന്നു. മംഗലാപുരത്തുള്ള ട്രെയിനിങ് സെന്ററിൽ ഉദ്യോഗാർത്ഥികളെ കൊണ്ടുപോകുകയും അവിടെ ആഴ്ചകളോളം പല കാര്യങ്ങൾ പറഞ്ഞ് താമസിപ്പിച്ച് ഉദ്യോഗാർത്ഥികളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തിരുന്നു.

ആഴ്ചകൾ കഴിഞ്ഞിട്ടും യാതൊരുവിധ പരിശീലനമോ ഉത്തരവോ ലഭിക്കാതായപ്പോൾ ഉദ്യോഗാർത്ഥികൾ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. ഇതിനെ തുടർന്ന് അജീഷ്‌കുമാറും ഉദ്യോഗാർത്ഥികളിൽ ചിലരുടെ മാതാപിതാക്കളും ചേർന്ന് മറ്റു ചിലർക്കു കൂടി ജോലിക്ക് താല്പര്യമുണ്ടെന്ന് അറിയിച്ച് ഗീതാറാണിയെ ബുധനൂരിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. പൊലീസ് പിടിയിലായ ഗീതാറാണിക്കും സംഘത്തിനും കൊല്ലത്തെ ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ ഒത്താശ ചെയ്യുന്നതായാണ് അറിയുന്നത്. ഇവർ വർഷങ്ങളായി ഇത്തരത്തിലുള്ള തട്ടിപ്പുകൾ നടത്തിവരുന്നവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

2013ൽ മാന്നാറിലെ ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ ഭർത്താവിന്റെ പക്കൽനിന്നും നാലുലക്ഷം രൂപ തട്ടിയെടുത്ത കേസ് ഇപ്പോൾ കോടതിയിൽ നടന്നുവരികയാണ്. കൂടാതെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പല പൊലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകൾ ഇവർക്കെതിരെയുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളജിന് സമീപമുള്ള ലോഡ്ജുകളിലേക്ക് ഉദ്യോഗാർത്ഥികളെയും ബന്ധുക്കളെയും വിളിച്ചുവരുത്തിയാണിവർ ഇടപാടുകൾ നടത്തിയിരുന്നത്.