തിരുവനന്തപുരം: മലയോരമേഖലകളിലെ പൊലീസ് സ്റ്റേഷനിലേക്ക് സർക്കാർ നൽകിയ ഗൂർഘ ജീപ്പുകൾ ഏതു കാട്ടിലും മലയിലും ഓടിക്കയറുന്നവയാണ്. ഓഫ് റോഡിനായി പ്രത്യേകം തയാർ ചെയ്തിട്ടുള്ള ജീപ്പ് മാവോയിസ്റ്റ് ഭീഷണി അടക്കം നേരിടുന്നതിന് വേണ്ടിയാണ് മലയോര സ്റ്റേഷനുകൾക്ക് നൽകിയിരിക്കുന്നത്. അങ്ങനെ ഒരു ജീപ്പ് കിട്ടിയ സ്റ്റേഷനാണ് പത്തനംതിട്ട ജില്ലയിലെ തണ്ണിത്തോട്. കൊക്കാത്തോട്, തണ്ണിത്തോട് വനമേഖലയിലെ ദുർഘടമായ പാതകൾ താണ്ടുന്നതിന് വേണ്ടിയാണ് ജീപ്പ് നൽകിയത്.

ഇപ്പോൾ ഈ ജീപ്പിനെ ചൊല്ലി വിവാദം കൊഴുക്കുകയാണ്. കൊക്കാത്തോട് വനമേഖലയിലെ ആലുവാംകുടി കാനനക്ഷേത്രത്തിൽ ഈ ജീപ്പ് കൊണ്ടു പോയി പൂജിച്ചുവെന്നും മാലചാർത്തിയെന്നുമുള്ള വിവാദമാണ് ഉയരുന്നത്. ആലുവാംകുടി ക്ഷേത്രം എല്ലാ മലയാളമാസവും ഒന്നാം തീയതിയാണ് തുറക്കുന്നത്. അന്ന് മാത്രമാണ് ഭക്തർക്ക് പ്രവേശനം. ദുർഘടമായ പാതയിലൂടെ ഫോർ വീൽ ഡ്രൈവ് ജീപ്പിൽ മാത്രമേ ക്ഷേത്രത്തിൽ എത്താൻ കഴിയൂ.

കാട്ടാന അടക്കമുള്ള വന്യമൃഗങ്ങളുടെ ആക്രമണത്തിൽ തകർന്നു പോയതാണ് ക്ഷേത്രം. മാസപൂജ മാത്രമാണ് നടക്കുന്നത്. വനമേഖല ആയതിനാൽ വനംവകുപ്പിന്റെ അനുമതിയില്ലാതെ ഇവിടേക്ക് പ്രവേശിക്കാൻ കഴിയില്ല. ഇതിനോട് ചേർന്ന് ഒരു കുളമുള്ളതിനാൽ വന്യമൃഗങ്ങൾ വെള്ളം കുടിക്കാനും എത്തും.

ഗൂർഘ ജീപ്പ് കിട്ടിയതിന്റെ പിറ്റേന്നാണ് ആലുവാംകുടിയിലേക്ക് പോയത്. കുംഭമാസം ഒന്നാം തീയതി നട തുറന്നതിനോട് അനുബന്ധിച്ച് സുരക്ഷ ഒരുക്കാൻ പോയതായിരുന്നു. പുതിയ വാഹനം ആലുവാംകുടി ക്ഷേത്രത്തിൽ എത്തിച്ച് പൂജ നടത്തിയെന്ന തരത്തിലുള്ള ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. പൊലീസിന്റെ ഔദ്യോഗിക ഗ്രൂപ്പുകളിലും ചർച്ച നടന്നു.

വാഹനപൂജ നടത്തിയത് അല്ലെന്നും ക്ഷേത്രത്തിലെ പൂജാരി തന്റെ വിശ്വാസത്തിന്റെ ഭാഗമായി ഒരു മാല കൊണ്ട് ചാർത്തിയതാണെന്നുമാണ് തണ്ണിത്തോട്ടിലെ പൊലീസുകാർ പറയുന്നത്. നേരത്തേയും വാഹനവുമായി ചെയ്യുമ്പോൾ ഇങ്ങനെ ചെയ്യാറൂണ്ടെന്നും ഇത് വിവാദമാക്കേണ്ട കാര്യമില്ലെന്നുമാണ് പൊലീസിന്റെ വിശദീകരണം.