കൊച്ചി : ഉപജാപകസംഘങ്ങളും സെക്‌സ് റാക്കറ്റുകളും അന്തർസംസ്ഥാന വാഹനമോഷണസംഘങ്ങളും പിടിമുറുക്കിയ കൊച്ചിയിൽ മയക്കുമരുന്നും വ്യാപകമാകുന്നു. അന്യസംസ്ഥാന തൊഴിലാളികളാണ് പ്രധാനമായും മയക്കുമരുന്ന് വ്യാപനത്തിന്റെ മുഖ്യകണ്ണികൾ. കഴിഞ്ഞ ഒരാഴ്‌ച്ചക്കിടയിൽ എറണാകുളത്തുനിന്നും എക്‌സൈസ് സംഘം പിടിച്ചെടുത്തത് ഇരുനൂറുകിലോ കഞ്ചാവാണ്.

വിദ്യാർത്ഥികളെയും വിനോദസഞ്ചാരികളെയും ലക്ഷ്യമിട്ട് ഇറങ്ങുന്ന സംഘം വിദ്യാർത്ഥികളെ കഞ്ചാവ് വിൽപ്പനയ്ക്ക് ഉപയോഗിക്കുന്നതും ആശങ്ക പരത്തുകയാണ്. കൊച്ചിയിൽ കഴിഞ്ഞദിവസം പിടിയിലായ നാലംഗ സംഘത്തിൽ രണ്ടുപേരും വിദ്യാർത്ഥികളായിരുന്നു. അന്യസംസ്ഥാനങ്ങളിൽനിന്നും വ്യാപാരത്തിനെത്തുന്ന സംഘങ്ങളാണ് പ്രധാനമായും കേരളത്തിൽ കഞ്ചാവ് എത്തിക്കുന്നത്. വസ്ത്രവ്യാപാരികൾ ചമഞ്ഞ് ആന്ധ്രയിൽ നിന്നും എത്തിയ നാലംഗ സംഘം വൻതോതിൽ കഞ്ചാവ് എത്തിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മൊത്തമായി വിതരണം ചെയ്തുവരികയായിരുന്നു. ഇവരെയാണ് ഇന്നലെ എക്‌സൈസ് സംഘം പിടികൂടിയത്. എട്ടരക്കിലോ കഞ്ചാവ് ഇവരിൽ നിന്നും പിടിച്ചെടുത്തു.

ഒരാഴ്‌ച്ചക്കുള്ളിൽ മയക്കുമരുന്നുമായി പിടികൂടിയവരിൽ 20 വയസിന് താഴെ പ്രായമുള്ള യുവാക്കളുമുണ്ടായിരുന്നു. കൂടുതൽ ചോദ്യം ചെയ്യലിനായി ഇവരെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്. ശേഷം കോടതിയിൽ ഹാജരാക്കും. ആലുവ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജി. സതീഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് പട്ടാമ്പി കൊരട്ടിയിൽ വീട്ടിൽ ഷുഹൈബ് (22), പനയപ്പിള്ളിയിൽ വാടകയ്ക്ക് താമസിക്കുന്ന ഷഫാൻ സേട്ട് (33), തമ്മനം തച്ചപ്പിള്ളി വീട്ടിൽ നഹാസ് (20), തമ്മനം പള്ളിപ്പറമ്പിൽ വീട്ടിൽ സച്ചിൻ വർഗ്ഗീസ് (19) എന്നിവരെ പിടികൂടിയത്. വൻതോതിൽ ആന്ധ്രയിൽനിന്നും കഞ്ചാവ് കൊണ്ടുവന്ന് ആലുവയിൽ ഇത് പലർക്കുമായി കൈമാറുന്നതായി രഹസ്യവിവരം എക്‌സൈസിന് ലഭിച്ചിരുന്നു.

ഇതേതുടർന്ന് എക്‌സൈസ് സംഘം വാഹനപരിശോധനയും മറ്റും ഇടയ്ക്കിടക്ക് നടത്താറുണ്ടായിരുന്നു. ഇന്നലെ രാവിലെ കഞ്ചാവുമായി വന്ന ടാറ്റാ ഇൻഡിക്ക കാറ് പൊലീസ് നിരീക്ഷിച്ചുവരുന്നു. ഇന്നലെ മയക്കുമരുന്ന് വിതരണത്തിനായി ആലുവ ഭാഗത്തെത്തിയ വണ്ടിയെ പിന്തുടർന്ന എക്‌സൈസ് സംഘം, ആലുവ ഗ്യാരേജിന് സമീപത്തുനിന്നും പിടികൂടുകയായിരുന്നു. ഷഫാൻ സേട്ടാണ് വാഹനത്തിലുണ്ടായിരുന്നത്. തുടർന്ന് ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് തമ്മനത്തെ വീട്ടിൽ കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന് വിവരം നൽകിയത്. തുടർന്ന് ഇയാളുമായി തമ്മനത്തെത്തി വീട് റെയ്ഡ് ചെയ്താണ് ബാക്കിവരുന്ന 6 കിലോ കഞ്ചാവ് പിടിച്ചെടുത്തത്. മറ്റ് പ്രതികൾ ഈ വീട്ടിലുണ്ടായിരുന്നു.

ഒരു മാസം മുമ്പ് ഈ വീട് വാടകയ്ക്ക് എടുത്തിരുന്നു. ലക്ഷക്കണക്കിന് രൂപയുടെ റെഡിമെയ്ഡ് വസ്ത്രങ്ങൾ വീട്ടിലുണ്ടായിരുന്നു. റെഡിമെയ്ഡ് വസ്ത്രങ്ങളുടെ വില്പന മറയാക്കിയാണ് ഇവർ ആന്ധ്രയിൽനിന്നും നിരന്തരം കഞ്ചാവ് കൊണ്ടുവരികയും മറ്റിടങ്ങളിലേക്ക് കൈമാറുകയും ചെയ്തിരുന്നത്.