തിരുവനന്തപുരം: സോളാർ കേസിൽ വലിയ ആരോപണമാണ് എഡിജിപി പത്മകുമാറിനെതിരെ ഉയർന്നത്. ഉടൻ അദ്ദേഹത്തെ പൊലീസിൽ നിന്നും സർക്കാർ മാറ്റി. സോളാർ കമ്മീഷനിൽ വലിയ നടപടി വരുന്നുവെന്ന ധ്വനിയും ഉണ്ടാക്കി. എന്നാൽ മാസങ്ങൾക്ക് അകം നിലപാട് തിരുത്തുകയാണ്. പത്മകുമാറിനെ ഗതാഗത കമ്മീഷണറാക്കുകയാണ് പിണറായി സർക്കാർ. ഡിജിപി ലോക്‌നാഥ് ബെഹ്‌റ പോലും അമ്പരന്ന തീരുമാനമാണ് ഇതെന്നാണ് സൂചന. കളങ്കിതരായ ഉദ്യോഗസ്ഥർ താക്കോൽ സ്ഥാനത്ത് എത്തുന്ന പതിവ് തുടരുകയാണ്. നേരത്തെ എഡിജിപിയായിരിക്കെ ടോമിൻ തച്ചങ്കരിയെ പൊലീസ് ആസ്ഥാനത്തെ സുപ്രധാന തസ്തികയിൽ നിയമിച്ചിരുന്നു. ഡിജിപിയായിരുന്ന ടിപി സെൻകുമാറിനെ നിയന്ത്രിക്കാനായിരുന്നു ഇത്. ഇതിന് പിന്നാലെ തച്ചങ്കേരിയെ അഗ്നിശമനാ സേനാ തലവനുമാക്കി.

പിണറായി സർക്കാർ ഏറ്റവും അധികം ചർച്ചയാക്കിയത് സോളാർ റി്‌പ്പോർട്ടായിരുന്നു. ഡിജിപി ഹേമചന്ദ്രനെതിരേയും എഡിജിപി പത്മകുമാറിനെതിരേയും രൂക്ഷ പരാമർശങ്ങൾ അതിലുണ്ടായിരുന്നു. ഇതോടെ രണ്ട് പേരേയും അപ്രധാന തസ്തികയിലേക്ക് മാറ്റി. ഇതിൽ പ്ത്മകുമാറിന് സുപ്രധാന പദവി നൽകുകയാണ് പിണറായി സർക്കാർ. എന്നാൽ ഹേമചന്ദ്രനെതിരെ പ്രതികാരം തുടരുകയും ചെയ്യുന്നു. സോളാറിൽ അന്വേഷണത്തിലെ പിഴവുകളുടെ പേരിൽ മാത്രമാണ് ഹേമചന്ദ്രനെതിരെ ആരോപണമുള്ളത്. വിജിലൻസ് ഡിജിപി കസേര ഒഴിഞ്ഞു കിടന്നിട്ടും സത്യസന്ധതയ്ക്ക് പേരെടുത്ത ഹേമചന്ദ്രൻ അത് നൽകിയില്ല. കെഎസ് ആർടിസി എംഡിയായി തരംതാഴ്‌ത്തുന്ന നിലയിൽ ഇടപെടൽ നടത്തുകയും ചെയ്തു. ഇതിനെതിരെ ഹേമചന്ദ്രൻ പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. ഇതിനിടെയാണ് സരിതാ നായർ ലൈംഗികാരോപണം ഉന്നയിച്ച പത്മകുമാർ ഗതാഗത കമ്മീഷണറായി എത്തുന്നത്.

