ആലപ്പുഴ: വാഹന പരിശോധനയ്ക്കിടെ ബൈക്ക് യാത്രക്കാരനായ യുവാവിനെ പൊലീസ് ലാത്തി കൊണ്ട് എറിഞ്ഞ് വീഴ്‌ത്തി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വള്ളികുന്നം ഇലിപ്പക്കുളം കൊപ്പാറ പടീറ്റതിൽ നിസാം (22) ആണ് പൊലീസു കാരുടെ ആക്രമണത്തിന് ഇരയായത്.

ഇന്നലെ രാത്രി 8 മണിയോടെയായിരുന്നു സംഭവം. വള്ളികുന്നം ചൂനാട് ജംഗ്ഷന് സമീപം പൊലീസ് വാഹന പരിശോധന നടത്തുകയായിരുന്നു. ജോലി കഴിഞ്ഞ് പെട്രോൾ അടിക്കാനായി പമ്പിലേക്ക് പോകുമ്പോൾ പൊലീസ് കൈകാണിച്ചു. വാഹനം നിർത്താൻ തുടങ്ങുമ്പോൾ പിറകിൽ നിന്നും ഒരു പൊലീസുകാരൻ ലാത്തി വീശി എറിയുകയായിരുന്നു. തലയ്ക്ക് ഏറു കൊണ്ട നിസാം ബോധ രഹിതനായി താഴെ വീണു. സംഭവം ശ്രദ്ധയിൽ പെട്ട നാട്ടുകാർ തടിച്ചു കൂടുകയും നാട്ടുകാരുടെ നിർദ്ദേശ പ്രകാരം പൊലീസ് നിസാമിനെ കായംകുളം താലൂക്കാശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

ഒന്നര മണിക്കൂറിലേറെയായിട്ടും ഇയാൾക്ക് ബോധം തെളിയാത്തതിനാൽ താലൂക്കാശുപത്രിയിൽ നിന്നും ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. യുവാവിനെ മർദ്ധിച്ച സംഭവവുമായി ബന്ധപ്പെട്ട് വള്ളികുന്നം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ കണ്ണനെതിരെ കേസെടുത്ത് ആലപ്പുഴ ജില്ലാ പൊലീസ് മേധാവി സസ്‌പെന്റ് ചെയ്തു. വള്ളികുന്നം പൊലീസ് സ്റ്റേഷനിലേക്ക് ഡിവൈഎഫ്ഐ, യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ മാർച്ച് നടത്തി.

സസ്പെന്റ് ചെയ്ത പൊലീസുകാരൻ മദ്യപിച്ച് വാഹനമോടിച്ച് മതിൽ തകർത്ത സംഭവമുണ്ടായിട്ടുണ്ട്. വാഹന പരിശോദനയ്ക്കിടെ ജനങ്ങളോട് മോശമായി പെരുമാറുന്നത് പതിവാണെന്നും നാട്ടുകാർ പറയുന്നു. വാഹനം നിർത്താതെ പോയപ്പോൾ തടയുകമാത്രമാണ് ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ നിസാമം രാഷ്ട്രീയ പ്രവർത്തകനാണെന്നും ഇയാൾക്കെതിരെ മുൻവൈരാഗ്യമുള്ള പൊലീസുകാരാണ് ലാത്തികൊണ്ട് എറിഞ്ഞ് നിസാമിനെ വീഴ്‌ത്തിയതെന്നും നാട്ടുകാർ പറയുന്നു.

വാഹനം നിർത്താതെ പോയാൽ നമ്പർ നോട്ടുചെയ്തും മറ്റും നടപടിയെടുക്കാമെന്നിരിക്കെ പൊലീസ് ലാത്തിയെറിഞ്ഞ് വീഴ്‌ത്തുകയായിരുന്നു എന്നാണ് ആക്ഷേപം.