എരുമേലി: പൊലീസ് കൈകാണിച്ചിട്ട് വണ്ടി നിറുത്തിയില്ലെങ്കിൽ വീട്ടിലെത്തി പീഡിപ്പിക്കും. എരുമേലി പൊലീസിന്റെ ഈ നടപടിയിൽ മനംനൊന്ത് ആത്മഹത്യയ്ക്ക ്ശ്രമിച്ച യുവാവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായി. എരുമേലി അഡീഷണൽ എസ്‌ഐയുടെ നടപടികളാണ് യുവാവിന്റെ ആത്മഹത്യയ്ക്ക് പിന്നിൽ.

എരുമേലി എംഇഎസ് കോളേജിന് സമീപം വാഹന പരിശോധന നടത്തുകയായിരുന്നു അഡീഷണൽ എസ്‌ഐ ഷാജിയും സംഘവും. ഈ സമയം അതുവഴി എരുമേലി ഒമിക്കുപ്പ് അക്കരകടപ്പിൽ സെബിൻ വർഗ്ഗീസും കടന്നുപോയി. കുറിച്ചു കഴിഞ്ഞപ്പോൾ സെബിന്റെ വീട്ടിൽ പൊലീസ് എത്തി. സർവ്വ സന്നാഹങ്ങളുമായെത്തിയ പൊലീസിന്റെ അതിക്രമമായിരുന്നു പിന്നീട് കണ്ടത്. പൊലീസ് കൈകാണിച്ചിട്ടും സെബിൻ നിർത്താതെ പോയെന്ന് ആരോപിച്ചായിരുന്നു അത്. എന്നാൽ കൈകാണിച്ചത് താൻ കണ്ടില്ലെന്ന് സെബിനും പറഞ്ഞു. ഇത് മുഖവിലയ്‌ക്കെടുക്കാതെ മാതാപിതാക്കളുടെ മുന്നിൽ വ്ച്ച് പോലും പൊലീസ് ക്രൂരമായ തെറിവിളി അഭിഷേകം നടത്തി.

തുടർന്ന് സെബിനെ പൊലീസ് സ്‌റ്റേഷനിൽ എത്തിക്കാമെന്ന് വീട്ടുകാർ അറിയിച്ചു. പൊലീസ് ജീപ്പിന് പിറകെ അവരും സ്റ്റേഷനിലേക്ക് സെബിനുമായി പോയി. സ്‌റ്റേഷനിൽ എത്തിയപ്പോൾ പൊലീസിന്റെ ഭാഷ കൂടുതൽ മോശമായി. പലതരം ഭീഷണികൾ നടത്തി. കേസ് എടുത്ത് ജയിലിൽ അടയ്ക്കുമെന്നും പറഞ്ഞു. കൈയേറ്റത്തിനും ശ്രമമുണ്ടായി. ഇതോടെ സെബിൻ മാനസികമായി തകർന്നു. ചീത്തവിളിക്ക് ഒടുവിൽ സെബിന് സ്‌റ്റേഷൻ ജ്യാമം അനുവദിച്ചു. വീട്ടിൽ തിരിച്ചെത്തിയപ്പോൾ മനോവിഷമം സഹിക്കാനാകാത്ത നിലയിലായിരുന്നു സെബിൻ.

തുടർന്ന് മുറിയിൽ കയറി കതകടച്ചു. കത്തികൊണ്ട് കൈഞരമ്പുകൾ അറത്തു. കൃത്യസമയത്ത് വീട്ടുകാർ ഇത് മനസ്സിലാക്കിയതുകൊണ്ട് ജീവൻ രക്ഷപ്പെട്ടു. മുക്കൂട്ടത്തറ അസീസ് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ അതീവ ഗുരുതരാവസ്ഥയിലാണ് സെബിൻ ഇപ്പോഴും. പൊലീസുകാരുടെ മാനസിക പീഡനമാണ് ഇതിന് പ്രേരണയായതെന്നാണ് വീട്ടുകാർ പറയുന്നത്. അത്രയും ചീത്തയാണ് പൊലീസുകാർ വിളിച്ചത്. വീട്ടുകാരുടെ മുന്നിലിട്ടുള്ള അപമാനിക്കലിൽ സെബിൻ തളർന്നു പോയി.

വാഹനപരിശോധനയ്ക്കിടെ ആരെങ്കിലും കൈകാണിച്ചിട്ട് നിറുത്താതെ പോയാൽ പിന്തുടരരുതെന്നാണ് പൊലീസിന് നൽകിയിരിക്കുന്ന മാർഗ്ഗ നിർദ്ദേശം. ഇത്തരം സംഭവങ്ങൾ പലരുടേയും ജീവനെടുത്തിട്ടുണ്ട്. പൊലീസിനെ ഭയന്ന് വണ്ടിയോടിക്കുമ്പോൾ അപകട മരണവും ഉണ്ടാകാറുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് പിന്തുടരുതെന്ന നിർദ്ദേശം എല്ലാ പൊലീസുകാർക്കും നൽകിത്. എന്നാൽ ഇത് പൂർണ്ണമായും എരുമേലിയിലെ പൊലീസുകാർ പാലിച്ചില്ല.