കോട്ടയം: നാട്ടിലെല്ലാവർക്കും പ്രിയങ്കരിയായിരുന്ന എല്ലാവരോടും എല്ലാവരോടും വിനയത്തോടെയും സ്‌നേഹത്തോടെയും പെരുമാറിയിരുന്ന ഉണ്ണിമായക്ക് എന്താണ് പറ്റിയത്. ഉണ്ണിമായയെക്കുറിച്ച് പറയുമ്പോൾ നാട്ടുകാർക്ക് നാവ് നൂറാണ്. നിഷ്‌കളങ്കയായിരുന്ന, പ്രസരിപ്പോടെ നടന്നിരുന്ന എല്ലാവർക്കും അവളെ അത്രയ്ക്ക് ഇഷ്ടമായിരുന്നു. കോന്നി എലിമുള്ളുംപ്‌ളാക്കൽ ജയന്തിഭവനത്തിൽ രാധാകൃഷ്ണന്റെയും പരേതയായ സരസമ്മയുടെയും വളർത്തുമകളാണ് പതിനെട്ടുകാരിയായ സാന്ദ്രകൃഷ്ണയെന്ന ഉണ്ണിമായ. അവരുടെ മാത്രമല്ല, ആ നാടിന്റെ തന്നെ ഓമനയായിരുന്നു അവൾ. കഴിഞ്ഞ ഞായറാഴ്ച അവളെ കാണാതാവുകയും പിറ്റേന്ന് മീന്മുട്ടി വെള്ളച്ചാട്ടത്തിന് താഴെ അവളുടെ ജഡം കണ്ടെത്തുകയും ചെയ്തതോടെ എന്താണ് ആ പെൺകുട്ടിക്ക് സംഭവിച്ചതെന്ന് ചോദിക്കുകയാണ് നാട്ടിൽ ഓരോരുത്തരും. ആത്മഹത്യചെയ്തതാവാൻ ഒരു സാധ്യതയുമില്ലെന്ന് വീട്ടുകാരും നാട്ടുകാരും വിശ്വസിക്കുന്നു. അതിനാൽതന്നെ ഉണ്ണിമായക്ക് എന്തുപറ്റിയെന്ന് കണ്ടെത്താൻ ഊർജിത ശ്രമത്തിലാണ് പൊലീസ്.

വാടിയ പൂവിതളുകൾ ചിതറിക്കിടക്കുന്ന കുഴിമാടത്തിനരികിലേക്ക് ഇപ്പോഴും ആളുകൾ എത്തുന്നു. ജീവനൊടുക്കാൻ മാത്രം എന്ത് ദുഃഖമാണ് ഉണ്ണിമായയ്ക്ക് ഉണ്ടായിരുന്നത്? എന്തിനായിരിക്കും അവൾ അത് ചെയ്തത്. ഇനി ആരെങ്കിലും ചെയ്യിച്ചതോ...? നാട്ടുകാരുടെ ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഉണ്ണിമായയെ കാണാനില്ലെന്ന് വാർത്ത പരന്നത് കഴിഞ്ഞ ഞായറാഴ്ചയാണ്. നാടൊന്നാകെ ഉണർന്ന് രാത്രി മുഴുവൻ കാട്ടിലും ഉൾക്കാട്ടിലും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിറ്റേന്നാണ് നാട്ടുകാരെ ഞെട്ടിച്ചു കൊണ്ട് ആ വാർത്ത കാട്ടുതീ പോലെ പടർന്നത്. പകൽ സമയത്ത് പോലും ആരും തനിച്ച് പോകാൻ ധൈര്യപ്പെടാത്ത ആനയും പുലിയുമിറങ്ങുന്ന എലിമുള്ളി വനത്തിനുള്ളിലെ മീൻ മുട്ടി വെള്ളച്ചാട്ടത്തിൽ ഉണ്ണിമായയുടെ ജഡം കണ്ടെത്തി. ഉണ്ണിമായ ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസിന്റെ വിശദീകരണം. എന്നാൽ അത് എന്തിനായിരുന്നു എന്ന് അറിയാൻ വേണ്ടിയാണ് കോന്നി നിവാസികളുടെ കാത്തിരുപ്പ്.

