- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആന്റണിയുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിൽ; ഒടുവിൽ കണ്ടെത്തിയ ലൊക്കേഷൻ മുത്തങ്ങയിൽ; കണ്ടെത്താനായി തിരച്ചിൽ ഊർജ്ജിതം; രണ്ടര വയസ്സുകാരി 'ബാധ ഒഴിപ്പിക്കൽ' നടപടിക്ക് വിധേയമായിട്ടുണ്ടോ എന്നും സംശയം; അതിമാനുഷ ശക്തിയുണ്ടെന്ന അമ്മയുടെ മൊഴി പൊലീസിനെയും കുഴപ്പിക്കുന്നു
കൊച്ചി: ശരീരമാസകലം പരിക്കേറ്റ് അതീവഗുരുതരാവസ്ഥയിൽ കോലഞ്ചേരി മെഡിക്കൽ കോളജിൽ കഴിയുന്ന രണ്ടര വയസ്സുകാരിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. ആന്തരിക രക്തസ്രാവത്തിന് നേരിയ കുറവുണ്ട്. കുട്ടിക്ക് ശ്വാസം എടുക്കാൻ കഴിയുന്നുണ്ട്. ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. എങ്കിലും അടുത്ത 24 മണിക്കൂർ നിർണായകമാണെന്ന് ഡോക്ടർമാർ വ്യക്തമാക്കി.
അതേസമയം കുട്ടിക്കും അമ്മയ്ക്കും ഒപ്പം താമസിച്ചിരുന്ന അമ്മയുടെ സഹോദരിയുടെ ആൺസുഹൃത്ത് ആന്റണി ടിജിന് വേണ്ടി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഇയാളാണ് കുട്ടിയോട് കൊടുംക്രൂരത കാട്ടിയതെന്ന നിഗമനത്തിലാണ് പൊലീസ്. അതുകൊണ്ടാണ് ഇയാൾ മുങ്ങി നടക്കുന്നതെന്നുമാണ് സൂചനകൾ. ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഒടുവിൽ ടവർ ലൊക്കേഷൻ കാണിച്ചത് മുത്തങ്ങയിലാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ചോദ്യം ചെയ്യലിന് ഹാജരാകാൻ തൃക്കാക്കര പൊലീസ് സ്റ്റേഷനിലെത്തണമെന്ന് കാണിച്ച് എസ്എംഎസ് അയച്ചെങ്കിലും പ്രതികരണമില്ല.
കുട്ടിക്ക് പരിക്കേറ്റതിലെ ദുരൂഹത ഇനിയും നീങ്ങിയിട്ടില്ല. ആന്റണിയെയും രക്ഷപ്പെട്ട മറ്റുള്ളവരെയും കണ്ടെത്തിയാൽ ഇക്കാര്യത്തിൽ വ്യക്തത ലഭിക്കുമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. കുട്ടിക്ക് അതിമാനുഷ ശക്തിയുണ്ടെന്നും, ഹൈപ്പർ ആക്ടീവ് ആയ കുട്ടി സ്വയം പരിക്കേൽപ്പിച്ചതാണെന്നുമാണ് കുട്ടിയുടെ അമ്മയും അമ്മൂമ്മയും ആവർത്തിക്കുന്നത്. ഈ മൊഴി വിശ്വാസത്തിലെടുത്തിട്ടില്ലെന്ന് പൊലീസ് കമ്മീഷണർ നാഗരാജു വ്യക്തമാക്കി. രണ്ടര വയസ്സുകാരി 'ബാധ ഒഴിപ്പിക്കൽ' നടപടിക്ക് വിധേയമായിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ശിശുക്ഷേമ സമിതിയുടെ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് പൊലീസ് കേസിൽ തുടർനടപടി സ്വീകരിക്കും. കുട്ടിയുടെ അമ്മയ്ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
അതേസമയം മകളെ ഒന്ന് കാണുവാൻ പോലും അമ്മയും അമ്മൂമ്മയും സമ്മതിക്കില്ലായിരുന്നെന്ന് പരിക്കേറ്റ് കോലഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ പിതാവ് പറഞ്ഞു. കുട്ടിക്ക് ഹൈപ്പർ ആക്ടിവിറ്റി ഒന്നും തന്നെ ഇല്ല. വീട്ടിലേയ്ക്ക് വരാൻ പറഞ്ഞിട്ട് കൂട്ടാക്കിയില്ല. ഒടുവിൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകേണ്ടി വന്നതായും ആശുപത്രിയിലെത്തിയ പിതാവ് പറയുന്നു. മകളെ തനിക്ക് വിട്ട് നൽകണമെന്നും സംഭവത്തിലെ ദുരൂഹത അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ആന്റണി സ്ഥിരമായി ലഹരി ഉപയോഗിക്കുന്നയാളാണെന്ന് പിതാവ് പറയുന്നു. അന്റണിയെ പറ്റി വളരെ മോശമായ വിവരങ്ങളാണ് അയാളുടെ വീട്ടുകാരിൽ നിന്നു വരെ അറിയാൻ കഴിഞ്ഞത്. എത്രയും വേഗം ഭാര്യയെയും മകളെയും ഇവിടെ നിന്ന് കൂട്ടിക്കൊണ്ട് പോവുന്നതാണ് നല്ലതെന്ന് ആന്റണിയുടെ ബന്ധുക്കൾ പറഞ്ഞു. കുട്ടിയുടെ മുമ്പിൽ നിന്നടക്കം സ്ഥിരമായി ആന്റണി കഞ്ചാവ് ഉപയോഗിക്കുന്നെന്ന് ബന്ധുക്കൾ തന്നോട് പറഞ്ഞെന്നും പിതാവ് പറയുന്നു.
