കോഴിക്കോട്: കത്വ സംഭവത്തിൽ പ്രതിഷേധിച്ച് സോഷ്യൽ മീഡിയയിലൂടെ ഇക്കഴിഞ്ഞ തിങ്കളാഴ്ച ഹർത്താൽ ആഹ്വാനം ചെയ്തുള്ള സന്ദേശം പ്രചരിപ്പിച്ച വാട്‌സ്ആപ് ഗ്രൂപ്പുകളിൽ നിന്നെല്ലാം വിശദീകരണം തേടി പൊലീസ്. എല്ലാ ഗ്രൂപ്പുകളിലേയും അഡ്‌മിന്മാരെ ഫോണിൽ വിളിച്ച് വിലാസവും മറ്റു വിവരങ്ങളും തേടിയ ശേഷം നേരിട്ട് സ്‌റ്റേഷനിൽ ഹാജരായി മൊഴി നൽകാനാണ് പൊലീസ് ആവശ്യപ്പെടുന്നത്. കേരളത്തിൽ വർഗീയകലാപം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിൽ ഹർത്താൽ ആഹ്വാനം നടത്തുകയും അതിന്റെ മറവിൽ വ്യാപകമായി മലബാർ മേഖലയിൽ അക്രമത്തിനും കൊള്ളിവയ്പിനും പകൽക്കൊള്ളയ്ക്കും അരങ്ങൊരുക്കിയതെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

അതിന് ആഹ്വാനം ചെയ്യുന്ന തരത്തിൽ തങ്ങൾ ഉൾപ്പെട്ട വാട്‌സ്ആപ് ഗ്രൂപ്പുകളിൽ നിന്ന് സന്ദേശങ്ങൾ പോയ സാഹചര്യം അഡ്‌മിന്മാർ വിശദീകരിക്കേണ്ടിവരും. ഇതിൽ രാജ്യദ്രോഹപരമോ കലാപത്തിന് ആഹ്വാനം തരത്തിലോ ഉള്ള സന്ദേശങ്ങൾ നൽകിയ സാഹചര്യമുണ്ടെങ്കിൽ കേസും ഉണ്ടാവുമെന്ന് പൊലീസ് വിശദീകരിക്കുന്നു. ഇത്തരത്തിൽ ഹർത്താൽ സന്ദേശം പ്രചരിപ്പിക്കപ്പെട്ട ഒരു ഗ്രൂപ്പിലെ അഡ്‌മിനോട് ഹാജരായി മൊഴി നൽകാൻ കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനിൽ നിന്ന് ആവശ്യപ്പെടുന്ന ഫോൺ സന്ദേശവും പുറത്തുവന്നു.

കത്വ സംഭവത്തിൽ പ്രതിഷേധിച്ച് ഹർത്താൽ ആചരിക്കാൻ വ്യാജ സന്ദേശമിറക്കി സോഷ്യൽമീഡിയയിൽ പ്രചരണം നടന്നതോടെയാണ് കഴിഞ്ഞദിവസം നിരവധിപേർ മലബാർ മേഖലയിൽ തെരുവിലിറങ്ങിയത്. ആഹ്വാനം ഏറ്റെടുത്ത് എന്ന മട്ടിൽ ഒരു വിഭാഗം ഗൂഢലക്ഷ്യത്തോടെ വാഹനങ്ങൾ തടയാനും കടകൾ അടപ്പിക്കാനും എന്ന മട്ടിൽ രംഗത്തിറങ്ങുകയും പിന്നീട് വ്യാപകമായ അക്രമം അഴിച്ചുവിടുകയുമായിരുന്നു. എന്നാൽ ഇത്തരമൊരു ഗൂഢാലോചനയുടെ ഭാഗമാണ് ഹർത്താൽ സന്ദേശം എന്ന് അറിയാതെ മിക്ക വാട്‌സ്ആപ് ഗ്രൂപ്പുകളിലും സന്ദേശം പ്രചരിച്ചു. ഇത്തരത്തിൽ ഒരു സന്ദേശം ഒരു ഗ്രൂപ്പിൽ നിന്ന് അയക്കപ്പെട്ടാൽ ഗ്രൂപ്പിന്റെ അഡ്‌മിന്മാർക്ക് എതിരെ നടപടിയെടുക്കാം. ഇതു പ്രകാരമാണ് സംസ്ഥാനത്ത് വ്യാപകമായി അഡ്‌മിന്മാരിൽ നിന്ന് വിശദീകരണം തേടിക്കൊണ്ടിരിക്കുന്നത്.

