കൊച്ചി: സ്റ്റിക്കറൊട്ടിച്ച് മറച്ച വണ്ടി പിടിച്ചപ്പോൾ പൊലീസിനെതിരെ കുതിരകയറാൻ നോക്കി പബ്‌ളിസിറ്റി സ്റ്റണ്ടിറക്കാൻ നോക്കിയ അങ്കമാലി ഡയറീസ് സംഘം പണികിട്ടുമെന്നായപ്പോൾ പതുക്കെ മലക്കംമറിയുന്നു. സ്റ്റിക്കറൊട്ടിച്ച് അകവശം കാണാത്തവിധം മറച്ച ചിത്രത്തിന്റെ പ്രചരണവാഹനത്തിന് നേരത്തെ മോട്ടോർ വാഹന വകുപ്പ് പിടികൂടി് പിഴയിട്ടിരുന്നെന്നും അമിതവേഗതയിൽ ഓടിച്ചിരുന്നെന്നും വാഹനത്തിന്റെ രേഖകൾ പലതും ശരിയല്ലെന്നുമെല്ലാം ആരോപണങ്ങൾ ഉയരുന്നതോടെ പൊലീസ് നടപടി ഉറപ്പായിരിക്കുകയാണ് സിനിമാ സംഘത്തിനെതിരെ.

അങ്കമാലി ഡയറീസിലെ അഭിനേതാക്കൾ സഞ്ചരിച്ചിരുന്ന വാഹനം രൂപമാറ്റം വരുത്തിയതിന്റെ പേരിൽ കേസെടുത്ത് കോടതിക്ക് റിപ്പോർട്ട് കൈമാറുമെന്ന് മൂവാറ്റുപുഴ ഡിവൈഎസ്‌പി പികെ ബിജുമോൻ മറുനാടൻ മലയാളിയോട് വ്യക്തമാക്കി. മോട്ടോർ വെഹിക്കിൾ വകുപ്പ് അധികൃതരുമായി ആലോചിച്ച് എല്ലാ നിയമവശങ്ങളും പരിശോധിച്ച ശേഷമായിരിക്കും കേസിൽ നടപടികൾ പൂർത്തിയാക്കുക. കഴിഞ്ഞ ദിവസം മുവാറ്റുപുഴയിൽ വച്ച് സംശയം തോന്നി അങ്കമാലി ഡയറീസിന്റെ പ്രചരണവാഹനം ഡിവൈഎസ്‌പി തടഞ്ഞ് പരിശോധിച്ചതോടെയാണ് വിവാദങ്ങളുണ്ടായത്.

പൊലീസ് അധിക്ഷേപിച്ചെന്ന് ആരോപിച്ച് താരങ്ങളും അങ്കമാലി ഡയറീസ് സംവിധായകൻ ലിജോജോസ് പെല്ലിശ്ശേരിയും രംഗത്തെത്തുകയുമായിരുന്നു. ഇതോടെ സംഭവം സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടു.തുടർന്ന് സംഭവത്തിൽ ഡി വൈ എസ് പി യുടെ വിശദീകരണം ഇന്നലെ മറുനാടൻ റിപ്പോർട്ടുചെയ്തിരുന്നു. മുൻവശത്തെ ഗ്ലാസ്സ് ഒഴികെ മറ്റെല്ലാ ഗ്ലാസുകളും സ്റ്റിക്കർ പതിച്ച കാർ കണ്ട് സംശയം തോന്നി പരിശോധിച്ചെന്നും നടി നടന്മാരാണെന്ന് ബോദ്ധ്യപ്പെട്ടതോടെ ഇവരെ പറഞ്ഞയച്ചു എന്നുമായിരുന്നു ഇദ്ദേഹം വ്യക്തമാക്കിയത്.

