കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന് പുറമേ സുഹൃത്തും സംവിധായകനുമായി നാദിർഷായെ അറസ്റ്റു ചെയ്യാൻ ഒരുങ്ങി പൊലീസ്. നേരത്തെ ചോദ്യം ചെയ്യലിന് വിധേയനായപ്പോൾ നാദിർഷാ പറഞ്ഞതെല്ലാം പച്ചക്കള്ളമാണെന്ന് ബോധ്യമായതിന് പിന്നാലെയാണ് അദ്ദേഹത്തെ അറസ്റ്റു ചെയ്യാൻ പൊലീസ് തീരുമാനിച്ചത്. ഇതിനായി വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ വേണ്ടി പൊലീസ് വിളിപ്പിച്ചു. ചോദ്യം ചെയ്യലിന് ഹാജരാകാൻ അന്വേഷണസംഘം ആവശ്യപ്പെട്ടു.

എന്നാൽ, വീണ്ടും ചോദ്യം ചെയ്യലിന് ഹാജരായാൽ അറസ്റ്റു ചെയ്യപ്പെട്ടേക്കുമെന്ന് ഭയന്ന നാദിർഷാ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ അഡ്‌മിറ്റായി. കൊച്ചി പോളക്കുളം ഗ്രൂപ്പിന്റെ റിനൈ മെഡിസിറ്റിയിലാണ് നാദിർഷാ ചികിത്സ തേടിയത്. നാദിർഷ ആദ്യം പറഞ്ഞത് പലതും നുണയാണെന്ന് പൊലീസ് പറയുന്നു. ആശുപത്രി വിട്ടാൽ നാദിർഷയെ വീണ്ടും ചോദ്യം ചെയ്യുന്നത്. കേസിൽ ഹൈക്കോടതി അഭിഭാഷകനിൽ നിന്ന് നാദിർഷ നിയമോപദേശം തേടി. മുൻകൂർ ജാമ്യം തേടണമോയെന്നത് സംബന്ധിച്ചാണ് നിയമോപദേശം തേടിയത്. ഉഠൻ തന്നെ മുൻകീർ ജാമ്യത്തിന് അപേക്ഷ നൽകാനാണ് താരത്തിന്റെ നീക്കം.

ബുധനാഴ്ച ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനെ തുടർന്ന് ഇതിൽനിന്ന് ഒഴിഞ്ഞുമാറാനായി നാദിർഷാ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. നെഞ്ചുവേദനയെ തുടർന്നാണ് ചികിത്സ തേടിയതെന്നാണ് ആശുപത്രി വൃത്തങ്ങൾ പറയുന്നു. മുമ്പ് ചോദ്യം ചെയ്തപ്പോൾ നാദിർഷാ പറഞ്ഞതു പലതും കളവെന്നു പൊലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ നാദിർഷായ്ക്ക് മേൽ കാര്യങ്ങൾ എളുപ്പമാകില്ല.

നടി ആക്രമിക്കപ്പെട്ടതിനു പിന്നാലെ കേസിൽ പ്രതിയായ പൾസർ സുനിയെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇയാൾ നൽകിയ മൊഴികളുടെ അടിസ്ഥാനത്തിലും ഈ മൊഴികളെ സാധൂകരിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിലുമാണ് നടൻ ദിലീപിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ദിലീപിനൊപ്പം നാദിർഷായെ ചോദ്യം ചെയ്തിരുന്നെങ്കിലും അറസ്റ്റിലേക്ക് അന്വേഷണസംഘം കടന്നിരുന്നില്ല.

അതേസമയം അടുത്ത ദിവസം തന്നെ ഹൈക്കോടതിയിൽ ദിലീപ് വീണ്ടും ജാമ്യാപേക്ഷ നൽകുന്നുണ്ട്. ഈ സമയം വരെ പൊലീസിന് പിടികൊടുക്കാതിരിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം എന്നാണ് അറിയുന്നത്. നേരത്തെ ദിലീപിന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ നാദിർഷായെ മാപ്പുസാക്ഷിയാക്കാൻ പൊലീസ് ശ്രമിച്ചതു സംബന്ധിച്ച വെളിപ്പെടുത്തൽ അടങ്ങിയ ഓഡിയോ ടേപ്പ് നേരത്തെ പുറത്തുവന്നിരുന്നു. നാദിർഷയുടേതെന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു ഓഡിയോ ടേപ്പിലാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തൽ. ദിലീപിനെതിരെ മൊഴി നൽകാൻ പൊലീസ് ആവശ്യപ്പെട്ടുവെന്നാണ് ഓഡിയോ ടേപ്പിലെ ഉള്ളടക്കം.

