- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആർഎസ്എസ് നേതാക്കളുടെ വിവരങ്ങൾ ചോർത്തി വാട്സാപ്പിലൂടെ എസ്ഡിപിഐക്ക് കൈമാറി; പൊലീസ് ഡാറ്റാബേസിൽ നിന്നും വിവരങ്ങൾ ചോർത്തിയ പൊലീസുകാരന് സസ്പെൻഷൻ; സിപിഒ അനസിനെതിരായ നടപടി ഡിവൈഎസ്പിയുടെ അന്വേഷണ റിപ്പോർട്ടിന്മേൽ
ഇടുക്കി: പൊലീസ് ഡാറ്റാബേസിൽ നിന്നും ആർ എസ് എസ് നേതാക്കളെക്കുറിച്ചുള്ള വിവരങ്ങൾ എസ്ഡിപിഐ പ്രവർത്തകർക്ക് ചോർത്തി നൽകിയ പൊലീസുകാരന് സസ്പെൻഷൻ. ഇടുക്കി ജില്ലയിലെ കരിമണ്ണൂർ പൊലീസ് സ്റ്റേഷനിലെ സിപിഒ ആയിരുന്ന അനസ് പി.കെയ്ക്കെതിരെയാണ് നടപടി. പൊലീസ് ഡാറ്റാബേസിൽ നിന്നും ഇയാൾ ആർഎസ്എസ് നേതാക്കളുടെ വിവരങ്ങൾ എസ്ഡിപിഐ പ്രവർത്തകർക്ക് ചോർത്തി നൽകിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
വളരെ യാദൃശ്ചികമായിട്ടാണ് അനസിലേക്ക് അന്വേഷണമെത്തുന്നത്. തൊടുപുഴയിൽ ഒരു കെഎസ്ആർടിസി ബസ് ഡ്രൈവറെ എസ്ഡിപിഐ പ്രവർത്തകർ ബസിൽ നിന്ന് വലിച്ചിറക്കി മർദിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ ചില പോസ്റ്റുകൾ ഇട്ടതുമായി ബന്ധപ്പെട്ട തർക്കമായിരുന്നു ആക്രമണത്തിന് പിന്നിൽ. സംഭവവുമായി ബന്ധപ്പെട്ട് ആറോളം എസ്ഡിപിഐ പ്രവർത്തരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ഇവരുടെ മൊബൈൽ ഫോൺ പരിശോധിക്കുകയും ചെയ്തിരുന്നു. ഇവരിൽ ഒരാളുടെ മൊബൈലിൽ നിന്നാണ് ഇതേപ്പറ്റിയുള്ള സൂചനകൾ പൊലീസിന് ലഭിക്കുന്നത്.
ഇതിന്റെ അടിസ്ഥാനത്തിൽ തൊടുപുഴ ഡിവൈഎസ്പി അന്വേഷണം നടത്തുകയും അനസ് കുറ്റക്കാരനെന്ന് കണ്ടെത്തുകയുമായിരുന്നു. ഡിവൈഎസ്പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പൊലീസ് മേധാവി അനസിനെ സസ്പെൻഡ് ചെയ്തത്.
ഇയാളുമായി അനസ് എന്ന പൊലീസ് ഉദ്യോഗസ്ഥൻ നിരന്തരമായി ആശയവിനിമയം നടത്തിയിരുന്നതായും പൊലീസ് ഡാറ്റാബേസിലുള്ള ആർഎസ്എസ് നേതാക്കളുടെ പേരും അഡ്രസും അടക്കം ഇയാൾക്ക് വാട്സാപ്പിലൂടെ അയച്ചു നൽകാറുണ്ടെന്നും കണ്ടെത്തുകയായിരുന്നു. അപ്പോൾ തന്നെ അനസിനെ ജില്ലാ ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതിന് ശേഷമുള്ള വിശദമായ അന്വേഷണത്തിൽ അനസ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയെന്നാണ് വിവരം. പിന്നാലെയാണ് സസ്പെൻഷൻ.
പ്രത്യേകം ശ്രദ്ധ നൽകേണ്ടവർ എന്ന പേരിൽ പൊലീസ് ശേഖരിച്ച ആർഎസ്എസ് നേതാക്കളുടെയും ,പ്രവർത്തകരുടെയും വിവരങ്ങളാണ് പോപ്പുലർ ഫ്രണ്ട് എസ്. ഡി.പി.ഐ നേതാക്കൾക്ക് ഇയാൾ ചോർത്തി നൽകിയത്. ഭീഷണിയുള്ളതിനാൽ, സുരക്ഷ നൽകേണ്ട ഗണത്തിൽ പെടുത്തിയാണ് പൊലീസ് ആർഎസ്എസ് പ്രവർത്തകരുടെ പേര് വിവരങ്ങൾ സ്പെഷ്യൽ ബ്രാഞ്ച് മുഖേന ശേഖരിക്കുന്നത്. ഇങ്ങിനെ ശേഖരിച്ച വിവരങ്ങൾ ആണ് പൊലീസിലെ ചിലർ തന്നെ കൈമാറുന്നത്. തൊടുപുഴയിൽ നിന്നും പൊലീസ് ശേഖരിച്ച 135 ആർഎസ്എസ് പ്രവർത്തകരുടെ വിവരങ്ങൾ പോപ്പുലർ ഫ്രണ്ട് എസ് ഡി പി ഐ നേതാവിൽ നിന്നും ഉന്നത പൊലീസുദ്യോഗസ്ഥർക്ക് ലഭിച്ചതോടെയാണ് ചോർത്തൽ വിവരം പുറത്തുവന്നത്.
പൊലീസ് ശേഖരിച്ച രഹസ്യവിവരങ്ങൾ അനസ് പികെ,തന്റെ ഔദ്യോഗിക ഡൊമെയ്ൻ ഐഡി ഉപയോഗിച്ച് പേഴ്സണൽ മൊബൈലിലേക്ക് മാറ്റുകയും,പോപ്പുലർ ഫ്രണ്ട് നേതാവിന്റ മൊബൈലിലേക്ക് അയച്ചു നൽകുകയും ചെയ്തുവെന്നാണ് കണ്ടെത്തൽ. ബിജെപി നേതാവ് രഞ്ജിത്തിന്റെ കൊലപാതകത്തിന് പിന്നാലെ ആർഎസ്എസ് കാര്യകർത്താക്കളുടെയും, പ്രവർത്തകരുടെയും പേര് വിവരങ്ങൾ വ്യാപകമായി പൊലീസ് ശേഖരിക്കുന്നുണ്ട്. എന്നാൽ പൊലീസ് സേനയിൽ നിന്ന് തന്നെ ഇവരുടെ വിവരങ്ങൾ പോപ്പുലർ ഫ്രണ്ട് ഭീകരർക്ക് ചോർത്തി നൽകുകയാണ്. പൊലീസിനുള്ളിൽ പോപ്പുലർ ഫ്രണ്ടിന്റെ ചാരന്മാർ പ്രവർത്തിക്കുന്നുണ്ട് എന്നുള്ളതിന്റെ തെളിവ് കൂടിയാണിത്.
പൊലീസുകാരനെതിരെ കർശന നടപടി വേണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. ആലപ്പുഴയിൽ അടക്കം നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിൽ വളരെ ഗൗരവമുള്ളതാണ് ഈ സംഭവമെന്നാണ് വിലയിരുത്തൽ. പൊലീസിൽ എസ്ഡിപിഐയ്ക്ക് ഏജന്റുമാരുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ആരോപിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