അതേസമയം, പൊലീസ് പരിശോധനയോട് എതിരല്ലെന്നും എന്നാൽ അഭിനേതാക്കളോട് നിങ്ങളെന്താ താടിവടിക്കാത്തെ, മുടി വെട്ടാത്തെ തുടങ്ങി മാന്യമല്ലാത്ത ചോദ്യങ്ങൾ ചോദിച്ചെന്നുമെല്ലാമാണ് സംവിധായകൻ ലിജോജോസ് പെല്ലിശ്ശേരി ഇപ്പോൾ പറയുന്നത്. ചിത്രത്തിന്റെ പ്രചരണാർത്ഥം വാഹനത്തിൽ സ്റ്റിക്കറൊട്ടിക്കാൻ അനുവാദമുണ്ടായിരുന്നു എന്നാണ് ലിജോ പറയുന്നത്. വാഹനത്തിലുള്ളവരെ പുറത്തിറക്കി മോശമായാണ് പൊലീസ് സംസാരിച്ചത്.

നിങ്ങൾ എന്താണ് വാഹനത്തിനുള്ളിൽ ചെയ്യുന്നതെന്നും മറ്റുമുള്ള ചോദ്യങ്ങൾ ചോദിച്ചതാണ് ഞങ്ങളുടെ പ്രശ്‌നം. വാഹനത്തിനുള്ളിൽ നടിനടന്മാരാണെന്നുള്ളത് പോസ്റ്റർ കണ്ടാൽ തന്നെ മനസിലാകും. പൊലീസ് പരിശോധനയോടു എതിരല്ല. എന്നാൽ അഭിനേതാക്കളോടു നിങ്ങളെന്താ താടി വടിക്കാത്തെ, മുടി വെട്ടാത്തെ തുടങ്ങിയ ചോദിച്ചു. ടിറ്റോ എന്ന നടനോടു നിന്നെ പേരു മാറ്റി പൾസർ ടിറ്റോ എന്നു വിളിക്കട്ടെ എന്നു പൊലീസ് ചോദിച്ചു. ഇതിനൊക്കെ എന്ത് ന്യായീകരണമാണ് നൽകാനുള്ളതെന്നും വണ്ടിയിലെ സ്റ്റിക്കർ മാറ്റാൻ അവർക്കു മാന്യമായി നിർദേശിക്കാമായിരുന്നെന്നും ആണ് ലിജോ പ്രതികരിച്ചത്.

എന്നാൽ വാഹനം തടഞ്ഞ് പരിശോധിച്ചതിൽ ഒരു തെറ്റുമില്ലെന്ന് വ്യക്തമാക്കിയ എറണാകുളം റൂറൽ എസ്‌പി എ വി ജോർജ് സംഭവത്തിൽ തുടർനടപടികൾക്ക് നിർദേശിച്ചതായാണ് അറിയുന്നത്. സിനിമയുടെ പ്രചാരണത്തിനായി ഓടിക്കുന്ന വാഹനത്തിന്റെ ചില്ലുകളെല്ലാം മൂടിക്കെട്ടി സ്റ്റിക്കർ പതിച്ചത് കണ്ടിട്ടും നടപടിയെടുക്കാതെ വിട്ടയച്ചതിനെക്കുറിച്ച് പൊലീസ് ഉദ്യോഗസ്ഥരോട് എസ്‌പി എ.വി.ജോർജ് വിശദീകരണവും ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസമാണ് മൂവാറ്റുപുഴയിൽ സിനിമാ പ്രവർത്തകർ സഞ്ചരിച്ച കാർ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞ് പരിശോധിച്ചത്. സിനിമയുടെ അഭിനേതാക്കളും അണിയറ പ്രവർത്തകരും സഞ്ചരിച്ച വാഹനത്തിന്റെ ഗ്ലാസ് സ്റ്റിക്കറൊട്ടിച്ച് മറച്ചത് പിഴ ഈടാക്കേണ്ട കുറ്റമാണെന്നും എസ്‌പി പറഞ്ഞു. മോട്ടോർ വാഹനനിയമപ്രകാരവും ഗ്ലാസുകൾ പൂർണമായും മറച്ചത് തെറ്റാണ്. ഇന്നു മുതൽ എറണാകുളം റൂറൽ മേഖലയിൽ മുഴുവൻ വാഹനങ്ങളിലും പരിശോധന നടത്താൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

