- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചി മയക്കുമരുന്നു കേസ് വമ്പന്മാരിലേക്കെത്തിക്കാതെ പൊലീസ് അവസാനിപ്പിക്കുന്നു; പൃഥ്വിരാജിനെ മാപ്പുസാക്ഷിയാക്കും; നൈജീരിയക്കാരൻ ഒക്കോവോയും ഫ്രാങ്കിയും ഒരാൾ എന്ന നിഗമനത്തിൽ അന്വേഷണം സംഘം
കൊച്ചി: സിനിമാ-മോഡലിങ്ങ് രംഗത്തെ പ്രമുഖർ ഉൾപ്പെട്ട വിവദമായ കൊച്ചി മയക്കുമരുന്നു കേസിന്റെ അന്വേഷണം പൊലീസ് അവസാനിപ്പിച്ചു. കേസിൽ ഇനി തുടരന്വേഷണം വേണ്ടന്ന നിലപാടിലാണ് മയക്കുമരുന്നുകേസ് അന്വേഷിക്കുന്ന സി ഐ ഫ്രാൻസിസ് ഷെൽ്ബിയും സംഘവും. ഇതോടെ അന്വേഷണം വെറും ഷൈൻ ടോം ചാക്കോയിലും രേഷ്മ രംഗസ്വാമിയിലും സിനിമാ സഹസംവിധായിക ബ്ലെസ്സിയിലും മ
കൊച്ചി: സിനിമാ-മോഡലിങ്ങ് രംഗത്തെ പ്രമുഖർ ഉൾപ്പെട്ട വിവദമായ കൊച്ചി മയക്കുമരുന്നു കേസിന്റെ അന്വേഷണം പൊലീസ് അവസാനിപ്പിച്ചു. കേസിൽ ഇനി തുടരന്വേഷണം വേണ്ടന്ന നിലപാടിലാണ് മയക്കുമരുന്നുകേസ് അന്വേഷിക്കുന്ന സി ഐ ഫ്രാൻസിസ് ഷെൽ്ബിയും സംഘവും. ഇതോടെ അന്വേഷണം വെറും ഷൈൻ ടോം ചാക്കോയിലും രേഷ്മ രംഗസ്വാമിയിലും സിനിമാ സഹസംവിധായിക ബ്ലെസ്സിയിലും മറ്റു മോഡലുകളിലും മാത്രമായി ഒതുങ്ങുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു.
കേസിൽ പിടിയിലായ പൃഥ്വിരാജിനെ മാപ്പുസാക്ഷിയാക്കാനും പൊലീസ് നീക്കം തുടങ്ങിയതായും പറയപ്പെടുന്നു. കൊക്കയ്ൻ രേഷ്മക്ക് നല്കിയ നൈജീരിയൻ സ്വദേശി ഒക്കോവോയെ നേരത്തെ തന്നെ പൊലീസ് പിടികൂടിയിരുന്നു. ഗോവയിൽ വച്ച് രേഷ്മയ്ക്കും കൂട്ടുകാർക്കും കൊക്കയ്ൻ എത്തിച്ചുനല്കിയത് ഫ്രാങ്ക് എന്നയാളാണ് എന്നായിരുന്നു യുവതികളുടെ ആദ്യമൊഴി. ഒക്കോവോ തന്നെയാണ് ഫ്രാങ്ക് എന്ന നിഗമനത്തിലാണ് പൊലീസ് ഇപ്പോൾ ഉള്ളത്. ഇക്കാര്യം രേഷ്മ പൊലീസിനു മുൻപിൽ സമ്മതിച്ചതായും സൂചനയുണ്ട്.
