കണ്ണൂർ: തലശ്ശേരി -കുട്ടിമാക്കൂലിലെ ദളിത് പെൺകുട്ടിക്ക് എതിരായ ആത്മഹത്യാ കേസ് എഴുതി തള്ളിയ പൊലീസ് നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് പെൺകുട്ടിയുടെ അച്ഛൻ എൻ. രാജൻ. ഡിവൈഎഫ്ഐ. നേതാവും എംഎ‍ൽഎ.യുമായ എ.എം. ഷംസീറിനേയും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായ പി.പി. ദിവ്യയേയും കേസിൽ നിന്ന് രക്ഷിക്കാനാണ് പൊലീസ് ശ്രമിച്ചതെന്ന് രാജൻ പറയുന്നു. രണ്ട് നേതാക്കൾക്കെതിരേയുമുള്ള ആത്മഹത്യാ പ്രേരണാ കേസ് ഒഴിവാക്കാൻ ആദ്യം മുതൽ പൊലീസ് ശ്രമിച്ചിരുന്നുവെന്നും രാജൻ ആരോപിച്ചു. കേസ് അന്വേഷിച്ച പൊലീസിനെ തങ്ങൾക്ക് വിശ്വാസമില്ലെന്ന് രാജൻ, മക്കളായ അഖില, അഞ്ജന എന്നിവരും പറയുന്നു. ഓഗസ്റ്റ് മാസം കണ്ണൂരിൽ നടക്കുന്ന പട്ടിക ജാതി പട്ടിക വർഗ്ഗ കമ്മീഷൻ മുമ്പാകെ ഈ പ്രശ്നം ഉന്നയിക്കുമെന്നും രാജൻ പറഞ്ഞു.

കോൺഗ്രസ്സിന്റെ തലശ്ശേരി ബ്ലോക്ക് സെക്രട്ടറിയാണ് എൻ. രാജൻ. സിപിഐ.(എം,) കാർ അവരുടെ പാർട്ടി ഗ്രാമത്തിൽ കഴിയുന്ന തന്നേയും കുടുംബത്തേയും നിരന്തരമായി അക്രമിച്ചപ്പോഴൊന്നും പൊലീസ് സഹായം തനിക്കു ലഭിച്ചില്ലെന്ന് രാജൻ ആരോപിക്കുന്നു. അതേ സ്ഥിതിയാണ് ഇപ്പോഴും തുടരുന്നതിന്റെ ഉദാഹരണമാണ് മകളെ ആത്മഹത്യാ ശ്രമത്തിലേക്ക് തള്ളി വിട്ട നേതാക്കൾക്കെതിരെയുള്ള കേസ് എഴുതി തള്ളാനുള്ള പൊലീസിന്റെ ശ്രമം.

കഴിഞ്ഞ വർഷം ജൂണിൽ അച്ഛൻ രാജനെ ഡി.വൈ. എഫ്.ഐ. ക്കാർ മർദ്ദിച്ച സംഭവത്തിൽ കുട്ടിമാക്കൂലിലെ സിപിഐ.(എം.) ഓഫീസിൽ കയറി മക്കളായ അഖിലയും അഞ്ജനയും ചോദ്യം ചെയ്യാൻ പോയിരുന്നു. പാർട്ടി ഓഫീസിൽ കയറി യുവതികൾ പ്രവർത്തകരെ മർദ്ദിച്ചുവെന്ന് സിപിഐ.(എം.) ഉം ആരോപിച്ചിരുന്നു. പാർട്ടി പ്രവർത്തകരെ മർദ്ദിച്ചുവെന്ന കുറ്റം ചുമത്തി പിഞ്ചു കുഞ്ഞിനെയടക്കം ജയിലടക്കുകയും ചെയ്തു. ഈ പ്രശ്നം സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾ തൊടുത്തു വിട്ടിരുന്നു.

സുപ്രീം കോടതി നിർദേശത്തിന്റെ ലംഘനമാണ് പിഞ്ചുകുഞ്ഞിനേയും യുവതികളേയും അറസ്റ്റ് ചെയ്ത് ജയിലടച്ചതെന്ന വാദവും ഉയർന്നിരുന്നു. ഇവർക്ക് നീതി നിഷേധിച്ചുവെന്നും അഭിപ്രായം ഉയർന്നു. ഇതോടനുബന്ധിച്ച് നടന്ന ഒരു ചാനൽ ചർച്ചയിൽ രാജന്റെ മക്കളെ അപകീർത്തിപ്പെടുത്തും വിധം എ.എൻ. ഷംസീർ എംഎൽഎ.യും പി.പി. ദിവ്യയും സംസാരിച്ചുവെന്നതാണ് യുവതി ആത്മഹത്യാ ശ്രമത്തിന് ഒരുങ്ങിയതെന്നായിരുന്നു കേസ്. ആത്മഹത്യാ ശ്രമത്തിന്റെ പേരിൽ യുവതിക്കെതിരേയും അതിനു പ്രേരകമായ പരാമർശം നടത്തിയ എ.എൻ ഷംസീറിനെതിരേയും പി.പി. ദിവ്യക്കെതിരേയും കേസെടുത്തിരുന്നു.

എന്നാൽ പിന്നീട് തലശ്ശേരി ഡി.വൈ. എസ്‌പി. സാജു പോൾ എംഎൽഎ .യെ കേസിൽ നിന്നും ഒഴിവാക്കി കോടതിക്ക് റിപ്പോർട്ട് നൽകി. അതേ തുടർന്നാണ് യുവതിയെ ചികിത്സിച്ച ഡോക്ടറെ കണ്ട് അന്വേഷണം നടത്തിയ ശേഷം യുവതി കഴിച്ചത് പാരസറ്റമോൾ ഗുളികയാണെന്നും അത് മരണ കാരണമല്ലെന്ന് വ്യക്തമായതാണ് കേസ് എഴുതി തള്ളുന്നതെന്നും ഡി.വൈ. എസ്. പി. പ്രിൻസ് എബ്രഹാം കോടതിക്ക് റിപ്പോർട്ട് നൽകിയത്.