- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദേശത്തും തമിഴ്‌നാട്ടിലും നടന്ന അപകടങ്ങൾ 'തിരുവനന്തപുരത്തിന്റെ' പേരിലാക്കി; വ്യാജകേസുണ്ടാക്കി തട്ടാൻ ശ്രമിച്ചത് കോടികളുടെ അപകട ഇൻഷുറൻസ്; പൊലീസുകാരും അഭിഭാഷകരും ഉൾപ്പടെ 26 പേരെ പ്രതി ചേർത്ത് ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: വിദേശത്തും തമിഴ്‌നാട്ടിലും നടന്നതടക്കമുള്ള വാഹന അപകടങ്ങളുടെ പേരിൽ വ്യാജ കേസുണ്ടാക്കി അപകട ഇൻഷുറൻസ് തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ പൊലീസുകാരെയുൾപ്പെടെ 26 പേരെ ക്രൈംബ്രാഞ്ച് പ്രതിചേർത്തു. സിറ്റി ട്രാഫിക് സ്റ്റേഷനിൽ ജോലിയിലുണ്ടായിരുന്ന അഞ്ച് പൊലീസുകാർ, അപകടത്തിൽ പെട്ടെന്നു വ്യാജ പരാതി നൽകിയവർ, ഒരു അഭിഭാഷകൻ എന്നിവർ ഉൾപ്പെടെയാണു പ്രതി ചേർത്തത്. ഇതിന്റെ റിപ്പോർട്ട് ക്രൈംബ്രാഞ്ച് കോടതിയിൽ നൽകി.
സംഭവത്തിൽ 5 കേസുകളാണ് ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്തത്. അഞ്ച് കേസിലും ഒരേ സ്‌കൂട്ടറാണ് അപകടത്തിൽപ്പെട്ടതായി കാണിച്ചിരിക്കുന്നത്. പ്രതി ചേർക്കപ്പെട്ട അഭിഭാഷകനാണ് അഞ്ചു കേസുകളിലും വക്കാലത്തുമായി കോടതിയെ സമീപിച്ചത്. അഭിഭാഷകന്റെ ഗുമസ്തനെയും ഏജന്റായി പ്രവർത്തിച്ചയാളെയും പ്രതിചേർത്തിട്ടുണ്ട്.
അപകടത്തിൽപ്പെട്ടതായി കാണിച്ചിരിക്കുന്ന സ്‌കൂട്ടറിന്റെ ഉടമയും സ്‌കൂട്ടറിൽ സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ ഉടമയുടെ സഹോദരങ്ങളെയും പ്രതി ചേർത്തിട്ടുണ്ട്. പ്രതിചേർക്കപ്പെട്ട അഞ്ച് പൊലീസുകാരിൽ നാലു പേർ സർവീസിൽ നിന്ന് വിരമിച്ചവരാണ്.
വാഹനാപകട ഇൻഷുറൻസിന്റെ മറവിൽ സംസ്ഥാനത്ത് നടന്നത് വൻ തട്ടിപ്പാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. വിദേശത്തും തമിഴ്‌നാട്ടിലും നടന്ന അപകടങ്ങൾ പോലും തിരുവനന്തപുരം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നടന്നുവെന്ന് എഫ്‌ഐആറുണ്ടാക്കി കോടികൾ തട്ടാൻ ശ്രമം നടത്തിയെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തൽ. പൊലീസും അഭിഭാഷകരും മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരും ഡോകടർമാരും ചേർന്ന് നടത്തിയ വൻ കൊള്ളയുടെ രേഖകൾ നേരത്തെ പുറത്തുവന്നിരുന്നു.
മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്ന ഒരു വാഹന അപകട എഫ്‌ഐആറിൽ പ്രതി ഓട്ടോ ഡ്രൈവറായ സുരേഷ് കുമാറാണ്. മ്യൂസിയം ഭാഗത്ത് നിന്നും നന്ദൻകോട് ഭാഗത്തേക്ക് അമിത വേഗത്തിൽ സുരേഷ് ഓടിച്ച വാഹനമിടിച്ച് തമിഴ്‌നാട് സ്വദേശി രാജനെന്നയാൾക്ക് ഗുരുതരമായി പരിക്കേറ്റുവെന്നാണ് എഫ്‌ഐആർ. 2018 ഓഗസ്റ്റ് 29ന് നടന്നതായി പറയുന്ന സംഭവത്തിന് കേസെടുത്ത് 2019 ജനുവരി ഏഴിനാണ്.
അതേമാസം പത്തിന് ഓട്ടോയുടെ വലതു വശത്ത് അപകടമുണ്ടായതിൽ വാഹനത്തിന് തകരാറുണ്ടെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ റിപ്പോർട്ടും നൽകി. തിരുവനന്തപുരം എംഎസിടി കോടതിയിൽ 12 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് രാജൻ കേസ് നൽകി. അപകടം നടന്ന് നാലു മാസത്തിനുശേഷം കേസെടുത്തതും വാഹനത്തിന്റെ കേടുപാടുകൾ നാലുമാസമായി പരിഹരിക്കാത്തതുമാണ് ക്രൈംബ്രാഞ്ചിന്റെ സംശയത്തിനിടയാക്കിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മ്യൂസിയം ഭാഗത്ത് രാജനുണ്ടായ അപകടം വ്യാജമാണെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ.
തിരുവനന്തപുരത്തെ എഫ്‌ഐആറിൽ പറയുന്ന ദിവസം രാജന് ശരിക്കും അപകടം സംഭവിച്ചിരുന്നു. എന്നാൽ അത് തമിഴ്‌നാട്ടിൽ വച്ചായിരുന്നു നടന്നത്. 2018 ഓഗസ്റ്റ് 18 ന് രാജന് അപകടം ഉണ്ടാകുന്നത് തമിഴ്‌നാട് പാലൂരിൽ വച്ചാണ്. രാജൻ ഓടിച്ച വാഹനം നിയന്ത്രണം വിട്ട് രണ്ട് വാഹനങ്ങളിൽ ഇടിച്ചു. രാജന്റെ കൈവശമുണ്ടായിരുന്ന മദ്യകുപ്പി പൊട്ടി ശരീരത്തിൽ തറച്ചു ഗുരുതരമായി പരിക്കേറ്റെന്നാണ് എഫ്‌ഐആർ.
തമിഴ്‌നാട്ടിലെ ആശുപത്രിയിൽ നിന്ന് രാജനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. ഇത് മറച്ചുവച്ച് ഇടനിലക്കാരും അഭിഭാഷകരും പൊലീസുമെല്ലാം ഒത്തുകളിച്ച് തിരുവനന്തപുരത്ത് കള്ളക്കേസുണ്ടാക്കിയെന്നാണ് കണ്ടെത്തൽ. അതായത് ആശുപത്രിയിലുണ്ടായിരുന്ന രാജനെ ഇൻഷുറസ് തുക തട്ടിച്ചെടുക്കുന്ന ലോബി സ്വാധീനിക്കുകയായിരുന്നു. രാജന്റെ പേരിൽ മാത്രമല്ല തട്ടിപ്പ്. വിദേശത്ത് വെച്ച് പരിക്കേറ്റ സംഭവം കേരളത്തിലാണെന്ന വ്യാജരേഖയുണ്ടാക്കിയും ഇൻഷുറൻസ് തുക തട്ടാൻ ശ്രമം ഉണ്ടായെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.
മറുനാടന് മലയാളി ബ്യൂറോ