- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരിവാറുകാരുടെ കേസ് എഴുതിത്തള്ളിയത് പൊലീസിനെ അവഗണിച്ചു തന്നെ; അന്വേഷണ ഉദ്യോഗസ്ഥരുടെ എതിർപ്പ് തെളിയിക്കുന്ന രേഖകൾ പുറത്ത്; എംജികോളേജ് കേസ് പുനരന്വേഷിക്കാനുള്ള നടപടികളും വാക്കുകളിൽ മാത്രം
തിരുവനന്തപുരം: എംജി കോളേജിലെ പൊലീസിന് നേരെയുണ്ടായ എബിവിപി പ്രവർത്തകരുടെ ആക്രമണക്കേസ് പിൻവലിക്കുന്നതിന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറയുന്ന വസ്തുതകളൊന്നും പൊലീസ് അംഗീകരിക്കുന്നില്ല. മുഖ്യമന്ത്രിയുടെ പ്രത്യേകാധികാരം ഉപയോഗിച്ചാണ് കേസ് പിൻവലിച്ചതെന്ന് വ്യക്തമാകുന്ന തെളിവുകൾ പുറത്ത്. കേസിലെ ഒരു പ്രതിയുടെ നിരപരാധിത്വം തെളിയിക്
തിരുവനന്തപുരം: എംജി കോളേജിലെ പൊലീസിന് നേരെയുണ്ടായ എബിവിപി പ്രവർത്തകരുടെ ആക്രമണക്കേസ് പിൻവലിക്കുന്നതിന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറയുന്ന വസ്തുതകളൊന്നും പൊലീസ് അംഗീകരിക്കുന്നില്ല. മുഖ്യമന്ത്രിയുടെ പ്രത്യേകാധികാരം ഉപയോഗിച്ചാണ് കേസ് പിൻവലിച്ചതെന്ന് വ്യക്തമാകുന്ന തെളിവുകൾ പുറത്ത്. കേസിലെ ഒരു പ്രതിയുടെ നിരപരാധിത്വം തെളിയിക്കാനായി എല്ലാവരേയും വെറുതെവിട്ടത് ശരിയായില്ലെന്ന് വിമർശനം ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ കേസിൽ പുനരന്വേഷണവും പരിശോധിക്കുമെന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഇനിയും തീരുമാനം ആയിട്ടുമില്ല. ഇതിലും പൊലീസിൽ അമർഷം സജീവമാണ്.
മുതിർന്ന് പൊലീസ് ഉദ്യോഗസ്ഥന് ഗുരുതരമായി പരിക്കേറ്റ കേസാണിത്. അതുകൊണ്ട് തന്നെ കൂടുതൽ ഗൗരവത്തോടെയുള്ള നടപടി വേണമെന്ന് സർക്കാരിനോട് പൊലീസ് അസോസിയേഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. എംജി കോളേജ് കേസിൽ ഒരാൾ നിരപരാധിയാണെങ്കിൽ മറ്റുള്ളവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്ന തരത്തിൽ പുനരന്വേഷണമെന്ന ആവശ്യമാണ് അസോസിയേഷൻ പരോക്ഷമായി മുന്നോട്ട് വച്ചത്. ഇക്കാര്യത്തിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും കണ്ണടച്ചെന്ന ആക്ഷേപം ആസോസിയേഷനുണ്ട്. ആർഎസ്എസുകാർക്കെതിരായ കേസ് പിൻവലിക്കലിൽ നിയമനടപടികളുടെ ലംഘനം നടന്നുവെന്നാണ് ആക്ഷേപം.
ക്രിമിനൽ കേസ് പിൻവലിക്കുന്ന ആവശ്യത്തിൽ പരാതികൾ കിട്ടിയാൽ അത് നിയമാനുസൃതം അതത് കമ്മീഷണർമാർക്ക് കൈമാറും. അപേക്ഷയിലെ കാര്യങ്ങളിൽ സത്യസന്ധതയുണ്ടോ എന്ന് പൊലീസ് പരിശോധിക്കും. കേസ് അന്വേഷിച്ച എസ്‌ഐയുടെ റിപ്പോർട്ടും പരിശോധിച്ചാകും ആഭ്യന്തര സെക്രട്ടറിക്ക് കമ്മീഷണർ റിപ്പോർട്ട് നൽകുക. എംജി കോളേജ് ആക്രമണക്കേസ് പിൻവലിക്കലിനായി ലഭിച്ച പരാതിയിലെ ഒന്നും പൊലീസ് സ്ഥിരീകരിച്ചിരുന്നില്ല. മറിച്ച് കേസ് തുടരണമെന്ന നിലപാട് എടുക്കുകയും ചെയ്തു. ഇത് മറച്ചുവച്ചാണ് കേസ് പിൻവലിക്കാനുള്ള അപേക്ഷ ആഭ്യന്തര വകുപ്പ് കോടതിയിൽ സമർപ്പിച്ചതെന്നാണ് വ്യക്തമാകുന്നത്.
