ലക്നൗ: പൊലീസിന് നേരേ മദ്യ മാഫിയ നടത്തിയ ആക്രമണത്തിൽ പൊലീസ് കോൺസ്റ്റബിൾ കൊല്ലപ്പെട്ടു. എസ്ഐക്ക് ​ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഉത്തർപ്രദേശിലെ കസ്ഗഞ്ചിൽ ആണ് സംഭവം. പൊലീസ് കോൺസ്റ്റബിൾ ദേവേന്ദ്ര ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ആദിത്യനാഥ് ഉത്തരവിട്ടു.

ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ എസ് ഐ അശോക് കുമാർ ആശുപത്രിയിൽ ചികിത്സയിലാണ്. മദ്യക്കടത്ത് കേസുകളിലെ സ്ഥിരം പ്രതിയായ മോട്ടി എന്നയാളുടെ വസ്തുവകകൾ കണ്ടുകെട്ടുന്നതുമായി ബന്ധപ്പെട്ട് നോട്ടീസ് നൽകുന്നതിനായി പൊലീസ് എത്തിയപ്പോഴാണ് സംഭവം. എന്നാൽ മോട്ടിയുടെ അനുയായികൾ പൊലീസുകാരെ വളയുകയും വസ്ത്രങ്ങൾ വലിച്ചുകീറി ക്രൂരമായി മർദ്ദിക്കുകയും ചെയ്തു.

ഇവിടെ നിന്നും ഒരുവിധത്തിൽ രക്ഷപ്പെട്ട പൊലീസുകാർ മറ്റ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ കൂടുതൽ പൊലീസ് സംഘം സ്ഥലത്തെത്തുകയും തെരച്ചിൽ ആരംഭിക്കുകയും ചെയ്തു. ഇതിനിടെയാണ് ഗുരുതര പരിക്കേറ്റ നിലയിൽ പൊലീസുകാരെ കണ്ടെത്തുന്നത്.കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദ്ദേശിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.