തിരുവനന്തപുരം: തന്നെ ട്രെയിനിൽ വെച്ച് ഒരു നേതാവിന്റെ മകൻ അപമാനിക്കാൻ ശ്രമിച്ചവെന്ന ജോസ് കെ മാണി എംപിയുടെ ഭാര്യ നിഷയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ പിസി ജോർജ് എംഎൽഎയുടെ മകൻ അഡ്വ. ഷോൺ ജോർജ് നൽകിയ പരാതി കേസെടുക്കാതെ തള്ളി പൊലീസ്. ഏതു മുന്നണിക്കൊപ്പം പോകണമെന്ന് തീരുമാനിക്കാൻ കേരളാ കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റി യോഗം ഇന്ന് ചേരുന്നുണ്ട്. ഈ സാഹചര്യത്തിൽ മാണിയെ പിണക്കാതിരിക്കാനാണ് പൊലീസ് ഈ വിഷയത്തിൽ കേസെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചതെന്ന സൂചനകളും പുറത്തുവരുന്നു. സിപിഎം സ്ഥാനാർത്ഥിക്ക് ചെങ്ങന്നൂരിൽ മാണി പിന്തുണ പ്രഖ്യാപിച്ചേക്കുമെന്നതാണ് ഇപ്പോഴത്തെ സ്ഥിതി.

ഇന്ന് കോട്ടയത്താണ് കേരളാ കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റിയോഗം. ഏതു മുന്നണിക്കൊപ്പം നിൽക്കുമെന്ന മാണിയുടെ പ്രഖ്യാപനം അതിന് ശേഷം ഉണ്ടാകും. രാജ്യസഭാ, ചെങ്ങന്നൂർ തിരഞ്ഞെടുപ്പുകളിൽ സ്വീകരിക്കേണ്ട രാഷ്്്ട്രീയ നിലപാട് ചർച്ചചെയ്യാനാണ് യോഗം. ചെങ്ങന്നൂരിൽ മനസ്സാക്ഷി വോട്ട് എന്ന ധാരണയാണ് ഇപ്പോൾ ചർച്ചയിലുള്ളതെങ്കിലും ആർക്ക് വോട്ടുചെയ്യണമെന്ന രഹസ്യ ധാരണയ്ക്കും സാധ്യതയുണ്ടെന്നാണ് വിവരം. ഈ സാഹചര്യത്തിൽ ജോസ്‌കെ മാണിയുടെ പത്‌നിയുടെ പരാമർശ വിഷയത്തിൽ കേസെടുത്താൽ അത് മാണിയെ പിണക്കുമെന്ന് സിപിഎം കരുതുന്നു. ഇതാണ് ഇപ്പോൾ പൊലീസ് കേസ് വേണ്ടെന്ന രീതിയിൽ ഷോൺ ജോർജിന്റെ പരാതി തള്ളുന്നതിന് ഇടയാക്കിയതെന്നാണ് വിവരം. നിഷയുടെ പരാതിയിൽ ഷോൺജോർജ് പരാതി നൽകിയ സാഹചര്യത്തിൽ മാണിക്കും ജോസ് കെ മാണിക്കും നിഷയ്ക്കും പാർട്ടി ഇന്നത്തെ യോഗത്തിൽ പിന്തുണ പ്രഖ്യാപിച്ചേക്കും. ഈ വിഷയത്തിലും മാണിയുടെ പരാമർശനം ഇന്നുണ്ടാവുമെന്നാണ് സൂചന.

