പാലക്കാട്: ഇന്ന് രാവിലെ അഞ്ചരയോടെയാണ് പാലക്കാട് കണ്ണാടിയിൽ സയനും കുടുംബവും സഞ്ചരിച്ച വാഹനം ലോറിക്ക് പിന്നിൽ ഇടിച്ച് അപകടമുണ്ടായത്. വെറുമൊരു അപകടമായാണ് ഏവരും ആദ്യം കരുതിയത്. എന്നാൽ കാറിന്റെ നമ്പർ കേന്ദ്രീകരിച്ചുള്ള പൊലീസിന്റെ അന്വേഷണം എത്തിച്ചത് കോടനാട്ടെ ജയലളിതയുടെ എസ്റ്റേറ്റിലേക്കായിരുന്നു.

കേസിലെ പ്രധാന പ്രതി സയനിന്റേതാണ് കാറെന്ന സന്ദേശം കേരളാ പൊലീസിന് കൈമാറി. ഈ വിവരം കിട്ടുമ്പോൾ തന്നെ സയന്റെ ഭാര്യ വിനുപ്രിയയും മകൾ നീതുവും മരിക്കുകയും ചെയ്തിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ എല്ലാം മാറ്റി മറിച്ചു. വിനുപ്രിയയുടേയും നീതുവിന്റേയും കഴുത്തിലെ മുറിവാണ് സംശയങ്ങൾക്ക് പുതിയ തലം നൽകിയത്. ജയലളിതയുടെ കോടനാട് എസ്റ്റേറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്റെ കൊലപാതക കേസിലെ രണ്ടാം പ്രതിയാണ് സയൻ. ഒന്നാംപ്രതിയായ കനകരാജ് കഴിഞ്ഞ ദിവസം ബൈക്കപകടത്തിൽ കൊല്ലപ്പെട്ടിരുന്നു. കേസിലെ രണ്ട് പ്രതികളും മണിക്കൂറുകളുടെ വ്യത്യാസത്തിൽ അപകടത്തിൽ പെട്ടത് ദുരൂഹതയുണ്ടാക്കി.

കേസിൽ പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ കോയമ്പത്തൂരിലെ താമസക്കാരനായ സയൻ, തൃശൂരിലെ തന്റെ വീട്ടിലേക്ക് കാറിൽ പുറപ്പെട്ടു. ഭാര്യയേയും മകളേയും വീട്ടിലാക്കി രക്ഷപ്പെടാനുള്ള ആഗ്രഹമാകാം ഇതിന് കാരണമെന്നായിരുന്നു പൊലീസിന്റെ ആദ്യ സംശയം. എന്നാൽ നിർത്തിയിട്ട കാറിൽ ബോധപൂർവ്വം കാറിടിച്ചു കയറ്റിയതാണെന്ന സാക്ഷി മൊഴികൾ ഈ തിയറിയോട് യോജിച്ചില്ല. ഇതോടെ കുടുംബവുമൊത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്ന ധാരണയിലേക്ക് പൊലീസ് എത്തി. ഇതിനിടെയാണ് വിനുപ്രിയയുടേയും നീതുവിന്റേയും കഴുത്തിലെ മുറിവ് പൊലീസിന്റെ ശ്രദ്ധയിലെത്തുന്നത്.

വിനു പ്രിയയേയും നീതുവിനേയും മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തിയെന്ന സംശയമാണ് ബലപ്പെടുന്നത്. ഇതിന് ശേഷം കാർ ലോറിയിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. കൊലപാതകത്തെ അപകടമാക്കി മാറ്റാനുള്ള തന്ത്രമാകും ഇതെന്നും വിലയിരുത്തലുണ്ട്. ഏതായാലും ഈ അപകടത്തിലെ യഥാർത്ഥ വസ്തുത അറിയണമെങ്കിൽ സയൻ പൂർണ്ണ ആരോഗ്യം വീണ്ടെടുക്കണം. എന്നാൽ അതീവ ഗരുതരാവസ്ഥയിലാണ് സയൻ. ഇത് പൊലീസിനെ കുഴക്കുന്നുണ്ട്. ഏതായാലും കണ്ണാടിയിലെ മരണങ്ങളെ കൊലപാതകമായി കണ്ട് പൊലീസ് അന്വേഷണം നടത്തും. സയൻ തന്നെയാണ് കൊലപാതകിയെന്നാണ് പൊലീസ് ഈ ഘട്ടത്തിൽ കരുതുന്നത്.

