തൊടുപുഴ: എല്ലാ പൊലീസ് സ്‌റ്റേഷനിലേയും ആർഎസ്എസ്- എസ് ഡി പി ഐ ഗുണ്ടകളുടെ പട്ടിക തയ്യാറാക്കിയത് ഡിജിപി അനിൽകാന്തിന്റെ നിർദ്ദേശ പ്രകാരമാണ്. ആലപ്പുഴയിലെ ഇരട്ടകൊലപാതകത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. അങ്ങനെ തയ്യാറാക്കിയ പട്ടികയിലെ ബിജെപി, ആർഎസ്എസ് നേതാക്കൾ ഉൾപ്പെടെയുള്ളവരുടെ വ്യക്തിവിവരങ്ങളാണ് കരമണ്ണൂരിൽ ചോർന്നത്. പൊലീസിൽ ആർ എസ് എസിന്റെ സ്ലീപ്പർ സെല്ലുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചിരുന്നു. ഇതിനിടെയാണ് എസ് ഡി പി ഐ സെൽ സ്ഥിരീകരിച്ച് ഇടുക്കിയിൽ നടപടിയുണ്ടാകുന്നത്.

പരിവാറുകാരുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചത് എസ്ഡിപിഐ പ്രവർത്തകർക്കു ചോർത്തിനൽകിയെന്ന പരാതിയിൽ പൊലീസുകാരനെ സസ്‌പെൻഡ് ചെയ്തത് സമാനതളില്ലാത്ത തെളിവുകൾ കിട്ടിയ സാഹചര്യത്തിലാണ്. കരിമണ്ണൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ പി.കെ. അനസിനെയാണ് ജില്ലാ പൊലീസ് മേധാവി ആർ. കറുപ്പസ്വാമി സസ്‌പെൻഡ് ചെയ്തത്. ക്രൈം കേസുകളിൽ ഉൾപ്പെട്ടവരടക്കം ഒട്ടേറെ പേരുടെ വിവരങ്ങൾ അനസ് ചോർത്തിയതായി വകുപ്പുതല അന്വേഷണത്തിൽ സ്ഥിരീകരിച്ചിരുന്നു.

തൊടുപുഴ ഡിവൈഎസ്‌പി കെ.സദൻ ഇതു സംബന്ധിച്ച റിപ്പോർട്ട് ജില്ലാ പൊലീസ് മേധാവിക്കു കൈമാറിയിരുന്നു. തുടർന്ന് അനസിനെ ജില്ലാ ആസ്ഥാനത്തേക്കു സ്ഥലംമാറ്റിയിരുന്നു. മതസ്പർധ വളർത്തുന്ന പോസ്റ്റ് ഫേസ്‌ബുക്കിൽ ഷെയർ ചെയ്തെന്ന് ആരോപിച്ച് കഴിഞ്ഞ മൂന്നിന് കെഎസ്ആർടിസി കണ്ടക്ടറെ മങ്ങാട്ടുകവലയിൽ ചിലർ മർദിച്ചിരുന്നു. ഈ കേസിൽ അറസ്റ്റിലായ എസ്ഡിപിഐ പ്രവർത്തകരായ പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നാണ് വ്യക്തിവിവരങ്ങൾ ചോർന്നതായി കണ്ടെത്തിയത്.

പ്രത്യേകം ശ്രദ്ധ നൽകേണ്ടവർ എന്ന പേരിൽ പൊലീസ് ശേഖരിച്ച ആർഎസ്എസ് നേതാക്കളുടെയും ,പ്രവർത്തകരുടെയും വിവരങ്ങളാണ് പോപ്പുലർ ഫ്രണ്ട് എസ്. ഡി.പി.ഐ നേതാക്കൾക്ക് ഇയാൾ ചോർത്തി നൽകിയത്. ഭീഷണിയുള്ളതിനാൽ, സുരക്ഷ നൽകേണ്ട ഗണത്തിൽ പെടുത്തിയാണ് പൊലീസ് ആർഎസ്എസ് പ്രവർത്തകരുടെ പേര് വിവരങ്ങൾ സ്പെഷ്യൽ ബ്രാഞ്ച് മുഖേന ശേഖരിക്കുന്നത്. ഇങ്ങിനെ ശേഖരിച്ച വിവരങ്ങൾ ആണ് പൊലീസിലെ ചിലർ തന്നെ കൈമാറുന്നത്. തൊടുപുഴയിൽ നിന്നും പൊലീസ് ശേഖരിച്ച 135 ആർഎസ്എസ് പ്രവർത്തകരുടെ വിവരങ്ങൾ പോപ്പുലർ ഫ്രണ്ട് എസ് ഡി പി ഐ നേതാവിൽ നിന്നും ഉന്നത പൊലീസുദ്യോഗസ്ഥർക്ക് ലഭിച്ചതോടെയാണ് ചോർത്തൽ വിവരം പുറത്തുവന്നത്.