ഇത്തരത്തിൽ മലാബാർ മേഖലയിൽ ആയിരത്തിലധികം പേരിൽ നിന്ന് ഹർത്താൽ സന്ദേശമുൾപ്പെടെ പ്രചരിപ്പിച്ച കാര്യത്തിൽ വിശദീകരണം തേടിയതായി സൈബർസെൽ അധികൃതർ മറുനാടനോട് പറഞ്ഞു. അതേ സമയം വിവിധ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ ഒന്നിലധികം ഗ്രൂപ്പ് അഡ്‌മിന്മാരുണ്ട്. എന്നാൽ ഇവരിൽ പലരും ഇത്തരത്തിൽ ഹർത്താലിന് ആഹ്വാനം നൽകുകയോ മറ്റേതെങ്കിലും തരത്തിൽ ഹർത്താലിനെ അനുകൂലിക്കുകയോ ചെയ്തവരല്ല. എങ്കിലും അവർക്കും തങ്ങളുടെ ഗ്രൂപ്പുകളിലൂടെ പോയ ഇത്തരം സന്ദേശങ്ങളിൽ വിശദീകരണം നൽകേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ട്.

ഗ്രൂപ്പുകളിൽ വരുന്ന മെസേജുകളുടെ ഉത്തരവാദിത്വം അഡ്‌മിന്മാർക്കാണ്. അതിനാൽ സന്ദേശം അയച്ചത് ഇവർ അല്ലെങ്കിൽപോലും ഇവർക്കെതിരെ ആണ് നടപടി ഉണ്ടാവുക. റസിഡൻസ് അസോസിയേഷൻ ഗ്രൂപ്പുകൾ മുതൽ പൂർവ്വ വിദ്യാർത്ഥി സംഘടനകളുടെ ഗ്രൂപ്പുകൾ വരെയുള്ളവയുടെ അഡ്‌മിന്മാരെ ഇതോടെ വിളിപ്പിച്ചിട്ടുണ്ട്. തിങ്കളാഴ്ച ആഹ്വാനംചെയ്യപ്പെട്ട ഹർത്താലുമായി ബന്ധപ്പെട്ട് നടന്ന അക്രമങ്ങളിൽ കോഴിക്കോട് ജില്ലയിൽ മാത്രം ഇന്നലെ വരെ 131 കേസുകൾ രജിസ്റ്റർ ചെയ്തുകഴിഞ്ഞു. നിലവിൽ ഹർത്താൽ ആഹ്വാനം പ്രചരിപ്പിച്ച ഗ്രൂപ്പുകളുടെയെല്ലാം അഡ്‌മിന്മാരെയെല്ലാം വിളിച്ച് വരുത്തി മൊഴിയെടുക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. ആരെയും അറസ്റ്റ് ചെയ്യുകയോ മറ്റേതെങ്കിലും രീതിയിൽ നടപടികളെുക്കുകയോ ചെയ്തിട്ടില്ല. എന്നാൽ മതസ്പർദ്ധ വളർത്തുന്ന രീതിയിലുള്ള മെസേജുകൾ പ്രോത്സാഹിപ്പിച്ചവർക്ക് എതിരെ കേസെടുത്തിട്ടുമുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

