- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെ നടന്ന ആക്രമണം; ഗാന്ധി ചിത്രം തകർത്തത് എസ്.എഫ്.ഐക്കാർ സംഭവസ്ഥലത്ത് നിന്ന് പോയ ശേഷമെന്ന് പൊലീസ് റിപ്പോർട്ട്; എ.ഡി.ജി.പി മനോജ് എബ്രഹാം തയ്യാറാക്കിയ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി; പൊലീസ് ഫോട്ടോഗ്രാഫർ എടുത്ത ചിത്രങ്ങൾ തെളിവാക്കി; കോൺഗ്രസിനെ പ്രതിരോധത്തിലാക്കും വിധം അന്വേഷണ റിപ്പോർട്ട്
തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ ഓഫിസിലെ മഹാത്മ ഗാന്ധിയുടെ ചിത്രം തകർത്തത് എസ്.എഫ്.ഐക്കാർ സംഭവ സ്ഥലത്ത് നിന്ന് പോയ ശേഷമെന്ന് പൊലീസ് റിപ്പോർട്ട്. പൊലീസ് ഫോട്ടോഗ്രാഫറെടുത്ത ചിത്രങ്ങൾ തെളിവാക്കിയാണ് പൊലീസ് ഇങ്ങനെ നിഗമനത്തിലെത്തിയത്.
ക്രൈം ബ്രാഞ്ച് എസ്പി ക്രൈംബ്രാഞ്ച് മേധാവിക്കും ഇത് സംബന്ധിച്ച റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.പൊലീസ് റിപ്പോർട്ടുകളിൽ പറയുന്നതനുസരിച്ച് പൊലീസ് ഫോട്ടോഗ്രാഫർ എസ്എഫ്ഐ പ്രവർത്തകർ അക്രമം നടത്തി പുറത്തുപോയയുടൻ നാല് മണിക്ക് എടുത്ത ചിത്രത്തിൽ മഹാത്മാഗാന്ധിയുടെ ചിത്രം ചുമരിലാണ്. എന്നാൽ ഇതിന്ശേഷം യുഡിഎഫ് പ്രവർത്തകർ ഓഫീസിലെത്തി. ശേഷം പൊലീസ് ഫോട്ടോഗ്രാഫർ എടുത്ത ചിത്രത്തിൽ ഗാന്ധിജിയുടെ ഫോട്ടോ നിലത്ത് തകർന്ന നിലയിലും ഫയലുകൾ വലിച്ചുവാരിയിട്ട തരത്തിലുമാണ് കണ്ടത്.
ചിത്രങ്ങൾ അടിസ്ഥാനമാക്കി എ.ഡി.ജി.പി മനോജ് എബ്രഹാം തയാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി. എസ്.എഫ്.ഐ പ്രവർത്തകർ കസേരയിൽ വാഴവെച്ച ശേഷവും ചുമരിൽ ഗാന്ധിയുടെ ചിത്രം ഉണ്ടായിരുന്നുവെന്നും ചിത്രം ആദ്യം നിലത്ത് വീണത് കമിഴ്ന്ന നിലയിലായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട വിഷയത്തിൽ എംപിയെന്ന നിലയിൽ കാര്യക്ഷമമായ ഇടപെടൽ രാഹുൽഗാന്ധി നടത്തുന്നില്ലെന്ന് ആരോപിച്ചാണ് എസ്.എഫ്.ഐ പ്രവർത്തകർ കൽപറ്റ കൈനാട്ടിയിലെ ഓഫിസിലേക്ക് മാർച്ച് സംഘടിപ്പിച്ചത്. സംഭവത്തിൽ എസ്.എഫ്.ഐ വയനാട് ജില്ല പ്രസിഡന്റ് ജോയൽ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി, മൂന്ന് വനിത പ്രവർത്തകർ എന്നിവരടക്കം 29 പേർ റിമാൻഡിലാണ്.
എംപിയുടെ ഓഫിസിലേക്ക് എസ്.എഫ്.ഐ പ്രവർത്തകർ നടത്തിയ മാർച്ച് അക്രമാസക്തമാവുകയായിരുന്നു. ഓഫിസിലെ ജീവനക്കാരേയും എസ്.എഫ്.ഐ പ്രവർത്തകർ മർദിച്ചു. ഓഫിസിലേക്ക് തള്ളിക്കയറിയ പ്രവർത്തകർ കെട്ടിടത്തിന്റെ വശങ്ങളിലൂടെ പിടിച്ചുകയറിയ ജനൽ വഴിയടക്കം അകത്തുകടന്നാണ് അക്രമം നടത്തിയത്.
രാഹുൽ ഗാന്ധിയുടെ ഓഫിസ് തകർത്ത സംഭവത്തിൽ എസ്.എഫ്.ഐ വയനാട് ജില്ല കമ്മിറ്റിയെ ഇന്നലെ പിരിച്ചുവിട്ടിരുന്നു. സംരക്ഷിത വനമേഖലയുടെ ബഫർ സോണിനെ സംബന്ധിച്ചുള്ള സുപ്രീം കോടതിയുടെ ഉത്തരവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിഷയം ഏറ്റെടുത്ത് സമരം സംഘടിപ്പിക്കാൻ എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടില്ലെന്ന് സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീ വ്യക്തമാക്കിയതും ആക്രമണത്തെ തള്ളിപ്പറഞ്ഞതും ജില്ല നേതൃത്വത്തിന് കനത്ത തിരിച്ചടിയായി.
സംസ്ഥാന തേതൃത്വത്തെ അറിയിച്ചല്ല എസ്.എഫ്.ഐ ജില്ല കമ്മിറ്റി എംപി ഓഫിസ് മാർച്ച് സംഘടിപ്പിച്ചതെന്നാണ് സംസ്ഥാന ഭാരവാഹികൾ ആവർത്തിച്ച് വ്യക്തമാക്കിയത്. ജില്ലയിലെ പ്രവർത്തകരെയടക്കം ബാധിക്കുന്ന ബഫർസോൺ വിഷയത്തിൽ എംപി ഇടപെടാത്തത് സംബന്ധിച്ച പ്രതിഷേധ പരിപാടികൾ നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും വ്യക്തി കേന്ദ്രീകൃതമായ മാർച്ച് നടത്തുക, ഓഫിസിനകത്തേക്ക് പോവുക തുടങ്ങിയ വിവരങ്ങൾ ജില്ല കമ്മിറ്റി അറിയിച്ചിരുന്നില്ലെന്നും സംസ്ഥാന നേതൃത്വം വ്യക്തമാക്കിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