നിഷ ജോസ് കെ മാണിയുടെ പരാമർശത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഷോൺജോർജ് നൽകിയ പരാതി പൊലീസ് കാരണമൊന്നും വിശദമാക്കാതെ തള്ളുകയായിരുന്നു. ഇത്തരം വിഷയങ്ങളിൽ കേസെടുക്കാൻ വകുപ്പില്ലെന്നും ഷോണിന് വേണമെങ്കിൽ കോടതിയെ സമീപിക്കാമെന്നുമാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ കോടതിയെ സമീപിക്കുമെന്ന് ഷോൺ വ്യക്തമാക്കിയിട്ടുണ്ട്. നേരിട്ട് കേസെടുക്കാവുന്ന വിഷയമല്ലെന്നാണ് പൊലീസ് വ്യക്തമാക്കിയിട്ടുള്ളത്. പരാതിയിൽ പറഞ്ഞ സംഭവത്തിന്റെ പരിധിയിലുള്ള കോടതിയെ ഇക്കാര്യം ചൂണ്ടിക്കാട്ടി സമീപിക്കാമെന്നാണ് പൊലീസ് കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഇന്നലെതന്നെ ചില നിയമ വിദഗ്ധരും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് പൊലീസ് ഇത്തരമൊരു നിലപാട് സ്വീകരിച്ചത്. ഏതായാലും പൊലീസ് ഇത്തരമൊരു നിലപാട് സ്വീകരിച്ച സാഹചര്യത്തിൽ കോടതിയെ സമീപിക്കുമെന്ന് ഷോൺ ജോർജും വ്യക്തമാക്കി. ഇതോടെ വിഷയം കൂടുതൽ നിയമനടപടിയിലേക്ക് നീങ്ങുകയാണ്. വരും ദിവസങ്ങളിലും കേരള രാഷ്ട്രീയത്തിൽ ഇക്കാര്യം ചർച്ചയാകുമെന്നും ഉറപ്പായി.

നിഷ എഴുതിയ ജീവിതാനുഭവക്കുറിപ്പുകളുടെ സമാഹാരമായ 'ദി അദർ സൈഡ് ഓഫ് ദിസ് ലൈഫ്' എന്ന പുസ്തകത്തിലാണ് വെളിപ്പെടുത്തൽ. തിരുവനന്തപുരത്തുനിന്നു കോട്ടയത്തേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെയായിരുന്നു രാഷ്ട്രീയ നേതാവിന്റെ മകൻ അപമാനിച്ചതെന്ന് നിഷ പുസ്തകത്തിൽ പറയുന്നു. യാത്രയിലേറ്റ അപമാനം വിവരിച്ച് 'മീ ടൂ' പ്രതാരണത്തിൽ താനും പങ്കു ചേരുന്നുവെന്ന് നിഷ പറയുന്നു. കോട്ടയത്തേക്കുള്ള യാത്രക്കിടെയാണ് രാഷ്ട്രീയ നേതാവിന്റെ മകനാണെന്ന് പറഞ്ഞ് ആ യുവാവ് പരിചയപ്പെട്ടത്. രാത്രിയാണ് സംഭവം നടക്കുന്നത്.

മെലിഞ്ഞ പ്രകൃതമുള്ള യുവാവ് അച്ഛന്റെ പേര് പറഞ്ഞ് പരിചയപ്പെട്ട ശേഷം സംസാരം ആരംഭിച്ചു. അപകടത്തിൽപ്പെട്ട് തിരുവനന്തപുരത്ത് ആശുപത്രിയിൽ കിടക്കുന്ന ഭാര്യാപിതാവിനെ കാണാൻ വന്നതാണെന്നാണ് പറഞ്ഞത്. സംസാരത്തിനിടെ അയാൾ അനാവശ്യമായ കാൽപാദത്തിൽ സ്പർശിച്ചുവെന്നും നിഷ പുസ്തകത്തിൽ വെളിപ്പെടുത്തുന്നു. ഇതോടെ വിഷയം വലിയ രാഷ്ട്രീയ വിവാദത്തിലേക്ക് നീങ്ങുകയായിരുന്നു. മാണി കേരളാ കോൺഗ്രസും പിസി ജോർജുമായി വലിയ ഏറ്റുമുട്ടലിലേക്ക് വിഷയം നീങ്ങി. പരാമർശം വന്നതിന് പിന്നാലെ അത് പിസി ജോർജിന്റെ മകനാണെന്ന് അഭ്യൂഹം പരന്നിരുന്നു. 'ദി അദർ സൈഡ് ഓഫ് ദിസ് ലൈഫ്' എന്ന പുസ്തകത്തിലെ പരാമർശങ്ങളാണ് വിവാദമായത്. മാധ്യമങ്ങളിൽ വിഷയം ചർച്ചയായതോടെ നിഷയ്‌ക്കെതിരെ ആക്ഷേപവുമായി പിസി ജോർജും പിന്നാലെ മകൻ ഷോൺ ജോർജും രംഗത്തെത്തി. തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് മാണിയുടെ മരുമകൾ മറുപടി പറയണമെന്ന നിലപാടിലാണ് ഷോൺ ജോർജ്. വിഷയത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെടുമെന്നും ഷോൺ മറുനാടൻ മലയാളിയോട് പറഞ്ഞിരുന്നു.