വിനുപ്രിയയും നീതുവും അപകടത്തിനു മുൻപേ തന്നെ മരിച്ചിരുന്നുവെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി. ഇരുവരുടെയും കഴുത്തിൽ ഒരേ രീതിയിൽ ആഴത്തിലുള്ള മുറിവുകളുണ്ടെന്നും ഇത് സംഭവത്തിന്റെ ദുരൂഹത വർധിപ്പിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. ഇതേത്തുടർന്ന് സയനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ തമിഴ്‌നാട് പൊലീസ് കോയമ്പത്തൂരിലേക്ക് കൊണ്ടു പോയി. സയൻ സംസാരിക്കാൻ സാധിക്കാത്ത അവസ്ഥയിലായതിനാൽ ഇയാളിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കുന്ന കാര്യം പ്രയാസമാണെന്ന് പൊലീസ് പറഞ്ഞു.

ദേശീയപാത കണ്ണാടിയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന ചരക്കുലോറിയിലേക്ക് കാർ ഇടിച്ചുകയറിയാണ് അപകടം. പുലർച്ചെ ആറരയ്ക്കായിരുന്നു അപകടം. കോയമ്പത്തൂരിൽ നിന്നും തൃശൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാർ പൂർണ്ണമായും ലോറിക്കടിയിലേക്ക് ഇടിച്ചുകയറിയിരുന്നു. ഫയർഫോഴ്‌സ് എത്തിയാണ് ലോറിക്കടിയിൽ നിന്നും കാർ വലിച്ചെടുത്ത് യാത്രക്കാരെ പുറത്തെത്തിച്ചത്. അതേസമയം, ആദ്യം സാധാരണ അപകടമായി മാത്രം കണ്ടിരുന്ന സംഭവത്തിന് പുതിയ മാനം നല്കിയത് അപകടത്തിനിരയാക്കിയ കാറാണ്. കോടനാട്ട് ജയലളിതയുടെ എസ്റ്റേറ്റിൽ മോഷണം നടത്തിയവർ എത്തിയത് ഇതേ കാറിലാണെന്ന് പൊലീസ് കണ്ടെത്തി. ഇതോടെയാണ് ദുരൂഹതകൾ തുടങ്ങുന്നത്.

കോയമ്പത്തൂരിൽ ഒരു ബേക്കറിയിലാണ് സയൻ ജോലി ചെയ്യുന്നത്. കുടുംബവുമായി ഏറെ നാളായി കോയമ്പത്തൂരിലായിരുന്നു താമസം. കേസിലെ ഒന്നാം പ്രതി സേലം സ്വദേശി കനകരാജ് കഴിഞ്ഞദിവസം വാഹനാപകടത്തിൽ മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാം പ്രതി കെ.വി. സയനും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെടുന്നത്. സേലത്തെ കനകരാജിന്റെ അപകടത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെങ്കിലും പാലക്കാട് കണ്ണാടിയിലുണ്ടായ അപകടം ബോധപൂർവമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ജയലളിതയുടെ എസ്റ്റേറ്റിലെ ഡ്രൈവറായിരുന്നു കനകരാജ്. ഇയാളെ മുമ്പ് ജോലിയിൽ നിന്ന് പിരിച്ചു വിട്ടിരുന്നു. അതുകൊണ്ട് തന്നെ കോടനാട് കേസിൽ വമ്പൻ ഗൂഢാലോചനയുണ്ടെന്ന സൂചനയാണ് പുറത്തുവരുന്നത്.

