കണ്ണൂർ: ലൈസൻസോ മതിയായ രേഖകളോ ഇല്ലാതെ വാഹനങ്ങൾ നിരവധി റോഡിലിറങ്ങുന്നുണ്ട്. അതിന്റെ ഉടമകൾ പൊലീസിന്റെ കണ്ണുവെട്ടിക്കാൻ വ്യാജ ലൈസൻസും വ്യാജനമ്പറും ഒപ്പിച്ചാണ് അവരുടെ വാഹനങ്ങൾ കൊണ്ടുനടക്കുന്നത്.

എന്നാൽ പൊലീസിനേയും നിയമത്തേയും വെല്ലുവിളിച്ചുകൊണ്ട് പതിവായി ബൈക്കുമായി റോഡിലിറങ്ങുന്ന ഒരു ന്യൂജെൻ പയ്യന്റെ നടപടി ഏറെ കൗതുകകരമായിരുന്നു. തന്റെ ഇരുചക്ര വാഹനത്തിന്റെ നമ്പർ പ്ലേറ്റിൽ പയ്യൻ രേഖപ്പെടുത്തിയതിങ്ങനെ- നോ നമ്പർ, നോ ലൈസൻസ്. സോ...... നോ ടെൻഷൻ. പയ്യൻ കേവലം ഒരു ഹൈസ്‌ക്കൂൾ വിദ്യാർത്ഥിയാണെന്നറിയുമ്പോൾ എന്തായിരിക്കും അവസ്ഥ. ഏതായാലും ബൈക്ക് പൊലീസ് പിടിച്ചെടുത്തു.

സ്വയം തീരുമാനിക്കുന്ന സ്വാതന്ത്ര്യം ഉപയോഗിച്ച് തളിപ്പറമ്പ് നഗരത്തിലൂടെ ചീറിപ്പാഞ്ഞു വരുന്ന ഈ നോ നമ്പർ ബൈക്ക് പൊലീസിന്റെ ശ്രദ്ധയിൽപ്പെടാൻ സമയമേറെ എടുത്തു. മീശ കിളിർത്തിട്ടില്ലാത്ത പയ്യൻ തളിപ്പറമ്പ കുറുമാത്തൂർ ഹൈസ്‌ക്കൂളിലെ വിദ്യാർത്ഥിയാണ്. ഇരുചക്ര വാഹനമോടിക്കാനുള്ള ലൈസൻസെടുക്കാനുള്ള പ്രായവും ആയിട്ടില്ല.

രാവിലെ സ്‌ക്കൂളിലേക്ക് വരുന്നതും തിരിച്ച് വീട്ടിലേക്ക് പോകുന്നതും ഈ നോ നമ്പർ ബൈക്കിൽ തന്നെ. പയ്യൻ ചെത്തിനടക്കാൻ തുടങ്ങിയിട്ട് കാലമേറെയായെങ്കിലും ബൈക്ക് പൊലീസ് കസ്റ്റഡിയിലായത് ഇന്നലെ മാത്രം. സ്‌കൂളിലെത്തിയാൽ ബൈക്ക് സമീപത്തുള്ളൊരു വീട്ടുമുറ്റത്ത് കയറ്റിവെക്കും. രാവിലേയും വൈകീട്ടും അതിവേഗത്തിലോടിച്ചുപോകുന്ന ബൈക്ക് കണ്ണിൽപ്പെട്ടാൽ വിദ്യാർത്ഥികളടക്കമുള്ള നാട്ടുകാർ വഴിമാറി നിൽക്കണം. അത്രകണ്ട് അഭ്യാസ പ്രകടനം നടത്തിയാണ് പയ്യന്റെ വരവും പോക്കും.

ഒടുവിൽ ഈ അത്ഭുതബൈക്ക് പൊലീസിന്റെ കണ്ണിൽപ്പെട്ടു. തളിപ്പറമ്പ് ട്രാഫിക്ക് എസ്.ഐ. ഷാജഹാൻ വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് കസ്റ്റഡിയിലെടുത്തു. പ്രായപൂർത്തിയാകാത്ത പയ്യന്റെ കയ്യിൽ ബൈക്ക് നൽകിയതിനേക്കാൾ ഇങ്ങനെ ഒരു വിദ്യാർത്ഥിയെ കയറൂരി
വിടുന്നതിലാണ് പൊലീസിനും നാട്ടുകാർക്കും അത്ഭുതം. മാത്രമല്ല ഈ ബൈക്ക് ഉപയോഗിച്ച് കൂട്ടുകാരായ മറ്റു ചില വിദ്യാർത്ഥികളും റോഡിൽ പ്രകടനം നടത്തുന്നത് പതിവാക്കിയിരുന്നു.

ബൈക്കിന്റെ ഉടമയോട് പൊലീസ് സ്‌റ്റേഷനിൽ ഹാജരാവാൻ അറിയിപ്പ് നൽകിയിട്ടുണ്ട്. വിദ്യാർത്ഥിയുടെ വീട്ടുകാരേയും പൊലീസ് വിവരമറിയിച്ചിട്ടുണ്ട്. എന്നാൽ ആരും എത്താത്ത സാഹചര്യത്തിൽ ഉടമക്കായി പൊലീസ് അന്വേഷണവും തുടരുന്നുണ്ട്. തളിപ്പറമ്പ് മേഖലയിൽ ഇത്തരം വാഹനങ്ങൾ ഇനിയുമുണ്ടെന്ന് നാട്ടുകാർ പൊലീസിനെ ധരിപ്പിച്ചിട്ടുണ്ട്. വഴിയാത്രക്കാർക്ക് ഭീഷണിയാകുന്ന ഇരുചക്ര വാഹനങ്ങൾക്കെതിരെ നിയമം അനുശാസിക്കുന്ന രീതിയിൽ കർശന നടപടി എടുക്കുമെന്ന് പൊലീസ് പറയുന്നു.