നടിയെ ഓടിക്കൊണ്ടിരുന്ന വാഹനത്തിൽവച്ച് പീഡിപ്പിച്ച സംഭവം പൊലീസ് പട്രോളിങ് സംഘങ്ങൾ എന്തുകൊണ്ട് അറിഞ്ഞില്ലെന്ന് നേരത്തേ വിമർശനം ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അസ്വാഭാവികത തോന്നുന്ന വാഹനങ്ങളെല്ലാം കർശനമായി പരിശോധിക്കാനാണ് പൊലീസിന് നിർദ്ദേശം നൽകിയിട്ടുള്ളത്. സിനിമാക്കാരുടെ പ്രചരണ വാഹനവും അത്തരമൊരു പരിശോധനയുടെ ഭാഗമായാണ് തടഞ്ഞതെന്നാണ് പൊലീസ് പറഞ്ഞത്. ഡ്രൈവറുടെ സീറ്റിനടുത്ത് ഒരു പെൺകുട്ടിയിരിക്കുന്നതാണ് പുറമെനിന്ന് കണ്ടതെന്നും അതിനെതുടർന്നാണ് പരിശോധനയ്ക്കായി തടഞ്ഞതെന്നും ഡിവൈഎസ്‌പി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഏറ്റുമാനൂരിലെ കോളജിൽ നടന്ന പ്രോഗ്രാമിനു ശേഷം കൊച്ചിയിലേക്കു പോകുകയായിരുന്നു സിനിമാ പ്രവർത്തകർ. നായിക ബിന്നി ബെഞ്ചമിനുൾപ്പെടെയുള്ള അഭിനേതാക്കളും അണിയറ പ്രവർത്തകരുമായെത്തിയ വാഹനം പൊലീസ് തടയുകയായിരുന്നു. ചിത്രത്തിന്റെ പോസ്റ്ററുകളും സ്റ്റിക്കറുകളും കൊണ്ട് അലങ്കരിച്ചിരുന്ന വാഹനം നഗരത്തിലെ ഗ്രാൻഡ് സെന്റർ മാളിനു മുന്നിൽ പൊലീസ് വാഹനം വട്ടമിട്ടു നിർത്തി പരിശോധിച്ചു.

വാഹനത്തിനുള്ളിൽ സ്ത്രീയായി ബിന്നി മാത്രമാണ് ഉണ്ടായിരുന്നത്. നാട്ടിൽ പീഡനമൊക്കെ അരങ്ങേറുകയാണെന്നും സ്റ്റിക്കറൊട്ടിച്ചു പുറത്തു നിന്നു നോക്കിയാൽ അകം കാണാത്ത വിധത്തിലാക്കിയ ശേഷം വാഹനത്തിൽ പെൺകുട്ടിയുമായി എന്തു ചെയ്യുകയാണെന്നും മറ്റും ചോദിച്ചു പൊലീസ് വിരട്ടിയെന്നു ബിന്നി പറയുന്നു. അതേസമയം, ഇത് വിവാദമാക്കിയത് സിനിമയ്ക്ക് പബ്‌ളിസിറ്റി കിട്ടാനുള്ള ചീപ്പ് തന്ത്രമായിരുന്നുവെന്ന വിമർശനങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമാകുകയും ചെയ്തു. ന്യായമായി പരിശോധന നടത്തിയ പൊലീസിന് എതിരെ ആരോപണം ഉന്നയിച്ച് മാധ്യമശ്രദ്ധ നേടാനായിരുന്നു ശ്രമമെന്നാണ് ആക്ഷേപം.