ഷോൺ പ്രതികരിച്ചത് ഇങ്ങനെ:

ഒന്നുകിൽ അവർ അത് ഞാൻ ആണെന്ന് പറയണം അല്ലെങ്കിൽ അതിൽ പറഞ്ഞിരിക്കുന്നത് ഞാൻ അല്ലെന്ന് പറയണം. അത് അവർ പറഞ്ഞേ പറ്റൂ. കാരണം സമൂഹമാധ്യമങ്ങളിൽ നടക്കുന്ന ചർച്ചകൾ അത് എനിക്ക് നേരെയാണ് ചൂണ്ടുന്നത്. പിന്നെ അവർ പറയുന്നത് പോലെ അവർക്ക് എന്നെ പരിചയമില്ലായ്മയുടെ ചോദ്യം ഇല്ല കാരണം അവർക്ക് എന്നെ നേരത്തെ അറിയാവുന്നതാണ്.അവരുമായും അവരുടെ കുടുംബാഗങ്ങളുമായും ഏറെ അടുത്ത ബന്ധം പുലർത്തിയിട്ടുള്ള എന്നെ ടിടി അവർക്ക് പരിചയപ്പെടുത്തി കൊടുക്കേണ്ടി വന്നുവെന്ന് പറയുന്നത് തന്നെ വാസ്തവവിരുദ്ധമാണ്.

അവർക്ക് മറ്റാരെങ്കിൽ നിന്നും അവർക്ക് ഇത്തരമൊരു അനുഭവം ഉണ്ടായിട്ടുണ്ടെങ്കിൽ അതിൽ എനിക്ക് എന്താണ് ചെയ്യാൻ സാധിക്കുക.അവർക്ക് അത്തരമൊരു ദുരനുഭവം ഉണ്ടായിട്ടുണ്ടെങ്കിൽ അതിന്റെ വിരലുകൾ അവർ പറഞ്ഞ സൂചനകൾ അനുസരിച്ച് എന്റെ നേർക്ക നീളുമ്പോൾ അതിൽ പ്രതിപാദിച്ചിരിക്കുന്നത് ഞാൻ ആണോയെന്ന് അവർ വിശദീകരിക്കണ്ടതുണ്ട്. അതിനായി അവർക്കെതിരെ കേസ് കൊടുക്കാനുള്ള നടപടിയിലാണ് ഞാനിപ്പോൾ ഉള്ളത്. മീറ്റു എന്ന് പറഞ്ഞ് വ്യാജ ആരോപണവുമായി ഇനി ഒരു സ്ത്രീയും വരരുത്. ഇവിടെ മാന്യമായി ജീവിക്കുന്ന ഏത് പുരുഷന് നേരെയും ഇത്തരമൊരു ആരോപണം ഉയർത്തി തകർക്കാൻ ശ്രമിക്കുന്നത് അത്ര നല്ല കാര്യമല്ല. സ്ത്രീകൾക്ക് മാത്രമല്ലല്ലോ ഇവിടെ അവകാശങ്ങൾ ഉള്ളത് പുരുഷന്മാർക്കും ഇവിടെ ജീവിക്കണ്ടെയെന്നും ഷോൺ ചോദിക്കുന്നു.