കോഴിക്കോട്: പൊതുമുതൽ സംരക്ഷിക്കാൻ ചുമതലപ്പെട്ട പൊലീസ് സ്വന്തം മുതൽ ഒരു കാരണവുമില്ലാതെ ക്ഷേത്രത്തിന് കൈമാറിയലോ. കോഴിക്കോട് പൊലീസിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുന്ന വിവാദം ഇതാണ്. കോഴിക്കോട് നഗരത്തിലെ കണ്ണായ സ്ഥലത്തുള്ള പാവമണി റോഡിലെ ക്വാർട്ടേഴ്‌സിന്റെ ഭൂമിയാണ് മുതലക്കുളം ഭദ്രകാളി ക്ഷേത്രത്തിന് കൈമാറാൻ നീക്കം നടന്നത്. സംഭവം പൊലീസുകാരുടെ വാട്‌സാപ്പ് ഗ്രൂപ്പിലും മറ്റും പ്രചരിച്ചതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് ഭൂമി കൈമാറ്റം നിർത്തിവെപ്പിക്കയായിരുന്നു.

ഉത്തരമേഖലാ എ.ഡി.ജി.പിയായ രാജേഷ്് ദിവാന്റെ സംഘപരിവാർ അജണ്ടയുടെ ഭാഗാണ് ഇത്തരം നീക്കങ്ങളെന്നാണ് സേനക്കകത്തുള്ള ആക്ഷേപം. നേരത്തെ ഇതേ ക്ഷേത്രത്തിന് സമീപമായി ഒരു ശ്രീകൃഷ്ണക്ഷേത്രം ഈ ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിൽ പൂർത്തിയാക്കിയിരുന്നു. വലിയ പിരിവുനടത്തിയാണ് പ്രതിഷ്ഠയും ലക്ഷംദീപ സമർപ്പണവും നടന്നത്. ഇതിന്റെ പിരിവ് രസീതി രണ്ട് പൊലീസുകാർ ഡിപ്പാർട്‌മെന്റ് വാഹനത്തിൽ മുഴുവൻ സ്‌റ്റേഷനുകളിലും എത്തിച്ചത് സേനയിൽ വിവാദമായിരുന്നു.

ഇതടങ്ങിയതിനു പിന്നാലെയാണ് ക്ഷേത്ര സൗകര്യം വർധിപ്പിക്കാൻ പൊലീസ് ക്വാർട്ടേഴ്‌സിന്റെ ഭൂമി വിട്ടുകൊടുക്കുന്നത്. ഭൂമി 'സ്വന്തമാക്കാൻ' ഇവിടെയുണ്ടായിരുന്ന ചുറ്റുമതിൽ നേരത്തെ പൊളിച്ചു നീക്കിയിരുന്നു. ക്വാർട്ടേഴ്‌സിന്റെ സ്ഥലം ഒരു മീറ്റർ വീതിയിലും ഏതാണ്ട് 25 മീറ്ററോളം നീളത്തിലുമാണ് ക്ഷേത്രത്തിന് കൈമാറുന്നത്. ഇതിനായി ചുറ്റുമതിൽ നിർമ്മിക്കാൻ കഴിഞ്ഞദിവസം ചാലുകീറി. സമീപത്ത് കരിങ്കല്ലും ഇറക്കിയിട്ടുണ്ട്. ക്വാർട്ടേഴ്‌സിന്റെ സെപ്റ്റിക് ടാങ്കിന് മുകളിലൂടെയാണ് മതിൽ നിർമ്മിക്കുന്നത് എന്നതാണ് വിചിത്രം.