ഘോരവനത്തിലേക്ക് ഉണ്ണിമായ പോയതെന്തിന്?

ഏഴ് വർഷം മുമ്പ് വളർത്തമ്മയായ സരസമ്മ മരിച്ചു. തുടർന്ന് ഇളയമ്മ ജഗദമ്മയ്‌ക്കൊപ്പമാണ് ഉണ്ണിമായ കഴിഞ്ഞിരുന്നത്. സമീപത്തെ വീട്ടിലെ കല്യാണ ആൽബത്തിൽ വളർത്തമ്മയുടെ ചിത്രമുണ്ടെന്നറിഞ്ഞ് അത് കാണണമെന്ന് പറഞ്ഞാണ് ഞായറാഴ്ച മൂന്നുമണിയോടെ ഉണ്ണിമായ വീട്ടിൽ നിന്നിറങ്ങിയത്. സന്ധ്യയായിട്ടും ഉണ്ണിമായ തിരിച്ചെത്താത്തതിനെ തുടർന്നാണ് നാട്ടുകാരും ബന്ധുക്കളും പൊലീസും ചേർന്ന് തെരച്ചിൽ ആരംഭിച്ചത്. ആനയും പുലിയുമിറങ്ങുന്ന ഘോരവനമാണ് ഉത്തരകുമരംപേരൂരിന്റെ ഭാഗമായ എലിമുള്ളി വനം. കുട്ടിക്ക് വല്ല അപകടവും പറ്റിയിട്ടുണ്ടെന്ന് ഭയന്ന് നാട്ടുകാർ പല ഗ്രൂപ്പുകളായി തിരിഞ്ഞ് നേരം വെളുക്കുവോളം കാട് മുഴുവൻ തിരഞ്ഞെങ്കിലും പക്ഷേ പ്രയോജനമുണ്ടായില്ല.

പിറ്റേന്ന് വീണ്ടും തെരച്ചിലിനായി ഇറങ്ങിയ വാസുക്കുട്ടിയാണ് മീന്മൂട്ടി പാറയുടെ താഴെ വെള്ളത്തിൽ കമഴ്ന്ന നിലയിൽ ഉണ്ണിമായയുടെ മൃതദേഹം കണ്ടെത്തിയത്. പാറക്കെട്ടിന്റെ രണ്ടാമത്തെ തട്ടിൽ സാന്ദ്രയുടെ ചെരിപ്പും കിടപ്പുണ്ടായിരുന്നു. പൊലീസിൽ വിവരം അറിയിച്ചു. ഡോഗ് സ്‌ക്വാഡിന്റെയും ഫോറൻസിക് വിദഗ്ദരുടെയും സഹായത്തോടെ പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും ദുരൂഹമായൊന്നും കണ്ടെത്തിയില്ല. ഉണ്ണിമായ കാൽ വഴുതി വെള്ളക്കെട്ടിൽ വീണതാകാമെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. എന്നാൽ ഉണ്ണിമായയെ ആരോ അപായപ്പെടുത്തിയതാണെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും ആരോപിച്ച് നാട്ടുകാർ രംഗത്തെത്തി. ഒടുവിൽ നാട്ടുകാരുമായി പൊലീസ് ചർച്ച നടത്തുകയും സംഭവത്തിൽ വിശദമായ അന്വേഷണം നടത്താമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. തുടർന്നാണ് ഉണ്ണിമായയുടെ സംസകാരം നടന്നത്.