ഇത് പൊലീസിൽ ഒരു വിഭാഗത്തിന് ശക്തമായ അമർഷമുണ്ട്. ജേക്കബ് തോമസിനെ വിജിലൻസ് കേസിൽ കുടുക്കുന്ന അതേ സർക്കാരാണ് ഇത്തരത്തിലൊരു ഇടപെടൽ നടത്തുന്നത്. എല്ലാ തീരുമാനങ്ങൾക്കും പിന്നിൽ മുഖ്യമന്ത്രിയുടെ ആഭ്യന്തര ഉപദേഷ്ടാവായ മുൻ ഡിജിപി രമൺ ശ്രീവസ്തവയാണെന്നാണ് സൂചന. സൂപ്പർ ഡിജിപി പദവിയിലാണ് അദ്ദേഹം. ആരെല്ലാം എവിടെ നിയോഗിക്കപ്പെടണമെന്ന് പൊലീസിൽ തീരുമാനിക്കുന്നത് ശ്രീവാസ്തവയാണ്. ശ്രീവാസ്തവയുടെ മനസ്സ് അറിഞ്ഞാണ് ഇപ്പോഴത്തെ തീരുമാനമെല്ലാം. ബി സന്ധ്യയെ തിരുവനന്തപുരം റേഞ്ച് എഡിജിപി പദവിയിൽ നിന്ന് മാറ്റിയതിന് പിന്നിലും ശ്രീവാസ്തവയുടെ ഇടപെടലുണ്ട്. ശ്രീവാസ്തവയുടെ പരിചയ സമ്പന്നതയെ പൊലീസുകാരെല്ലാം അംഗീകരിക്കുന്നു. എന്നാൽ കളങ്കിതർക്ക് മാത്രമേ പരിഗണനയുള്ളൂവെന്നാണ് ആക്ഷേപം.

പുത്തൂർ ഷീല വധക്കേസിലെ പ്രതി സമ്പത്തിന്റെ കസ്റ്റഡി മരണം കേസിൽ ആരോപണ വിധേയനാണ് മുഹമ്മദ് യാസിൻ. സിബിഐയുടെ അന്വേഷണം നേരിട്ട മുഹമ്മദ് യാസിനാണ് നിലവിൽ ഇന്റലിജൻസ് ഡിജിപി. ഇതേ കേസിൽ ആരോപണം നേരിട്ട പൊലീസ് ഉദ്യോഗസ്ഥനാണ് വിജയ് സാക്കറെ. വിജയ് സാക്കറെയെ എറണാകുളം റേഞ്ച് ഐജിയായി നിയമിക്കുകയും ചെയ്തു. പി വിജയനെ മാറ്റിയാണ് നിമയനം. സത്യസന്ധതയ്ക്കും കാര്യക്ഷമതയ്ക്കും പേരെടുത്ത വിജയനെ എറണാകുളത്തു നിന്നും തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്തേക്കാണ് മാറ്റുന്നത്. നിലവിൽ പൊലീസ് ആസ്ഥാനത്ത് ഒരു ഐജിയുണ്ട്. അതുകൊണ്ട് തന്നെ വിജയനെ എന്തിന് മാറ്റിയെന്നതിനും ഉത്തരമില്ല.

കൊല്ലം കമ്മീഷണർ പദവിയിൽ നിന്ന് അജിതാ ബീഗത്തേയും പത്തനംതിട്ട എസ്‌പി സ്ഥാനത്ത് നിന്ന് സതീഷ് ബിനോയേയും മാറ്റിയത് വലിയ വിവാദം ഉണ്ടാക്കി. ഇതിനെതിരെ ഐപിഎസ് ഉദ്യോഗസ്ഥർ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. ഇതിനിടെയാണ് പുതിയ മാറ്റങ്ങൾ. ഇതിൽ പ്രതിഷേധിക്കാൻ ഐപിഎസ് അസോസിയേഷൻ യോഗം ചേർന്നു. എന്നാൽ ചില ഉന്നത ഇടപെടലുകൾ കാരണം പ്രമേയം പാസാക്കാനാവാതെ പോയി. എന്നാൽ ചില ഉദ്യോഗസ്ഥർക്ക് മാത്രം സ്ഥാന ചലനമില്ല. തിരുവനന്തപുരം റേഞ്ച് ഐജിയായി മനോജ് എബ്രഹാം വർഷങ്ങളായി തുടരുന്നു. എഡിജിപിയായി പ്രമോഷൻ കിട്ടിയാൽ മനോജ് എബ്രഹാമിന് സുപ്രധാന തസ്തിക നൽകുമെന്നാണ് സൂചന. വിജിലൻസ് ഡയറക്ടർ പദവി പോലും നൽകിയേക്കുമെന്നാണ് സൂചന.

സർക്കാരിന്റെ ഇഷ്ടക്കാർക്ക് മാത്രമേ ക്രമസമാധാന ചുമതല നൽകുന്നുള്ളൂവെന്ന പരാതിയും സജീവമാണ്. ഇതിനൊപ്പമാണ് കളങ്കിതർക്ക് താക്കോൽ സ്ഥാനത്ത് മുൻതൂക്കം കിട്ടുന്നുവെന്ന പരാതിയും സജീവമാകുന്നത്.