ജയലളിതയുടെ തോഴിയായ ശശികലയുടെ മന്നാർഗുഡി മാഫിയയിലേക്കാണ് സംശയങ്ങൾ നീളുന്നത്. തിങ്കളാഴ്ചയാണ് കോടനാട് എസ്റ്റേറ്റിലെ സ്വകാര്യ റോഡിൽ 51കാരനായ സുരക്ഷജീവനക്കാരൻ ഓം ബഹാദൂറിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മറ്റൊരു കാവൽക്കാരനായ കൃഷ്ണ ബഹാദൂറിനെ പരിക്കേറ്റ നിലയിലും കണ്ടെത്തിയിരുന്നു. അതേസമയം മോഷണത്തിന് ശ്രമിച്ച കേസിൽ 11 പേർ പിടിയിലായി. ഏഴുപേർ മലയാളികളും നാലുപേർ മറ്റ് സംസ്ഥാനങ്ങളിലുള്ളവരുമാണ്. മലപ്പുറം എസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്. മറ്റൊരു കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് കോടനാട് എസ്റ്റേറ്റ് കൊലപാതകക്കേസ് പ്രതികളിലേക്ക് എത്തിയത്.

മലയാളികൾ മലപ്പുറം, തൃശ്ശൂർ, വയനാട് ജില്ലകളിലുള്ളവരാണ്. പ്രതികളിലൊരാൾ കേരളത്തിലെ പോളിടെക്‌നിക്കിൽനിന്ന് റാഗിങ്ങുമായി ബന്ധപ്പെട്ട് പഠനം അവസാനിപ്പിച്ചയാളാണ്. അതേസമയം ജലയളിതയുമായി ബന്ധപ്പെട്ട നിർണായകരേഖകൾ കടത്തുകയെന്ന ലക്ഷ്യത്തിനാണ് മോഷ്ടാക്കൾ എസ്റ്റേറ്റിലെത്തിയതെന്നാണ് സൂചന. ഇതിനു പിന്നിൽ വൻശക്തികളുണ്ടാകുമെന്നാണ് സൂചന. രണ്ട് വാഹനങ്ങളിലായി എത്തിയ പത്തോളം വരുന്ന സംഘം ബലം പ്രയോഗിച്ച്, ജയലളിതയും ശശികലയും ഉപയോഗിച്ചിരുന്ന മുറികളുടെ ജനലുകളും വാതിലും പൊളിച്ച് അകത്തുകയറിയതായി കരുതുന്നു. മറ്റൊരു കാവൽക്കാരനായ കിഷൻ എന്ന കൃഷ്ണ ബഹാദൂറിന്റെ മൊഴിയനുസരിച്ച് കൊലയാളിയുടെ രേഖാചിത്രം തയ്യാറാക്കിയാണ് പൊലീസിന്റെ അന്വേഷണം പുരോഗമിച്ചത്.

കോടനാട് എസ്റ്റേറ്റിന്റെ അടുത്തുള്ള വാർവിക്ക് ഭാഗത്തുള്ള അളക്കരയിലെ സ്വകാര്യ എസ്റ്റേറ്റിൽ ഗൂഢാലോചന നടന്നതായാണ് കരുതുന്നതെന്ന് പൊലീസ് ഉന്നതർ പറയുന്നു. കവർച്ച നടന്ന സമയത്ത് കുറ്റവാളികളെത്തിയ വാഹനത്തിന്റേതെന്ന് കരുതുന്ന നമ്പർപ്ലേറ്റും കൈയുറകളും മറ്റും കണ്ടെത്തിയത് ഇതിനരികിലാണ്. പുലർച്ചെ നടന്ന സംഭവത്തിൽ ഏക ദൃക്‌സാക്ഷി കൃഷ്ണബഹദൂർ മാത്രമാണ്. സംഭവത്തിനുശേഷം, എസ്റ്റേറ്റുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന മലയാളിയുടെ തിരോധാനമാണ് പൊലീസിന് വീണ്ടും സംശയമുണ്ടാക്കിയത്.