പോസ്റ്റുമോർട്ടം റിപ്പോർട്ടിന് കാത്ത് പൊലീസ്

സാന്ദ്രകൃഷ്ണയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാണ്. മൃതദേഹം കണ്ടെത്തിയ സ്ഥലത്തും പെൺകുട്ടിയുടെ വീട്ടിലും പൊലീസ് പരിശോധന നടത്തിയിരുന്നു. ബന്ധുക്കളിൽ നിന്ന് പ്രാഥമിക മൊഴിയെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ആക്രമിക്കപ്പെട്ടതാണെങ്കിൽ പെൺകുട്ടിയുടെ മൃതദേഹത്തിൽ മുറിവുകൾ കാണുമായിരുന്നു. ആന്തരാവയവങ്ങളിൽ വെള്ളത്തിന്റെ അംശം കണ്ടെത്തിയിട്ടുമുണ്ട്. ഇതെല്ലാം ആത്മഹത്യയിലേയ്ക്കാണ് വിരൽ ചൂണ്ടുന്നത്. കാര്യങ്ങൾ കൂടുതൽ വ്യക്തമാകണമെങ്കിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടേണ്ടതുണ്ട്. മാനസിക സംഘർഷത്തെ തുടർന്നാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്നാണ് നാട്ടുകാരിൽ ചിലർ പറയുന്നത്. അക്കാര്യവും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തുമെന്ന് തണ്ണിത്തോട് എസ്.ഐ ലീലാമ്മ പറഞ്ഞു.<യൃ />

ഉണ്ണിമായയുടെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് സാദ്ധ്യതകൾ പൊലീസ് പരിശോധിക്കുന്നു. ആത്മഹത്യയാണ് അതിൽ ആദ്യത്തേത്. അറുപത് അടി ഉയരുമുണ്ട് മീന്മുട്ടി വെള്ളച്ചാട്ടത്തിന്. രണ്ടുനില പാറക്കെട്ടുകളാണ് ഇവിടെയുള്ളത്. ആത്മഹത്യചെയ്തതാണെങ്കിൽ ഈ പാറക്കെട്ടിന്റെ മുകളിൽ നിന്ന് ഉണ്ണിമായ ചാടിയിട്ടുണ്ടാകണം. അങ്ങനെയെങ്കിൽ മൃതദേഹത്തിൽ മുറിവുകളും ചതവുകളും ഉണ്ടാകും. മാത്രമല്ല, മുകളിൽ നിന്ന് ഒരു പാറക്കല്ല് താഴെ വീണാൽപ്പോലും ചിന്നി ചിതറി പോകുമെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ ഉണ്ണിമായയുടെ മൂക്കിന് മാത്രമാണ് പൊട്ടലുണ്ടായിരുന്നത്.

ഒരു പക്ഷേ പാറക്കെട്ടിനു താഴെയുള്ള വഴിയിലൂടെ ഇറങ്ങി വെള്ളത്തിലേയ്ക്ക് ചാടിയതാണെങ്കിലും മരണം സംഭവിക്കാം. ഉണ്ണിമായയ്ക്ക് നീന്തൽ അറിയില്ലെന്നും ബന്ധുക്കൾ പറയുന്നു. അതുകൊണ്ട് തന്നെ വെള്ളം കുടിച്ച് മുങ്ങി താഴാൻ സാധ്യതയുണ്ട്. ഉണ്ണിമായയുടെ കരളിൽ വെള്ളത്തിന്റെ അംശം കണ്ടെത്തിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. പാറക്കെട്ടിന്റെ രണ്ടാമത്തെ തട്ടിൽ ഉണ്ണിമായയുടെ ചെരിപ്പ് കിടപ്പുണ്ടായിരുന്നു. ഇതെല്ലാം ആത്മഹത്യയിലേയ്ക്കാണ് വിരൽ ചൂണ്ടുന്നത്. വിജനമായ ഈ സ്ഥലം ഉണ്ണിമായയ്ക്ക് നന്നായി അറിയാം. വിറക് ശേഖരിക്കാനായി അയൽവാസികളുമായി ഉണ്ണിമായ ഈ കാട്ടിൽ നിരവധി തവണ വന്നിട്ടുമുണ്ട്. ആത്മഹത്യ ചെയ്തതാണെങ്കിൽ ഇത്രയും ഉയരത്തിൽ നിന്ന് ചാടിയിട്ടും ശരീരത്തിൽ കാര്യമായ മുറിവുകളില്ലാത്തത് സംശയം ജനിപ്പിക്കുന്നതായി ഉണ്ണിമായയുടെ അമ്മാവൻ തങ്കപ്പൻ പറഞ്ഞു. അങ്ങനെയെങ്കിൽ ആത്മഹത്യയുടെ കാരണം കണ്ടെത്തേണ്ടതുണ്ട്.