അതേസമയം ഇനി കേസ് കൂടുതൽ അന്വേഷിച്ചിട്ട് യാതൊരു കാര്യവുമില്ലെന്നും കൂടുതൽ പ്രതികൾ കൊക്കയ്ൻ കേസിൽ ഇല്ലെന്നുമുള്ള പുതിയ നിലപാട് അന്വേഷണ സംഘം മേലുദ്യോഗസ്ഥരെ അറിയിച്ചതായാണ് വിവരം. കേസിന്റെ ഉള്ളറകളിലേക്ക് പോയാൽ സിനിമാ രംഗത്തെ ന്യൂജനറേഷൻ സംവിധായകനും നിർമ്മാതാവും പുതുമുഖ നായകന്മാരുമുൾപ്പെടെ ഉന്നതരെല്ലം കുടുങ്ങുമെന്ന ഘട്ടത്തിലാണ് അന്വേഷണം അവസാനിപ്പിക്കുകയാണെന്ന പുതിയ നിലപാട് പൊലീസ് എടുത്തിരിക്കുന്നത്.
കേസിൽ ബ്ലെസിയുടെ കാമുകനായ വിവേകിനെക്കുറിച്ച് ഇതു വരെ യാതൊരു വിവരവും പൊലീസിന് ലഭിച്ചിട്ടില്ല. വിവേകിന്റെ ബന്ധുവായ സായി നൈനേഷും കേസിൽ പിടിയിലായിട്ടുണ്ട്. വിവേക് വിദേശത്തേക്ക് കടന്നതായാണ് വിവരം. എന്നാൽ ഇയാൾ എങ്ങോട്ടാണ് കടന്നുകളഞ്ഞതെന്നതിനെക്കുറിച്ചു പോലും വ്യക്തമായ സൂചന പൊലീസിന് ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്. കൊലപാതക കേസിൽ ഉൾപ്പെടെ പ്രതിയായ വിവേകിനെ നാട്ടിലെത്തിക്കാനുള്ള ശ്രമവും പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല .
വിവേകാണ് മയക്കുമരുന്നു കേസിലെ പ്രധാന കണ്ണിയെന്ന് പിടിയിലായ ഒക്കോവൊ അടക്കം മൊഴി നൽകിയ സാഹചര്യത്തിൽ ഇയാളെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്താൻ പൊലീസ് തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്. കേസിൽ ഷൈൻ ടോം ചാക്കോയേയും രേഷ്മ രംഗസ്വാമിയേയും പ്രധാന പ്രതികളാക്കി അന്വേഷണം അവസാനിപ്പിക്കാനാണ് പൊലീസിന്റെ ഇപ്പോഴത്തെ ശ്രമം.അതേസമയം കേസ് കോടതിയിൽ എത്തിയാൽ നില്ക്കുമോ എന്ന കാര്യത്തിലും അവ്യക്തത നിലനില്ക്കുന്നു ഇവരുടെയാരുടേയും രക്തത്തിൽ കൊക്കെയ്ൻ ഉപയോഗിച്ചതിന്റെ യാതൊരു ലക്ഷണവും പരിശോധനയിൽ തെളിയിക്കാൻ പൊലീസിന് സാധിച്ചിട്ടില്ല.
തങ്ങളെ കുടുക്കുകയായിരുന്നു എന്ന ഷൈൻ ടോം ചാക്കോയുടെ മൊഴി കൂടി കോടതി കണക്കിലെടുത്താൽ കൃത്യമായ തെളിവുകൾ ഇല്ലാതെ എത്തുന്ന കേസ് തള്ളി പോകാനും സാധ്യതയേറെയാണ്. ഈ സാഹചര്യമെല്ലാം നിലനില്ക്കുമ്പോൾ തന്നെയാണ് അന്വേഷണം ഉന്നതരിലേക്കെത്താതെ അവസാനിപ്പിക്കുന്നതെന്നതും ദുരൂഹമാണ്.തുടർ അന്വേഷണങ്ങൾ ഇഴഞ്ഞുനീങ്ങുന്ന കൊച്ചിയിലെ മറ്റ് മയക്കുമരുന്ന് കേസുകളുടെ പട്ടികയിലെക്ക് കൊക്കയ്ൻ കേസ് കൂടി വരുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.