കണ്ണൂർ: ഇസ്ലാമിക് സ്റ്റേറ്റ്് ക്യാമ്പിലെത്തിയ കണ്ണൂർ ചാലാട് സ്വദേശി ഷെജിൽ കൊല്ലപ്പെട്ടത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പൊലീസിന് കിട്ടി. സിറിയൻ പട്ടാളത്തിന്റെ വെടിയേറ്റ ശേഷം ചോര വാർന്ന് രക്ഷപ്പെടാൻ വേണ്ടി വാഹനത്തിന് സമീപം വരെ മുടന്തി എത്തുകയും അവിടെ വീണ് മരിക്കുകയുമായിരുന്നു ഷെജിൽ. ഇയാളുടെ ഭാര്യ കാര്യങ്ങൾ വിവരിക്കുന്ന ഓഡിയോ ക്ലിപ്പാണ് പൊലീസിന് കിട്ടിയത്്.

കൊല്ലപ്പെട്ട ഷെജിലിന്റെ കടബാധ്യത തീർക്കാൻ ഐ.എസ് ക്യാമ്പിലുള്ള മനാഫ് നാട്ടുകാരനായ ഒരാളെ ഫോണിൽ ബന്ധപ്പെട്ടിരുന്നതിന്റെ ശബ്ദരേഖയും പൊലീസ് ശേഖരിച്ചിട്ടുണ്ട്. സിറിയയിലേക്ക് കടന്ന അബ്ദുൾ ഖയ്യൂമിന്റെ ടെലിഗ്രാം ഐ.ഡി. പരിശോധനക്ക് വിധേയമാക്കിയപ്പോൾ അയാൾ ഐ.എസ്. യൂനിഫോം ധരിച്ച് ആയുധമേന്തി നിൽക്കുന്ന ചിത്രവും പൊലീസിന് ലഭിച്ചിട്ടുണ്ട്.

ഐഎസിൽ ചേർന്ന് കൊല്ലപ്പെട്ട കണ്ണൂർ സ്വദേശികൾ സിറിയയിലെ പോരാട്ടങ്ങളിൽ സജീവമായിരുന്നുവെന്നും പൊലീസിന് വിവരം കിട്ടി. ഷെജിൽ സിറിയയിൽ വച്ചാണ് കൊല്ലപ്പെട്ടതെന്ന ആധികാരിക തെളിവും പൊലീസിന് ലഭിച്ച ശബ്ദരേഖയിലുണ്ട്. ഷെജിൽ കൊല്ലപ്പെട്ടപ്പോൾ കൂട്ടാളികളായ കെ.സി. മിത്ലജ്, കെ.പി. അബ്ദുൾ റസാഖ്, എം. പി. അബ്ദുൾ റാഷിദ്, എന്നിവരെ തുർക്കി സേന പിടികൂടി ജയിലിലടക്കുകയും പിന്നീട് ഇന്ത്യയിലേക്ക് കയറ്റി വിടുകയുമായിരുന്നു.

കൊല്ലപ്പെട്ട ഷെജിലിന്റെ കടബാധ്യത തീർക്കാൻ ഐ.എസ്.ക്യാമ്പിലുള്ള മനാഫ് നാട്ടുകാരനായ ഒരാളെ ഫോണിൽ ബന്ധപ്പെട്ടതിന്റെ ശബ്ദരേഖയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കടം ബാക്കി വച്ചാൽ മരിച്ചയാൾക്ക് സ്വർഗ്ഗ പ്രവേശം നടക്കില്ലെന്നതിനാൽ കടം വീട്ടാൻ സഹായിക്കണമെന്ന് ആവശ്യപ്പെടുന്നതാണ് ശബ്ദരേഖ. ഷെജിലിന് നാല് ലക്ഷം രൂപയുടെ കടബാധ്യത ഉണ്ടായിരുന്നു.

ഐ.എസുമായി ബന്ധപ്പെട്ട മൂന്ന് മലയാളം ബ്ലോഗുകളെ പൊലീസ് അന്വേഷണത്തിൽ പെടുത്തിയിട്ടുണ്ട്. കേരളത്തിലെ മത സംഘടനകളിൽ പെട്ട ചിലരാണ് ഇതിന്റെ അഡ്‌മിന്മാരെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.പൊലീസ് പിടിയിലുണ്ടായിരുന്ന തലശ്ശേരി സ്വദേശികളായ തൗഫീക്കിൽ യു.കെ.ഹംസ, സൈനാഫിൽ മനാഫ് റഹ്മാൻ, എന്നിവരിൽ നിന്നും ലഭിച്ച വിവരങ്ങളെ തുടർന്നുള്ള അന്വേഷണത്തിലാണ് കണ്ണൂരിൽ നിന്നും ഇസ്ലാമിക് സ്റ്റേറ്റിലേക്ക് പോയവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിവായത്.

ദേശീയ അന്വേഷണ ഏജൻസി നാല് മാസം മുമ്പ് ചോദ്യം ചെയ്ത് നിരീക്ഷണത്തിൽ വിട്ടവരാണ് അബ്ദുൾ റസാഖും റാഷിദും മിത്ലജും. ഇവരുടെ ഫോണുകളും മറ്റ് രേഖകളും എൻ.ഐ.എ. പരിശോധനക്ക് വിധേയമാക്കിയിരുന്നു.

രാജ്യത്തിനെതിരായി കലാപം ഉണ്ടാക്കാനുള്ള ശ്രമം പ്രതികളുടെ ഭാഗത്തു നിന്നും ഉണ്ടാകുമോ എന്ന സംശയം നില നിൽക്കുന്ന സാഹചര്യത്തിലാണ് ഇവർ കേരളാ പൊലീസിന്റെ പിടിയിലായത്. കണ്ണൂർ, കാസർഗേഡ് ജില്ലകളിൽ നിന്നും 15 കുടുംബങ്ങളിലായി ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്നവർ 35 ൽ അധികം വരുമെന്നാണ് അന്വേഷണ ഏജൻസികൾക്കുള്ള വിവരം. ഇവരിൽ പത്ത് പേരെങ്കിലും മരിച്ചതായാണ് കണക്കാക്കപ്പെടുന്നത്.

ഇസ്ലാമിക് സ്റ്റേറ്റുമായി പരോക്ഷ ബന്ധമുള്ളവർ കണ്ണൂർ, കാസർഗോഡ് ജില്ലകളിലുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ഒളിഞ്ഞും തെളിഞ്ഞും ഐ.എസിന്റെ ആശയം പ്രചരിപ്പിക്കാനും പഠന ക്ലാസ് നടത്താനും ചില ശ്രമങ്ങൾ ചില കേന്ദ്രങ്ങളിൽ നടന്നതായും വിവരമുണ്ട്.