കേസിലെ പതിനേഴാം പ്രതി ആദർശിന്റെ നിരപരാധിത്വം തിരിച്ചറിഞ്ഞതാണ് കേസ് പിൻവലിക്കാൻ കാരണമായി മുഖ്യമന്ത്രി നൽകുന്ന വിശദീകരണം. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ആർഎസ്എസ് ബന്ധമാണ് കേസ് പിൻവലിച്ചതിന് കാരണമെന്ന വാദം ഉയർന്നിരുന്നു. പിന്നീട് മുൻ ആഭ്യന്തരമന്ത്രി തിരുഞ്ചൂർ രാധാകൃഷ്ണനെതിരെയും ആക്ഷേപമെത്തി. ഇതിനിടെയിലാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള കേസ് പിൻവലിക്കൽ വകുപ്പാണ് തീരുമാനം എടുത്തതെന്ന് വ്യക്തമായത്. പതിനേഴാം പ്രതി ആദർശിന് പൊലീസ് സേനയിൽ ജോലി ഉറപ്പാക്കാനായി നീതിക്ക് വേണ്ടിയെടുത്ത തീരുമാനമായി ഇതിനെ മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു.
എന്നാൽ കേസ് പിൻവലിക്കുന്നതിനെ പൊലീസ് ഒരുഘട്ടത്തിലും അനുകൂലിച്ചിരുന്നില്ല. 2012 നവംബർ 20നാണ് ഇതുസംബന്ധിച്ച അപേക്ഷയിൽ തിരുവനന്തപുരം കമ്മീഷണർ ആഭ്യന്തര സെക്രട്ടറിക്ക് കത്തയച്ചത്. 22-11-2005ന് എംജി കോളേജിൽ ഉണ്ടായ സംഘർഷത്തിന്റെ പേരിൽ പൊലീസിന് നേരെ വ്യാപക ആക്രമണം ഉണ്ടായെന്നാണ് വിലയിരുത്തൽ. കേസിലെ ആദ്യ നാല് പ്രതികളുടെ നേതൃത്വത്തിൽ സംഘം ചേർന്നെത്തിയവരാണ് അക്രമണം നടത്തിയത്. പൊലീസ് വാഹനങ്ങൾക്കും കേടുപാടുണ്ടിയിരുന്നു. ബോംബ് ഉൾപ്പെടെയുള്ള മാരാകായുധങ്ങളും എബിവിപിക്കാർ ഉയയോഗിച്ചുവെന്നാണ് കേസെന്നും ആഭ്യന്തര സെക്രട്ടറിക്ക് നൽകിയ റിപ്പോർട്ടിൽ വശദീകരിക്കുന്നുണ്ട്.
പേരൂർക്കട എസ് ഐ ആയിരുന്ന അലക്‌സ് ബേബിക്കും മെഡിക്കൽ കോളേജ് എസ് ഐ ആയിരുന്ന ജിഎൽ അനിൽകുമാറും അടക്കമുള്ളവർക്ക് പരിക്കേറ്റു. രാഷ്ട്രീയ സമരത്തിന്റെ ഭാഗമായിരുന്നു ആക്രമം. എന്നാലും പൊതുമുതലും പൊലീസിന് നേരെയുമുള്ള ആക്രമണവും കണക്കിലെടുത്ത് കേസ് പിൻവലിക്കേണ്ടതില്ലെന്ന നിഗമനത്തിലാണ് പൊലീസെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കേസ് പിൻവലിക്കണമെന്ന നിർദ്ദേശം കേസ് അന്വേഷിച്ച എസ്‌ഐയ്ക്കില്ലെന്നും വ്യക്തമാക്കിയാണ് ആഭ്യന്തര വകുപ്പിന് റിപ്പോർട്ട് നൽകിയിരുന്നത്. ഇതിൽ നിന്നെല്ലാം മുഖ്യമന്ത്രിയുടെ സ്വന്തം താൽപ്പര്യം മാത്രമാണ് കേസ് പിൻവലിച്ചതിൽ പ്രതിഫലിച്ചതെന്നാണ് പുറത്തുവരുന്ന രേഖകൾ നൽകുന്ന സൂചന.
പൊലീസിന്റെ അതിശക്തമായ എതിർപ്പ് അവഗണിച്ച് ഒരു പ്രതിയുടെ അപേക്ഷയിൽ 32 പ്രതികളെയും വിട്ടയക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. 2012 ഡിസംബർ 27നാണ് ആഭ്യന്തര വകുപ്പിൽ നിന്ന് കേസ് പിൻവലിക്കുന്നതിനുള്ള അനുമതിയായത്. ഇതിന്റെ അടിസ്ഥാനത്തിൽ ആരംഭിച്ച നടപടിക്രമങ്ങളുടെ ഭാഗമായി 2013 ഒക്ടോബർ 18ന് തിരുവനന്തപുരം ഒന്നാംക്ലാസ് അഡിഷണൽ സെഷൻസ് ജഡ്ജ് കെ.എസ്. അംബിക കേസ് തള്ളുകയും ചെയ്തു. ആഭ്യന്തരവകുപ്പ് രമേശ് ചെന്നിത്തലയ്ക്കാണെങ്കിലും ഇതിന്റെ ഭാഗമായ ജുഡിഷ്യൽ അഡ്‌മിസ്‌ട്രേഷൻ വിഭാഗം മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലാണ്. ഈ വകുപ്പാണ് കേസ് എഴുതിത്ത്തള്ളാൻ തീരുമാനമെടുത്തത്. എ ഗ്രൂപ്പിലെ പ്രമുഖനായ പാലോട് രവി എംഎൽഎയുടെ നിർദ്ദേശം പരിഗണിച്ചാണ് കേസ് പിൻവലിച്ചത്.