ന്യൂഡൽഹി: മുൻ ജലവിഭവ മന്ത്രി കപിൽ മിശ്ര ഉന്നയിച്ച അരവിന്ദ് കെജ്രിവാളിനെതിരായ അഴിമതി ആരോപണം ഡൽഹി പൊലീസ് അന്വേഷിക്കും. കപിൽ മിശ്ര നൽകിയ പരാതി ഡൽഹി ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജൽ തിങ്കളാഴ്ച ഡൽഹി പൊലീസിന് കീഴിലുള്ള അഴിമതിവിരുദ്ധ സേനക്ക് കൈമാറുകയും ചെയ്തു.

അരവിന്ദ് കെജരിവാളിനെതിരായ ആരോപണത്തിൽ താൻ ഉറച്ചു നിൽക്കുന്നുവെന്നും തന്നെ നുണ പരിശോധനയ്ക്ക് വിധേയനാക്കാനും കപിൽ മിശ്ര വെല്ലുവിളിച്ചു. ആരോപണത്തെത്തുടർന്ന് അദ്ദേഹത്തെ മന്ത്രിസഭയിൽ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു.

അരവിന്ദ് കെജരിവാൾ രണ്ടു കോടി കോഴവാങ്ങിയെന്നായിരുന്നു കപിൽ മിശ്രയുടെ ആരോപണം. ആരോഗ്യമന്ത്രി സത്യേന്ദ്ര ജയ്ൻ കെജരിവാളിന്റെ വസതിയിലെത്തിയായിരുന്നു പണം കൈമാറിയത്. താൻ ഇത് കണ്ടുവെന്നായിരുന്നു മിശ്രയുടെ ആരോപണം. അതേസമയം, മിശ്രക്കു പിന്നിൽ കളിക്കുന്നത് ബിജെപിയാണെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു.

അതേസമയം, പുറത്താക്കപ്പെട്ട മന്ത്രി കപിൽ മിശ്ര തനിക്കെതിരെ ഉന്നയിച്ച ആരോപണം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരീവാളിന് 'ഉർവശീ ശാപം ഉപകാര'മെന്ന മട്ടിലായി. രണ്ടുകോടി രൂപ കൈക്കൂലി വാങ്ങിയെന്ന കപിൽ മിശ്രയുടെ ആരോപണം തള്ളി, പാർട്ടിയിലെ വിമതർപോലും കെജരീവാളിനൊപ്പം ചേർന്നു. അടുത്തിടെ പാർട്ടിയിലുണ്ടായ ഭിന്നിപ്പിനെത്തുടർന്ന് കുമാർ ബിശ്വാസിനൊപ്പം ചേർന്ന എംഎൽഎമാർ പോലും ഇക്കാര്യത്തിൽ അരവിന്ദ് കെജരീവാളിനൊപ്പമാണ്.

ഒരിക്കൽ കെജരീവാളിന്റെ ഉറ്റമിത്രങ്ങളും പിന്നീട് ശത്രുക്കളുമായ പ്രശാന്ത് ഭൂഷണെയും യോഗേന്ദ്ര യാദവിനെയും പോലുള്ളവരും കപിൽ മിശ്രയുടെ ആരോപണം തള്ളി. ആംആദ്മി പാർട്ടി മുങ്ങുന്ന കപ്പലാണെന്ന കാര്യത്തിൽ ഇരുവർക്കും സംശയമില്ല. പക്ഷേ, കെജരീവാൾ അഴിമതിക്കാരനാണെന്ന് വിശ്വസിക്കാൻ അവർ തയ്യാറല്ല.

12 വർഷമായി തനിക്ക് കെജരീവാളിനെ അറിയാമെന്നും, അദ്ദേഹം അഴിമതിക്ക് കൂട്ടുനിൽക്കുമെന്ന് കരുതുന്നില്ലെന്നും കുമാർ ബിശ്വാസ് ട്വീറ്റ് ചെയ്തു. എന്നാൽ, കപിൽ മിശ്രയുടെ ആരോപണത്തിൽ ഉൾപ്പെട്ട ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജയ്ൻ തന്റെ ഭാഗം വിശദീകരിക്കണമെന്നും ബിശ്വാസ് പറഞ്ഞു. അഴിമതി നടത്തിയ മന്ത്രി സത്യേന്ദ്ര ജെയ്ൻ ജയിലിൽപ്പോകുമ്പോൾ നിങ്ങൾ വിശ്വസിക്കുമെന്നായിരുന്നു ബിശ്വാസിന്റെ ട്വീറ്റിന് കപിൽ മിശ്രയുടെ മറുപടി.

ജയ്നിന്റെ പക്കൽനിന്ന് ഔദ്യോഗിക വസതിയിൽവെച്ച് രണ്ടുകോടി രൂപ കെജരീവാൾ വാങ്ങുന്നത് കണ്ടു എന്നായിരുന്നു കപിൽ മിശ്രയുടെ ആരോപണം. മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ടതിന്റെ പിറ്റേന്നാണ് ആരോപണമുന്നയിച്ചതെന്നത് ശ്രദ്ധേയമാണ്. എന്നാൽ, അൽക്ക ലാംബ, ആദർശ് ശാസ്ത്രി, സോംനാഥ് ഭാരതി, രാജേഷ് റിഷി തുടങ്ങി വിമതപക്ഷത്തുള്ള എംഎൽഎമാർ, ഇക്കാര്യത്തിൽ കെജരീവാളിനൊപ്പമാണെന്ന് വ്യക്തമാക്കി.

അരവിന്ദ് കെജരീവാളിനെ വിലയ്ക്കെടുക്കാൻ പോന്നവൻ ഇനിയും ജനിക്കേണ്ടിയിരിക്കുന്നുവെന്നാണ് പാർട്ടി സീനിയർ നേതാവ് ആശിഷ് ഖേതൻ ട്വീറ്റ് ചെയ്തത്. മിശ്രയ്ക്ക് മനോനില തെറ്റിയെന്നാണ് മുൻ നേതാവ് ദിലീപ് പാണ്ഡെയുടെ പ്രതികരണം. സത്യസന്ധമായ രാഷ്ട്രീയ പ്രവർത്തനത്തിന് ഇന്ത്യയിൽ അവശേഷിക്കുന്ന ഏക നേതാവാണ് കെജരീവാളെന്ന് ആദർശ് ശാസ്ത്രിയും പ്രതികരിച്ചു.

അധികാരക്കൊതിയനും കടുംപിടിത്തക്കാരനുമൊക്കെയാണ് കെജരീവാളെങ്കിലും കൈക്കൂലി വാങ്ങിയെന്ന കാര്യം വിശ്വസിക്കണമെങ്കിൽ കൃത്യമായ തെളിവ് വേണമെന്ന് യോഗേന്ദ്ര യാദവ് പറഞ്ഞു. പ്രശാന്ത് ഭൂഷണും സമാനമായ അഭിപ്രായപ്രകടനമാണ് നടത്തിയത്. ആം ആദ്മി മുങ്ങുന്ന കപ്പലാണെന്നും വലിയൊരു അവസരമാണ് പാർട്ടി നഷ്ടപ്പെടുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.