കാക്കനാട് തെങ്ങോടുള്ള ഫ്ളാറ്റിൽ വാടകയ്ക്ക് താമസിക്കുന്ന കുമ്പളം സ്വദേശിനിയുടെ മകളാണ് അക്രമണത്തിനിരയായത്. ഞായറാഴ്ച്ച രാത്രി അമ്മയും മുത്തശ്ശിയും ചേർന്നാണ് കുട്ടിയെ പഴങ്ങനാട് ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് ബാലികയുടെ നില ഗുരുതരമായതോടെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടിയുടെ മാതാപിതാക്കൾ വേർപിരിഞ്ഞ് താമസിക്കുകയാണ്.
കുട്ടിയുടെ മാതാവ്, മുത്തശ്ശി, മാതൃസഹോദരി, ഇവരുടെ പന്ത്രണ്ട് വയസ്സുള്ള മകൻ എന്നിവർ അടങ്ങുന്നതാണ് കുടുംബം. ഈ കുടുംബത്തിലേക്ക് ടിജിൻ ആന്റണി എന്ന ഫോർട്ട് കൊച്ചി സ്വദേശിയായ ചെറുപ്പക്കാരൻ വന്നതിന് ശേഷമാണ് ഇവരുടെ ജീവിതരീതികളും മാറുന്നത്. കുമ്പളത്തെ വീട്ടിൽ ടിജിൻ ആന്റണി സ്ഥിരതാമസമാക്കിയതിന് പിന്നാലെ ഇവിടെ പ്രശ്നങ്ങൾ തുടങ്ങി.
മർദ്ദനമേറ്റ കുട്ടിയുടെ കുടുംബത്തിന് കഴിഞ്ഞ ഏഴ് മാസമായി ആരുമായും ബന്ധം ഉണ്ടായിരുന്നില്ലെന്ന് പരിസരവാസികൾ പറയുന്നു. എറണാകുളം കുമ്പളത്താണ് ഇവർ നേരത്തെ താമസിച്ചിരുന്നത്. 7 മാസം മുമ്പ് അപ്രതീക്ഷിതമായി ഇവർ ഇവിടം വിട്ട് പോയി. അമ്മയും രണ്ട് പെൺമക്കളും ഇവരുടെ രണ്ട് കുട്ടികളും മാത്രമുണ്ടായിരുന്ന വീട്ടിലേക്ക് ടിജിൻ ആന്റണി എന്ന യുവാവ് എത്തിയ ശേഷമാണ് കുടുംബം പരിസരവാസികളുമായുള്ള ബന്ധം പൂർണമായി ഒഴിവാക്കി വീട്ടിലേക്ക് ഒതുങ്ങിക്കൂടിയത്. പിന്നീട് വീട്ടിൽ ആളുണ്ടെങ്കിലും ഗേറ്റ് അടച്ചുപൂട്ടി ഇവർ അകത്തിരിക്കുന്നതായിരുന്നു അവസ്ഥ.
ടിജിൻ ആന്റണി വന്നതിന് പിന്നാലെ തന്നെ അയൽവാസികളുമായി പലപ്പോഴും പ്രശ്നമുണ്ടായി. ഒടുവിൽ പൊലീസിൽ പരാതി നൽകുകയും പൊലീസെത്തി ഇയാളെ അറസ്റ്റ് ചെയ്തു കൊണ്ടു പോകുകയും ചെയ്യുന്ന അവസ്ഥയുണ്ടായി. പരിസരവാസികളുമായി ആരുമായും ടിജിൻ ആന്റണിക്ക് യാതൊരു ബന്ധവുമില്ലായിരുന്നു. ഇയാൾ പൊലീസിലാണ് ജോലി ചെയ്യുന്നതെന്നും തങ്ങളുടെ രക്ഷകനാണെന്നുമാണ് അവർ ഞങ്ങളോട് പറഞ്ഞത്. ഇപ്പോൾ ക്രൂരമർദ്ദനത്തിനിരയായ കുട്ടി ഹൈപ്പർ ആക്ടീവായിരുന്നു എന്ന് ഒരിക്കലും തോന്നിയിട്ടില്ല. തീർത്തും സാധാരണ നിലയിലാണ് ആ കുഞ്ഞ് എല്ലാവരോടും ഇടപെട്ട്പോന്നിട്ടുള്ളത്.
മറുനാടന് മലയാളി ബ്യൂറോ