മദ്യപസംഘം അപായപ്പെടുത്തിയോ എന്നും ആശങ്ക

കോന്നി ടൗണിൽ നിന്ന് രണ്ട് കിലോ മീറ്റർ ഉള്ളിലേയ്ക്ക് കയറി, ശബരിമല ഫോറസ്റ്റ് ഏരിയയോട് ചേർന്നാണ് എലിമുള്ളി വനം. ഉത്തരകുമരം പേരൂർ വനത്തിൽ ഉൾപ്പെടുന്ന ഈ പ്രദേശം ആനയും കടുവയുമടക്കമുള്ള വന്യമൃഗങ്ങളുടെ കേന്ദ്രമാണ്. ഉണ്ണിമായയുടെ മൃതദേഹം കണ്ടെത്തിയ മീന്മുട്ടി വെള്ളച്ചാട്ടത്തിന് താഴെയാണ് വേനൽക്കാലത്ത് ആനയും മറ്റ് വന്യമൃഗങ്ങളും വെള്ളം കുടിക്കാനെത്തുന്നത്. ഞാഴറാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ ഇതുവഴി പോയ ഉണ്ണിമായ വന്യമൃഗങ്ങളെ കണ്ട് ഭയപ്പെട്ട് ഓടിയതിനിടയിൽ അബദ്ധത്തിൽ കാൽവഴുതി വെള്ളക്കെട്ടിൽ വീണതാകാനും സാദ്ധ്യതയുണ്ട്. എന്നാൽ മൃഗങ്ങളുടെ കാൽപ്പാടുകളോ ഓടിയതിന്റെ സൂചനയോ കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് പറയുന്നു.

ഘോരവനവും വന്യമൃഗങ്ങളുടെ സങ്കേതവുമായ എലിമുള്ളിയിൽ പകൽ സമയത്ത് പോലും ആരും പോകാറില്ലെന്ന് നാട്ടുകാർ പറയുന്നു. കൂട്ടമായി വിറക് വെട്ടാനെത്തുന്ന സ്ത്രീകൾ ഉച്ചയോടെ തന്നെ കാടിറങ്ങും. പിന്നെയുള്ളത് മദ്യ ലഹരിയിലെത്തുന്ന സാമൂഹ്യവിരുദ്ധരാണ്. അല്ലെങ്കിൽ അപരിചിതരായ സഞ്ചാരികൾ. സംഭവം ദിവസം ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് ഉണ്ണിമായ ആൽബം കാണാൻ അയൽവാസിയുടെ വീട്ടിലേയ്ക്ക് പോയത്. കാട്ടിലൂടെ സഞ്ചരിച്ച് മീന്മുട്ടി വെള്ളച്ചാട്ടത്തിന് സമീപത്തുകൂടിയാണ് അവൾ പോയത്.

ഒരു സ്‌കൂൾ വിദ്യാർത്ഥി ഉണ്ണി മായ പോകുന്നത് കണ്ടിട്ടുമുണ്ട്. അതുകൊണ്ടുതന്നെ മീന്മുട്ടി വെള്ളച്ചാട്ടം കടന്ന് ഉണ്ണിമായ പോയതായി പൊലീസ് അനുമാനിക്കുന്നു. എന്നാൽ ഉണ്ണിമായ ആൽബം അന്വേഷിച്ച് പോയ വീട്ടിൽ ആ സമയത്ത് ആരും ഇല്ലായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഈ വീട്ടിലെ കുടുംബനാഥൻ ജോലിക്കും ഭാര്യ കുടുംബശ്രീയുടെ യോഗത്തിലും പങ്കെടുക്കാൻ പോയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവരെ കാണാതായതോടെ ഉണ്ണിമായ അവിടെ നിന്ന് തിരിച്ച് പോന്നുവെന്നാണ് കരുതുന്നത്. ഒരു മണിക്കൂറുകൊണ്ട് തിരികയെത്താവുന്നതേയുള്ളൂ. അസമയത്ത് കാട്ടിലൂടെ വരികയായിരുന്ന ഉണ്ണിമായയെ ആരെങ്കിലും അപായപ്പെടുത്തിയതാണോയെന്നും നാട്ടുകാർ സംശയിക്കുന്നു.