മസ്‌ക്കറ്റ്: സ്വകാര്യ വാഹനങ്ങളിൽ യാത്രക്കാരെ കയറ്റുന്നവർക്കെതിരേ കടുത്ത ശിക്ഷാ നടപടികളുമായി ഒമാൻ പൊലീസ്. ഓഫീസുകളിലേക്കും മറ്റും ജോലിക്കു പോകുന്ന കൂട്ടത്തിൽ വഴിയിൽ നിന്ന് യാത്രക്കാരെ കയറ്റി പണം വാങ്ങാമെന്ന് കരുതുന്നവർക്ക് തിരിച്ചടിയായിരിക്കുകയാണ് പുതിയ പ്രഖ്യാപനം. നിത്യം സ്വകാര്യ വാഹനങ്ങളിൽ യാത്രക്കാരെ കയറ്റി ടാക്‌സിക്കു  ബദലായി സർവീസ് നടത്തുന്നവർക്കെതിരേ നടപടി സ്വീകരിക്കുമെന്ന് റോയൽ ഒമാൻ പൊലീസ് അധികൃതർ അറിയിച്ചു.

ഇങ്ങനെ സർവീസ് നടത്തുന്നവർക്കിടയിൽ പൊലീസ് അടുത്തിടെ നടത്തിയ റെയ്ഡിൽ ഒട്ടേറെപ്പേർ കുടുങ്ങിയിരുന്നു. ടാക്‌സിക്കു പകരം സ്വകാര്യ വാഹനങ്ങൾ പിടിച്ച് ജോലി സ്ഥലത്തേക്ക് പോകുന്ന പ്രവണത കൂടി വരുന്നുണ്ടെന്നും ഇത്തരത്തിൽ ടാക്‌സിക്കു പകരം സ്വകാര്യ വാഹനങ്ങൾ സർവീസ് നടത്തുന്നത് കടുത്ത ശിക്ഷയ്ക്കു വിധേയമാണെന്നും പൊലീസ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. നിയമപ്രകാരം കമ്പനി വാഹനമോ ടാക്‌സിയോ മാത്രമാണ് തൊഴിലാളികളെ കൊണ്ടുപോകാൻ ഉപയോഗിക്കാൻ പാടുള്ളൂ.

ടാക്‌സി കാറുകൾക്ക് ബദലായി സ്വകാര്യ വാഹനങ്ങൾ സർവീസ് നടത്തുന്നത് ടാക്‌സി ഓടിച്ച് ഉപജീവനം നടത്തുന്നവരോട് കാട്ടുന്ന അനീതിയാണെന്നാണ് ചൂണ്ടിക്കാട്ടുന്നത്. കൊമേഴ്‌സ്യൽ ടാക്‌സി രജിസ്‌ട്രേഷനും ലൈസൻസും ലഭിക്കുകയെന്നത് ഇവിടെ അത്രയെളുപ്പമല്ലെന്നും അതുകൊണ്ടു തന്നെ ഇത്തരത്തിൽ ബദൽ സർവീസ് ടാക്‌സി ഡ്രൈവർമാർക്ക് ദോഷം ചെയ്യുന്നുണ്ടെന്നും വിലയിരുത്തപ്പെടുന്നു. സ്വകാര്യ വാഹനങ്ങളിൽ യാത്രക്കാരെ കയറ്റി സർവീസ് നടത്തുന്നതിനെതിരേ പൊലീസ് ശക്തമായ റെയ്ഡ് ആരംഭിച്ചിട്ടുണ്ട്. നിയമലംഘകർക്കെതിരേ പിഴയുൾപ്പെടെയുള്ള ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും റോയൽ ഒമാൻ പൊലീസ് വ്യക്തമാക്കി.