കോഴിക്കോട് കനത്ത സുരക്ഷ; പേരാമ്പ്രയിൽ ഇന്നും ബോംബേറ്

അതേസമയം, കനത്ത സുരക്ഷയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട്ട് ജില്ലയിൽ ഉള്ളത്. എന്നാൽ അതുകൊണ്ടൊന്നും പേരാമ്പ്രയിലെ സംഘർഷാവസ്ഥയ്ക്ക് അയവുവന്നിട്ടില്ല. പ്രദേശത്ത് ഇന്ന് രാവിലെയും വീടുകൾക്ക് നേരെ ബോംബേറുണ്ടായി. കഴിഞ്ഞദിവസത്തെ ഹർത്താലിനെ തുടർന്നുള്ള അക്രമങ്ങൾ ഇനിയും തുടരുമെന്ന റിപ്പോർട്ടുകൾ ഉള്ളതിനാൽ കോഴിക്കോട് ജില്ലയിൽ ഇന്നലെ മുതൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. സാമുദായിക സ്പർധ വളർത്താൻ നീക്കമുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിക്കപ്പെട്ടത്.

അതേ സമയം പേരാമ്പ്രയിൽ കഴിഞ്ഞ ദിവസങ്ങളിൽ തുടങ്ങിയ സിപിഎം-ശിവജി സേനകൾ തമ്മിലുള്ള സംഘർഷങ്ങൾ ഇന്നും തുടരുകയാണ്. ഇന്ന് പുലർച്ചെയും പേരാമ്പ്രയിൽ വീടുകൾക്ക് നേരെ ബോംബേറുണ്ടായി. സിപിഎം ബ്രാഞ്ച് സെക്രട്ടറി യുസി ഹനീഫയുടെ വീടിന് നേരെയാണ് ഇന്ന് ബോംബേറുണ്ടായത്. പ്രദേശത്ത് കനത്ത പൊലീസ് സന്നാഹം ഇന്നും തുരുന്നുണ്ട്. ജില്ലയുടെ മാറാട്, ബേപ്പൂർ, പയ്യാനക്കൽ, കാ്പ്പാട് തുടങ്ങിയ തീരദേശമേഖലകളിലും പൊലീസ് കനത്ത ജാഗ്രതയിലാണ്. ഹർത്താലുമായി ബന്ധപ്പെട്ട് നടന്ന അപകടകരമായ വർഗീയ കലാപത്തിനുള്ള ശ്രമങ്ങളായിരുന്നു എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ ഇത്തരം മെസേജുകൾ പ്രചരിപ്പിച്ചവർക്കെതിരെ ഇന്നും കേസുകളെടുക്കുന്നത് തുടർന്ന് കൊണ്ടിരിക്കുകയാണ്.

നഗരത്തിലും ജില്ലയിലെ തീരദേശ മേഖലകളിലും പൊലീസിനെ വിന്യസിച്ചിട്ടുണ്ടെങ്കിലും പ്രശ്‌നങ്ങളൊന്നുമുണ്ടായിട്ടില്ല. കോഴിക്കോട് ജില്ലയിൽ നിരോധനാജ്ഞയുള്ള ദിവസങ്ങളിൽ നേരത്തെ നിശ്ചയിച്ചിരുന്ന മുഴുവൻ പരിപാടികളും മാറ്റിവെച്ചിട്ടുണ്ട്. എസ്ഡിപിഐ ഇന്ന് വൈകിട്ട് കോഴിക്കോട് നഗരത്തിൽ നടത്താനിരുന്ന റാലിയും പൊതുസമ്മേളനവും 30ലേക്ക് മാറ്റി. ജില്ലയിൽ കുമ്മനം രാജശേഖരൻ പങ്കെടുക്കേണ്ടിയിരുന്ന കോഴിക്കോട് കളക്റ്റ്രേറ്റിന് മുന്നിൽ നടത്താനിരുന്ന സമരവും പെരുമണ്ണയിൽ ശോഭാ സുരേന്ദ്രൻ പങ്കെടുക്കേണ്ടിയിരുന്ന ബിജെപി സമ്മേളനവും റാലിയും മാറ്റിവെച്ചു.