സർക്കാർ ഭൂമി ക്ഷേത്രത്തിന് കൈമാറുന്നതിനെതിരെ സേനയിലെ നിരവധി ഉദ്യോഗസ്ഥർ അമർഷത്തിലാണ്. ഇവരാണ് സംഭവം ആഭ്യന്തരവകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. പാവമണി റോഡ് റെസിഡന്റ്‌സ് അസോസിയേഷനും ഭൂമി കൈമാറ്റത്തിനെതിരെ രംഗത്തുണ്ട്. മുതലക്കുളം ഭദ്രകാളി ക്ഷേത്രത്തിന്റെ പരിപാലനം വർഷങ്ങളായി സിറ്റി പൊലീസാണ് നിർവഹിക്കുന്നത്. ഇവിടത്തെ പ്രവൃത്തികൾക്ക് എ.ആർ ക്യാമ്പിലെ പൊലീസുകാരെ നിയോഗിക്കുന്നതും പതിവാണ്. ഒരുദിവസം 12 പൊലീസുകാരെ വരെ 'ഡ്യൂട്ടി'ക്ക് നിയോഗിച്ചിരുന്നു.

ഇപ്പോൾ രണ്ട് പൊലീസുകാരുടെ ഡ്യൂട്ടി ക്ഷേത്രപരിപാലനം മാത്രമാണെന്നാണ് സേനയിൽനിന്നുതന്നെയുള്ള വിവരം. ക്ഷേത്ര ഭൂമിയുടെ വീതി വർധിപ്പിക്കുന്നതിന് നിലവിലെ മതിൽ പൊളിക്കാനും മറ്റു നിർമ്മാണപ്രവൃത്തികൾക്കും സഹായികളായതും ക്യാമ്പിലെ പൊലീസുകാരാണ്. സിറ്റി പൊലീസിൽ ആവശ്യത്തിന് ജീവനക്കാരില്ലെന്ന വിമർശനത്തിനിടെയാണ് പൊലീസുകാരുടെ 'ക്ഷേത്ര ഡ്യൂട്ടി'. ക്ഷേത്രത്തിന്റെ പ്രവർത്തനങ്ങൾക്കായി എല്ലാ മാസവും പൊലീസുകാരുടെ ശമ്പളത്തിൽനിന്ന് 20 രൂപ വീതമാണ് ഈടാക്കുന്നത്. സിറ്റിയിൽ 2000ത്തോളവും റൂറലിൽ 1300ഓളവും ഉൾപ്പെടെ ജില്ലയിലെ 3300 പൊലീസുകാരിൽനിന്ന് 20 രൂപ തോതിൽ ഈടാക്കുമ്പോൾ മാസം 66,000 രൂപയാണ് ക്ഷേത്രത്തിന് സേനയിൽനിന്നുള്ള വരുമാനം.

അതിനിടെ സംഭവം പൊലീസിനാകെ നാണക്കേടുണ്ടാക്കുന്ന തരത്തിലേക്ക് എത്തിയതോടെ ഭൂമി കൈമാറ്റ നടപടികൾ മരവിപ്പിച്ചിട്ടുണ്ട്. എ.ഡി.ജി.പി രാജേഷ് ദിവാൻ ക്ഷേത്രകാര്യത്തിൽ അമിത താൽപര്യം പ്രകടിപ്പിക്കുകയും സ്വർണപ്രശ്‌നം നടത്തി പുതിയ ക്ഷേത്രം നിർമ്മിക്കുകയും ചെയ്തപ്പോൾ സ്‌പെഷൽ ബ്രാഞ്ച് വിഷയം ഇന്റലിജൻസ് മേധാവി ബി. മുഹമ്മദ് യാസീന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. പക്ഷേ ഇക്കാര്യത്തിൽ നടപടിയൊന്നും ഉണ്ടായിട്ടില്ല.

സംഭവം വിവാദമായതോടെ മതിൽ നിർമ്മാണം ഉൾപ്പെടെ നിർത്തിവെച്ചിട്ടുണ്ട്. പൊലീസിലെതന്നെ ചിലർ നേരിട്ട് വിവരമറിയിച്ചതിനു പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫിസ് ഭൂമികൈമാറ്റവുമായി ബന്ധപ്പെട്ട റിപ്പോർട്ട് തേടിയിട്ടുണ്ട്. രാജേഷ് ദിവാനെതിരെ നടപടിയെടുക്കണമെന്നും ഒരു വിഭാഗം പൊലീസുകാർ ആവശ്യപ്പെട്ടിട്ടുണ്ട്.