- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദിലീപിനൊപ്പം സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിൽ നടി കാവ്യ മാധവനും പങ്കെന്ന് സൂചന; ദിലീപിന്റെ ഭാര്യയെ ചോദ്യം ചെയ്യാൻ ഒരുങ്ങി അന്വേഷണ സംഘം; കാവ്യയുടെ സ്വാധീനത്തിൽ മൊഴി മാറ്റിയത് ലക്ഷ്യയിലെ ജീവനക്കാരനായിരുന്ന സാഗർ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാമാധവനെ ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം. എട്ടാംപ്രതി ദിലീപിനെ രണ്ട് ദിവസം തുടർച്ചയായി ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കാവ്യയെയും ചോദ്യം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ കാവ്യാമാധവനും ശ്രമിച്ചുവെന്നാണ് അന്വേഷണ സംഘത്തിന്റെ വാദം. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ വേണ്ടിയാണ് കാവ്യ മാധവനെയും ചോദ്യം ചെയ്യുന്നത്.
ആലപ്പുഴ സ്വദേശി സാഗർ വിൻസന്റ് മൊഴി മാറ്റിയതിന് പിന്നിൽ കാവ്യയ്ക്ക് പങ്കുണ്ട്. കാവ്യയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്യയിലെ ജീവനക്കാരനായിരുന്നു സാഗർ. നടിയെ അക്രമിച്ച കേസിലെ നാലാം പ്രതി വിജീഷ് സംഭവത്തിന് ശേഷം സ്ഥാപനത്തിലെത്തി ദിലീപോ കാവ്യയോ മറ്റു ബന്ധുക്കളോ അവിടെയുണ്ടോയെന്ന് അന്വേഷിച്ചെന്നും ആരുമില്ലെന്ന് പറഞ്ഞപ്പോൾ തിരിച്ചു പോയെന്നും സാഗർ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു. എന്നാൽ, മജിസ്ട്രേറ്റിന് മുന്നിൽ രഹസ്യമൊഴി നൽകിയപ്പോൾ ഇക്കാര്യം പറഞ്ഞില്ല.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സാക്ഷിയെ സ്വാധീനിച്ചതായി കണ്ടെത്തിയത്.കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ചോദ്യം ചെയ്യലിൽ ഫോണിലെ വിവരങ്ങൾ നശിപ്പിച്ചത് താൻ തന്നെയാണെന്ന് ദിലീപ് അന്വേഷണസംഘത്തിന് മൊഴി നൽകിയിട്ടുണ്ട്. ശബ്ദസാമ്പിളുകളിൽ രണ്ടെണ്ണം മാത്രമാണ് തന്റേതെന്നും ദിലീപ് പറഞ്ഞു. സംവിധായകൻ ബാലചന്ദ്രകുമാറിന് ഒപ്പമിരുത്തിയാണ് ദിലീപിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തത്.ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളെ കുറിച്ച് അറിയില്ലെന്നും നടിയെ ആക്രമിച്ച് പൾസർ സുനി പകർത്തിയ ദൃശ്യം കണ്ടിട്ടില്ലെന്നുമുള്ള മൊഴിയെ തുടർന്നാണ് ദിലീപിനെ ബാലചന്ദ്രകുമാറിനൊപ്പമിരുത്തി ചോദ്യം ചെയ്തത്.
രണ്ട് ദിവസമായി 16.5 മണിക്കൂറാണ് ദിലീപിനെ ചോദ്യം ചെയ്തത്. അടുത്തമാസം 16ന് തുടരന്വേഷണ റിപ്പോർട്ട് നൽകുന്നതിന് മുമ്പ് ദിലീപിനെ വീണ്ടും വിളിപ്പിച്ചേക്കും. അതേസമയം, വധ ഗൂഢാലോചന കേസിലെ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്നും വാദം കേൾക്കും.
നടിയെ ആക്രമിച്ച കേസിലെ പിഴവുകൾ ഇല്ലാതാക്കാൻ പൊലീസ് കെട്ടിച്ചമച്ചതാണ് വധ ഗൂഢാലോചന കേസെന്നാണ് ദിലീപിന്റെ വാദം. കൃത്യമായി ആസൂത്രണം ചെയ്തതിന്റെ ഭാഗമായിട്ടാണ് വധ ഗൂഢാലോചന കേസ് സൃഷ്ടിച്ചതെന്നും ദിലീപ് കോടതിയെ അറിയിച്ചിട്ടുണ്ട്. കേസിലെ തെളിവുകൾ നശിപ്പിച്ചുവെന്ന പ്രോസിക്യൂഷന്റെ വാദം ദിലീപ് നേരത്തെ തന്നെ നിഷേധിച്ചിരുന്നു. എന്നാൽ ദിലീപിനെതിരെ വ്യക്തമായ തെളിവുണ്ടെന്നും, ഫോൺ രേഖകൾ അടക്കം നശിപ്പിക്കാൻ ദിലീപ് ശ്രമിച്ചതെന്നുമാണ് പ്രോസിക്യൂഷന്റെ നിലപാട്.
ദിലീപിന്റെ ഫോണിൽ നിന്ന് നീക്കം ചെയ്ത ചില വാട്സ്ആപ്പ് സന്ദേശങ്ങൾ അടക്കമുള്ള രേഖകൾ ലഭിച്ചതായി ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വീണ്ടെടുക്കാൻ കഴിയാത്ത വിധം രേഖകൾ നശിപ്പിക്കാൻ ദിലീപ് ആവശ്യപ്പെട്ടെന്ന് സൈബർ വിദഗ്ധൻ സായ് ശങ്കർ മൊഴി നൽകിയിട്ടുണ്ട്. ഫോണിൽ നിന്ന് വീണ്ടെടുക്കാനുള്ള ചില നിർണായക രേഖകൾ നഷ്ടമായെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചിരുന്നു. ഈ രേഖകൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
മറുനാടന് മലയാളി ബ്യൂറോ