കോതമംഗലം: വീടിന്റെ കതക് തകർത്ത് കട്ടിലിനടിയിൽ ഒളിച്ചിരുന്ന മോഷ്ടാവ് വയോധികയുടെ ആറരപവന്റെ മാല കവർന്നു. രാമല്ലൂർ പുളിക്കൽ ജോസഫിന്റെ ഭാര്യ മേരിയുടെ മാലയാണു രാത്രി വീട്ടിൽ കയറി മോഷ്ടാവ് കവർന്നത്. ജോസഫും മേരിയും മാത്രമാണു തിങ്കളാഴ്ച വീട്ടിലുണ്ടായിരുന്നത്. വീട്ടിൽ കയറിയ മോഷ്ടാവ് മേരിയും ജോസഫും ഉറങ്ങിയിരുന്ന മുറിയിലെ കട്ടിലിനടിയിൽ ഒളിച്ചിരിക്കുകയായിരുന്നു എന്ന് കരുതുന്നു. രാത്രി ശബ്ദം കേട്ടുണർന്ന മേരി ലൈറ്റിട്ടതോടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന മോഷ്ടാവ് ഉടൻ പുറത്ത് വരികയും മേരിയുടെ കഴുത്തിൽക്കിടന്നിരുന്ന മാല പൊട്ടിച്ചെടുത്തു കടന്നു കളയുകയായിരുന്നു.

ഇന്നലെ പുലർച്ചെ രണ്ട് മണിയോടടുത്താണ് സംഭവം. മുൻവശത്തെ കതകിന്റെ ചട്ടം തകർത്താണ് മോഷ്ടാവ് അകത്ത് കടന്നത്. ആധുനിക ഉപകരണങ്ങൾ ഉപയോഗിച്ചാണ് കതക് തകർത്തിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി. കോതമംഗലം പൊലീസ് വീട്ടിലെത്തി അന്വേഷണം ആരംഭിച്ചു.

ശാസ്ത്രീയ അന്വേഷണ സംഘവും സ്ഥലത്തെത്തി പരിശോധനകൾ നടത്തി. വീട്ടിൽ നേരത്തെ നിരീക്ഷണം നടത്തി ആസൂത്രണം ചെയ്താണു മോഷണം നടത്തിയിരിക്കുന്നതെന്നാണു പൊലീസ് അനുമാനിക്കുന്നത്. വാതിലിന്റെ ചതുരത്തിലുള്ള പലക അടർത്തിമാറ്റിയിരിക്കുന്നതും, ജനൽ പൊളിക്കാനും ശ്രമം നടത്തിയിരിക്കുന്നതും വീടിനെ കുറിച്ച് ധാരണയുള്ള ആൾ ആകുമെന്ന് കരുതുന്നു.

30 വയസ്സിന് താഴയുള്ള മെലിഞ്ഞ ആൾ കൂടിയാണെന്നാണ് പൊലീസ് അനുമാനിക്കുന്നത്. വിരലടയാള വിദഗ്ദ്ധർ വീട്ടിലെത്തി വിശദമായി പരിശോധിച്ചു. പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയതായി സി ഐ അഗസ്റ്റിൻ മാത്യു അറിയിച്ചു.