പൊലീസ് ശേഖരിച്ച രഹസ്യവിവരങ്ങൾ അനസ് പികെ,തന്റെ ഔദ്യോഗിക ഡൊമെയ്ൻ ഐഡി ഉപയോഗിച്ച് പേഴ്‌സണൽ മൊബൈലിലേക്ക് മാറ്റുകയും,പോപ്പുലർ ഫ്രണ്ട് നേതാവിന്റ മൊബൈലിലേക്ക് അയച്ചു നൽകുകയും ചെയ്തുവെന്നാണ് കണ്ടെത്തൽ. ബിജെപി നേതാവ് രഞ്ജിത്തിന്റെ കൊലപാതകത്തിന് പിന്നാലെ ആർഎസ്എസ് കാര്യകർത്താക്കളുടെയും, പ്രവർത്തകരുടെയും പേര് വിവരങ്ങൾ വ്യാപകമായി പൊലീസ് ശേഖരിക്കുന്നുണ്ട്. എന്നാൽ പൊലീസ് സേനയിൽ നിന്ന് തന്നെ ഇവരുടെ വിവരങ്ങൾ പോപ്പുലർ ഫ്രണ്ട് ഭീകരർക്ക് ചോർത്തി നൽകുകയാണ്. പൊലീസിനുള്ളിൽ പോപ്പുലർ ഫ്രണ്ടിന്റെ ചാരന്മാർ പ്രവർത്തിക്കുന്നുണ്ട് എന്നുള്ളതിന്റെ തെളിവ് കൂടിയാണിത്.

ആരോപണവിധേയനായ പൊലീസുകാരന്റെ ഫോൺ ഉന്നതോദ്യോഗസ്ഥർ പരിശോധിച്ചിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്. വ്യക്തമായ തെളിവുകൾ കിട്ടിയെന്നാണ് സൂചന. കെഎസ്ആർടിസി ബസിനുള്ളിൽ വച്ചാണ് സംയുക്ത ക്രൈസ്തവ സമിതി പ്രവർത്തകന് നേരെ എസ്ഡിപിഐ പ്രവർത്തകരുടെ വധശ്രമമുണ്ടായത്. കൊച്ചുകുട്ടികളായ സ്വന്തം മക്കളുടെ മുന്നിൽ വച്ചായിരുന്നു കയ്യേറ്റം. കുട്ടികളേയും ആക്രമിച്ചത്. ഈ കേസിലെ അന്വേഷണമാണ് നിർണ്ണായകമായത്.

ആലുവ കെഎസ്ആർടിസി ഡിപ്പോയിലെ കണ്ടക്ടറാണ് മധുസുതൻ. കഴിഞ്ഞദിവസം വെള്ളക്കയത്ത് നിന്നും കുട്ടികളുടെ ജന്മദിനത്തിന് സമ്മാനം വാങ്ങാൻ അവരുമായി തൊടുപുഴയിലേക്ക് യാത്രചെയ്യുമ്പോഴാണ് മധുസുതന് നേരെ ആക്രമണമുണ്ടായത്. അയാൾ വണ്ണപ്പുറം എത്തിയപ്പോൾ അപരിചിതരായ രണ്ടുപേർ ആ ബസിന്റെ പുറത്തുവന്ന് അയാളോട് പുറത്തേക്കിറങ്ങി വരാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ അവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ മധുസുതൻ പുറത്തിറങ്ങാൻ തയ്യാറായില്ല. ബസ് മങ്ങാട്ടുകവല എത്തിയപ്പോൾ എത്തിയപ്പോൾ ഒരുസംഘം എസ്ഡിപിഐ പ്രവർത്തകർ വാഹനം തടയുകയായിരുന്നു. ഈ സമയം പുറകിലിരുന്ന ഒരു യാത്രക്കാരൻ അയാളെ ചൂണ്ടിക്കാണിച്ചിട്ട് ഇറങ്ങിപ്പോയെന്ന് മധുസുതൻ തൊടുപുഴ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.

മധുസുതനെ തിരിച്ചറിഞ്ഞതോടെ എസ്ഡിപിഐ പ്രവർത്തകർ അയാളുടെയും മക്കളുടെയും അടുത്തേക്ക് പാഞ്ഞു അടുക്കുകയും അയാളെ ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. ഇതിനിടയിൽ ആക്രമി സംഘം 'പോപ്പുലർ ഫ്രണ്ടിനെ നിനക്ക് അറിയാൻ പാടില്ല. സൂക്ഷിച്ചില്ലെങ്കിൽ നീ വിവരം അറിയും' എന്നൊക്കെ ആക്രോശിച്ചു. ഈ കേസിലെ അന്വേഷണമാണ് വിവര ചോർച്ചയിൽ കാര്യങ്ങളെത്തിയത്. പൊലീസിനെ ഉപയോഗിച്ചും എസ് ഡി പി ഐ അവരുടെ രാഷ്ട്രീയ ശത്രുക്കളുടെ വിവരങ്ങൾ തേടാറുണ്ടെന്നാണ് കേസിൽ അറസ്റ്റിലായ പ്രതികൾ സമ്മതിച്ചത്.

സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ച ചില പോസ്റ്റുകളുടെ പേരിൽ തർക്കങ്ങളും നിലനിന്നിരുന്നു. ഖുറാൻ സംബന്ധമായി ഈയിടെ മധുസുതൻ പങ്കുവച്ച ഒരു പോസ്റ്റാണ് ആക്രമണത്തിന് കാരണമായതെന്നാണ് കരുതുന്നത്. വിദ്വേഷപരമായ പോസ്റ്റുകൾ പങ്കുവച്ചതിന് മധുസുതനെതിരെ കേസുണ്ടായിരുന്നു. പൊലീസിൽ നിന്നാണ് ഇയാളുടെ വിവരങ്ങളും അക്രമികൾക്ക് കിട്ടിയതെന്നാണ് സൂചന.