കൊച്ചി: നടിയുടെ പീഡന ദൃശ്യങ്ങൾ പകർത്തിയെ മെമ്മറി കാർഡ് പൊലീസിന് കിട്ടിയെന്ന് സൂചന. ഒളിവിലായ അഭിഭാഷകൻ പ്രതീഷ് ചാക്കോയുടെ ജൂനിയറിൽനിന്ന് മെമ്മറി കാർഡ് കണ്ടെത്തിയതായാണ് വിവരം. അഡ്വ. രാജു ജോസഫിനെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയപ്പോഴാണ് മെമ്മറി കാർഡ് പിടിച്ചെടുത്തത്. എന്നാൽ നിലവിൽ മെമ്മറി കാർഡിൽ ദൃശ്യങ്ങളൊന്നുമില്ലെന്നും റിപ്പോർട്ടുകളുണ്ട്.

ഫോണും മെമ്മറി കാർഡും പ്രതീഷ് ചാക്കോയെ ഏൽപ്പിച്ചെന്നായിരുന്നു പൾസർ സുനിയുടെ മൊഴി. കേസിലെ പ്രധാന തൊണ്ടിമുതലാണ് മെമ്മറി കാർഡ്. എന്നാൽ ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാർഡാണോ ഇതെന്ന് കണ്ടെത്തുന്നതിന് ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും. ഫോറൻസിക് പരിശോധനയിൽ നഷ്ടപ്പെട്ട ദൃശ്യങ്ങൾ വീണ്ടെടുക്കാനായാൽ അത് നിർണ്ണായകമാകും. ഞായറാഴ്ചയാണ് കൊച്ചിയിൽ അഭിഭാഷകനായ രാജു ജോസഫിനെയാണ് ആലുവ പൊലീസ് ക്ലബിൽ വച്ച് ചോദ്യം ചെയ്തത്. ഒളിവിലുള്ള പ്രതീഷ് ചാക്കോ എവിടെയുണ്ടെന്ന് അറിയാനാണ് രാജു ജോസഫിനെ ചോദ്യം ചെയ്തത്. അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിൽ ഹാജരാകണമെന്ന് പ്രതീഷ് ചാക്കോയോട് ഹൈക്കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു.

കുറ്റകൃത്യത്തിനു ശേഷം മെമ്മറി കാർഡ് സുനി കൈമാറിയത് പ്രതീഷ് ചാക്കോയ്ക്കാണെന്നാണ് പൊലീസ് സംശയിക്കുന്നത്. നടിയെ ആക്രമിച്ച ശേഷം സംഭവം ചിത്രീകരിച്ച മൊബൈൽ ഫോൺ പ്രതീഷ് ചാക്കോയെ ഏൽപ്പിച്ചിരുന്നുവെന്നാണ് സുനി നൽകിയിരിക്കുന്ന മൊഴി. ഫോറൻസിക് പരിശോധനയിലൂടെ മെമ്മറി കാർഡ് ഉറപ്പിക്കാനായാൽ പൊലീസിന് കുറ്റപത്രം തയ്യാറാക്കാൻ കഴിയും. ഇതിന് വേണ്ടിയാണ് ശാസ്ത്രീയ പരിശോധന. മെമ്മറി കാർഡ് പ്രതീഷ് ചാക്കോയിലുടെ ദിലീപിലെത്തിയോ എന്ന് പരിശോധിക്കും. മൂന്ന് മിനിറ്റ് എഡിറ്റ് ചെയ്ത വീഡിയോ പൊലീസ് വേറെയും കണ്ടെത്തിയിട്ടുണ്ട്. കാവ്യാ മാധവനുമായി ബന്ധപ്പെട്ട സ്ഥാപനത്തിൽ നൽകിയ വിഡിയോ ആണിതെന്നാണ് സൂചന.

നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളടങ്ങിയ ഫോൺ പൾസർ സുനി, ദിലീപിന് കൈമാറാനായി പ്രതീഷ് ചാക്കോയെ ഏൽപ്പിച്ചെന്നാണ് കരുതുന്നത്. ഇയാൾ ഒളിവിലാണെന്ന് പൊലീസ് പറയുന്നു. ഇതേക്കുറിച്ചുള്ള വിവരങ്ങൾ തേടാനാണ് ജൂനിയറിനെ വിളിപ്പിച്ചത്. ദിലീപ്, മാനേജർ അപ്പുണ്ണി, പ്രതീഷ് ചാക്കോ എന്നിവരെ ഒപ്പം ചോദ്യംചെയ്‌തേക്കും. പ്രതീഷ് ചാക്കോയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് നീട്ടിയത് പൊലീസിന് തിരിച്ചടിയായി. അപ്പുണ്ണിയുടെയും പ്രതീഷ് ചാക്കോയുടെയും അറസ്റ്റ് വൈകില്ലെന്ന് പൊലീസ് പറയുന്നു.

അതിനിടെ നടിയെ ആക്രമിച്ച കേസിൽ എംഎൽഎ മാരായ പി.ടി തോമസ്, അൻവർ സാദത്ത് എന്നിവരുടെ മൊഴി എടുക്കാൻ പൊലീസ് ഒരുങ്ങുകയാണ്.ആലുവ എംഎൽഎ ആയ അൻവർ സാദത്ത് ദിലീപിന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. സംഭവത്തിനു ശേഷം ദിലീപിനെ പല തവണ വിളിച്ചിരുന്നെന്നും കേസിൽ രക്ഷപ്പെടാൻ താരത്തെ സഹായിച്ചെന്നും ആരോപണം ഉയർന്നിരുന്നു. മൊഴിയെടുക്കുന്നതിനായി ഇരുവരോടും തിരുവനന്തപുരത്ത് എത്താൻ പൊലീസ് നോട്ടിസ് അയച്ചു. തൃക്കാക്കര എംഎൽഎയായ പി.ടി തോമസാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ആദ്യ അറസ്റ്റിനു വഴിയൊരുക്കിയത്. സംഭവം നടന്നതിനുശേഷം സംവിധായകൻ ലാലിന്റെ വീട്ടിൽ എത്തിയ നടിയെ കാണാൻ ആദ്യമെത്തിയതിൽ ഒരാൾ പി.ടി തോമസായിരുന്നു.

തുടർന്ന് ഐജി പി.വിജയന് സംഭവം സംബന്ധിച്ച് വിവരം അറിയിച്ചതും പിടി. തോമസാണ്. എന്നാൽ ഇതുവരെ തന്നെ വിളിച്ച് ഒരു വിവരം പോലും പൊലീസ് തേടിയിട്ടില്ലെന്ന് എംഎൽഎ ആരോപിച്ചിരുന്നു. നടി ആക്രമിക്കപ്പെടുന്നതിന് മുൻപുള്ള ദിവസങ്ങളിൽ താൻ ദിലീപിനെ നിരന്തരം ബന്ധപ്പെടാൻ ശ്രമിച്ചിരുന്നുവെങ്കിലും ഫോൺ ഓഫ് ആയിരുന്നുവെന്നും പീന്നീട് സംഭവം നടന്ന് പിറ്റേ ദിവസമാണ് അദേഹത്തെ ലൈനിൽ കിട്ടിയതെന്നും അൻവർ സാദത്ത് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ദിലീപിന്റെ അടുത്ത സുഹൃത്താണ് അൻവർ സാദത്ത്. ഈ വിവാദത്തിൽ ആലുവ എംഎൽഎയ്‌ക്കെതിരേയും ആരോപണം ഉയർന്നിരുന്നു.

ഈ സാഹചര്യത്തിൽ അൻവർ സാദത്തിനെ മൊഴിയെടുക്കാൻ വിളിച്ചത് നിർണ്ണായകമാണ്. ദിലീപിനെതിരെ നിലപാട് എടുക്കരുതെന്ന നിർദ്ദേശം കെപിസിസി അൻവർ സാദത്തിന് നൽകിയിട്ടുണ്ട്. ഒരു കാരണവശാലും പിന്തുണയ്ക്കരുതെന്നാണ് നിർദ്ദേശം.