നടിയെ അക്രമിച്ച കേസിൽ പൊലീസ് കണ്ടെത്തിയ തെളിവുകളിലെ വിവരങ്ങളെക്കുറിച്ച് അറിയാമെന്നു സമ്മതിക്കണമെന്നാണ് അന്വേഷണസംഘം നാദിർഷായോട് ആവശ്യപ്പെട്ടിരിക്കുന്നത്. ദിലീപിനെതിരെ ശക്തമായ കുറ്റപത്രം തയ്യാറാക്കുന്നതിനു വേണ്ടിയാണ് അന്വേഷണ സംഘം ഇങ്ങനെയൊരു നീക്കം നടത്തുന്നത്. ദിലീപിനെതിരെ മൊഴി നൽകിയില്ലെങ്കിൽ നാദിർഷയെ പ്രതി ചേർക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. നാദിർഷയുടെ സഹോദരൻ സമദിനെ ആലുവ പൊലീസ് ക്ലബിൽ വിളിച്ചു വരുത്തിയാണ് പൊലീസ് ഭീഷണിപ്പെടുത്തിയത്. നാദിർഷായെ കൂടാതെ ദിലീപിന്റെ സഹായിയും മാനേജരുമായ അപ്പുണ്ണിയിൽ നിന്നും അനുകൂല മൊഴി വാങ്ങാൻ പൊലീസ് ശ്രമിക്കുന്നുണ്ട്.

ഗൂഢാലോചനയിൽ ദിലീപ് പങ്കാളിയാണെന്നും സാഹചര്യങ്ങൾ അറിയാമെന്നതിനും തങ്ങളുടെ കൈവശം തെളിവുണ്ടെന്നും അതിനാൽ കുറ്റം സമ്മതിക്കണമെന്നുമാണ് നാദിർഷയോട് പൊലീസ് ആവശ്യപ്പെടുന്നത്. നിന്റെ ചേട്ടൻ നാദിർഷയ്ക്ക് എല്ലാമറിയാം. അവൻ എല്ലാ കാര്യങ്ങളും മറയ്ക്കുകയാണ്. അവനെതിരായ എല്ലാ തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. അറിയാവുന്ന കാര്യങ്ങൾ പറഞ്ഞില്ലെങ്കിൽ നാദിർഷയെ ഞങ്ങൾ പ്രതിചേർക്കും. സമദ് ഇക്കാര്യം നാദിർഷയെ പറഞ്ഞ് മനസിലാക്കണമെന്ന് പൊലീസ് സമദിനോട് പറഞ്ഞതായും ഓഡിയോ ക്ലിപ്പിലുണ്ട്.

ബാക്കി കാര്യങ്ങൾ കൂടി സമ്മതിച്ചുകൊണ്ട് നാദിർഷാ മൊഴി നൽകിയാൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ ആലോചന. എന്നാൽ ദിലീപിനെ ഒറ്റിക്കൊടുക്കാൻ തനിക്ക് പറ്റില്ലെന്ന് നാദിർഷ പറയുന്നുണ്ട്. നുണ പറഞ്ഞ് ദിലീപിനെ കുടുക്കുന്നതിലും നല്ലത് അവന് വിഷം വാങ്ങി കൊടുക്കുന്നതാണ്. തനിക്ക് രക്ഷപെടാൻ വേണ്ടി അവൻ എല്ലാം ചെയ്തു എന്ന് പറയില്ല. നടിയെ ആക്രമിച്ച കേസിൽ ദിലീപ് നിരപരാധിയാണെന്നു നൂറുശതമാനം അറിയാമെന്നും നാദിർഷ പറയുന്നു. അതേസമയം ഓഡിയോ ടേപ്പിലുള്ളത് തന്റെ തന്നെ ശബ്ദമാണോ എന്ന് നാദിർഷ സ്ഥിരീകരിച്ചിട്ടില്ല.