- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റൂട്ട് തെറ്റിച്ചതിന്റെ പേരിൽ മന്ത്രി കോപത്തിന് ഇരയായ പൊലീസുകാരെ തിരിച്ചെടുത്തു; വിശദീകരണം പോലും ചോദിക്കാതെയുള്ള സസ്പെൻഷനിൽ ഉയർന്നത് രോഷം; തനിക്ക് അതൃപ്തിയില്ലെന്ന് മന്ത്രി പി.രാജീവ് പറഞ്ഞതോടെ ഉന്നതർക്ക് മാനസാന്തരം
തിരുവനന്തപുരം: മന്ത്രി പി രാജീവിന്റെ റൂട്ട് തെറ്റിച്ചെന്ന പേരിൽ സസ്പെൻഡ് ചെയ്ത പൊലീസുകാരെ സർവ്വീസിൽ തിരിച്ചെടുത്തു. കഴിഞ്ഞ ഓഗസ്റ്റ് 16 നാണ് മന്ത്രിക്ക് എസ്‌കോർട്ട് പോയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത്.റൂട്ട് മാറ്റിയതിലുള്ള അതൃപ്തി മന്ത്രി രേഖപ്പെടുത്തിയതിനാലാണ് നടപടി എടുത്തതെന്നായിരുന്നു ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
എന്നാൽ സസ്പെൻഡ് ചെയ്ത ഉത്തരവിനെതിരെ മന്ത്രി രംഗത്തെത്തിയിരുന്നു. താൻ അതൃപ്തി അറിയിച്ചതു കൊണ്ട് പൊലീസുകാരെ സസ്പെൻഡ് ചെയ്തത് ശരിയല്ലെന്ന് മന്ത്രി പറഞ്ഞിരുന്നു. തന്റെ റൂട്ട് നിശ്ചയിക്കുന്നത് പൊലീസാണെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരം പള്ളിച്ചൽ മുതൽ വെട്ടുറോഡ് വരെ മന്ത്രിക്ക് എസ്‌കോർട്ട് ഡ്യൂട്ടിയിലുണ്ടായ ഗ്രേഡ് എസ്ഐ എസ് എസ് സാബുരാജൻ, സിപിഒ സുനിൽ എന്നിവരെയായിരുന്നു സസ്പെൻഡ് ചെയ്തത്.
തിരക്കും കുഴികളുമുള്ള വഴിക്ക് പകരം നല്ല വഴി തിരഞ്ഞെടുത്ത ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. വിശദീകരണം പോലും ചോദിക്കാതെയാണ് നടപടി എടുത്തത്. മന്ത്രിയുടെ ഗൺമാനായ സാബുവിന്റെ പരാതിയിലായിരുന്നു പൊലീസുകാരെ സസ്പെൻഡ് ചെയ്തത്. മികച്ച സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് പട്ടികയിൽ സസ്പെൻഡ് ചെയ്യപ്പെട്ട ഗ്രേഡ് എസ്ഐ സാബുരാജൻ ഇടംനേടിയിരുന്നു. സസ്പെൻഷനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതിനിടെയാണ് ഉദ്യോഗസ്ഥന് അംഗീകാരം ലഭിച്ചത്.
മറുനാടന് മലയാളി ബ്യൂറോ