- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡല്ലേ...പൊലീസ് ഊതിക്കില്ല എന്ന് കരുതി വണ്ടിയുമായി ഇറങ്ങിയാൽ പെട്ടു; പൂസായവർക്ക് പൂട്ടിടാൻ ഊതിക്കൽ വീണ്ടും; വിഷുവും ഈസ്റ്ററും അടിച്ചുപൊളിക്കാൻ ഇരിക്കുന്നവരെ കാത്ത് പൊലീസും; പരിശോധന കർശനമാക്കാൻ ഡിജിപിയുടെ നിർദ്ദേശം
തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ പൊലീസ് 'ഊതിക്കൽ' പരിപാടി നിറുത്തിയതോടെ, മദ്യപിച്ച് വാഹനമോടിച്ച് അപകടങ്ങളുണ്ടാക്കുന്നവരുടെ എണ്ണം കൂടുന്നു. കോവിഡ് വ്യാപനം ഭയന്നാണ് ബ്രീത്ത് അനലൈസർ ഉപയോഗിച്ചുള്ള പരിശോധന പൊലീസ് ഉപേക്ഷിച്ചത്. മുഖത്തേക്ക് ഊതിച്ചു വരെ മുമ്പ് പൊലീസുകാർ വാഹന പരിശോധന നടത്തിയിരുന്നു.
മദ്യ ലഹരിയിലാണെങ്കിലും പൊലീസ് പിടികൂടില്ലെന്ന ആത്മവിശ്വാസം വാഹനമോടിക്കുന്നവർക്ക് ഉണ്ടാക്കിയതുകൊവിഡാണ്. ഇപ്പോൾ അവധിക്കാലമാണ്. വിഷു, ഈസ്റ്റർ ആഘോഷങ്ങൾ വരുന്നു. അതുകൊണ്ട് തന്നെ ജാഗ്രത കൂട്ടാനാണ് ഡിജിപിയുടെ തീരുമാനം. സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച സാഹചര്യത്തിൽ, മദ്യപിച്ച് വാഹനമോടിക്കുന്നത് കണ്ടെത്താൻ ഡിജിപി നിർദ്ദേശിച്ചു.
രണ്ട് വർഷമായി ആൽക്കോമീറ്റർ പരിശോധന നിർത്തിവച്ചിരുന്നു. ഇത് പുനരാരംഭിക്കാനാണ് ഉത്തരവ്. രാത്രികാലങ്ങളിൽ വാഹന പരിശോധന കർശനമാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
ലഹരി കീഴടക്കിയാൽ ഡ്രൈവിങ് പാളും
1. ശരീരവും ചിന്തയും തമ്മിലുള്ള ഏകോപനത്തെയും പ്രതികരണങ്ങളെയും മദ്യം കീഴടക്കും
2. അമിതമായ ആത്മവിശ്വാസവും അപകടകരമായി വണ്ടിയോടിക്കാനുള്ള ധൈര്യവും കൂടും
3. ശരിയായ തീരുമാനമെടുക്കാനുള്ള കഴിവ് നഷ്ടപ്പെട്ട് അപകട സാദ്ധ്യത വർദ്ധിക്കും
4. ഒന്നിലധികം കാര്യങ്ങൾ ഒരുമിച്ച് ചെയ്യാനുള്ള കഴിവ് പരിമിതപ്പെടുന്നു
അപായസാദ്ധ്യത തിരിച്ചറിയുന്ന സമയം, ആക്സിലറേറ്ററിൽ നിന്ന് കാൽ ബ്രേക്കിലേക്ക് മാറ്റുന്ന സമയം, ബ്രേക്ക് പെഡൽ അമർത്തുമ്പോൾ വാഹനം നിൽക്കാനെടുക്കുന്ന സമയം എന്നിവയെ ആശ്രയിച്ചാണ് നിശ്ചിത വേഗത്തിൽ ഓടുന്ന വാഹനം നിറുത്താൻ കഴിയുന്നത്. ശാസ്ത്രീയമായി 'വിരാമ വിളംബം' (എൻഡിങ് ഡിലേ) എന്നാണ് ഇത് അറിയപ്പെടുന്നത്. സുബോധത്തിൽ ഇത് ഒരു സെക്കൻഡിന്റെ പകുതി മാത്രമാണ് എടുക്കുന്നത്. എന്നാൽ മദ്യം, ലഹരിമരുന്നുകൾ, ക്ഷീണം, ശ്രദ്ധയില്ലായ്മ ഇവയെല്ലാം സമയം വർദ്ധിപ്പിക്കും. നൂറു കിലോമീറ്റർ വേഗത്തിൽ ഓടുന്ന വണ്ടിയിൽ ഈ സമയം 4 സെക്കൻഡായി നീണ്ടാൽ ബ്രേക്കിൽ പാദമമരും മുമ്പ് തന്നെ വണ്ടി ഒരു ഫുട്ബോൾ മൈതാനത്തിന്റെ നീളം താണ്ടുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്.
മറുനാടന് മലയാളി ബ്യൂറോ