തിരുവനന്തപുരം: വോട്ടെടുപ്പിന്റെ ഔദ്യോഗിക വിവരങ്ങൾ പുറത്തുവരുമ്പോൾ മുൻവർഷത്തേക്കാൾ ഉയർന്ന പോളിങ് ശതമാനമാണ് ഇത്തവണ ഉണ്ടായതെന്ന് വ്യക്തമാകും. തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട ഔദ്യോഗിക കണക്ക് പ്രകാരം 77.35 ശതമാനം പോളിംഗാണ് ഈ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തുണ്ടായത്.

86.3 ശതമാനം പേരും വോട്ട് രേഖപ്പെടുത്തിയ ചേർത്തല നിയോജകമണ്ഡലത്തിലാണ് ഉയർന്ന പോളിങ്. യുഡിഎഫിന്റെ സ്ഥാനാർത്ഥിയായി ശരത്തും എൽഡിഎഫ് സ്ഥാനാർത്ഥിയായി പി തിലോത്തമനും തമ്മിലായിരുന്നു മത്സരം. ഇവിടെ കനത്ത പോളിംഗാണ് രേഖപ്പെടുത്തിയത്. അത് തങ്ങൾക്ക് അനുകൂലമാകുമെന്നാണ് യുഡിഎഫ് കണക്കുകൂട്ടുന്നത്. യുവാവായ സ്ഥാനാർത്ഥിക്ക് ലഭിച്ച വോട്ടുകളാണ് ശതമാനം കൂടാൻ കാരണമെന്നാണ് യുഡിഎഫിന്റെ അവകാശവാദം. എന്നാൽ, മറിച്ചാണ് കാര്യങ്ങളെന്ന് ഇടതു സ്ഥാനാർത്ഥിയും അവകാശപ്പെടുന്നു.

ചേർത്തലയിലെ പോളിങ് ശതമാനത്തിൽ പ്രതീക്ഷവെക്കുന്ന യുഡിഎഫിന് എന്നാൽ കുന്നത്തുനാടിന്റെ കാര്യത്തിൽ ആശങ്കയാണുള്ളത്. കുന്നത്തുനാട് നിയമസഭാ മണ്ഡലത്തിൽ 85.63 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്. കടുത്ത പോരാട്ടം നടക്കുന്ന ഇവിടെ വോട്ടിങ് ശതമാനം കൂടിയത് മണ്ഡലം എൽഡിഎഫ് തിരിച്ചു പിടിക്കുമെന്ന സൂചനയാണെന്നാണ് ഇടതു കേന്ദ്രങ്ങൾ അവകാശപ്പെടുന്നത്. എന്നാൽ മറിച്ച് സംഭവിക്കുമെന്ന് യുഡിഎഫും പയുന്നു.

അടൂർ (85.43) മണ്ഡലത്തിലും 85 ശതമാനത്തിന് മുകളിലാണ് പോളിങ് രേഖപ്പെടുത്തിയത്. അതേസമയം ആളില്ലാ പാർട്ടികളിൽ നിന്നും സ്ഥാനാർത്ഥികളായവർ മത്സരിച്ച മണ്ഡലങ്ങളിൽ വോട്ടിങ് ശതമാനം പിന്നോട്ടു പോയെന്ന് വ്യക്തമാണ്. ജനാധിപത്യ കേരളാ കോൺഗ്രസിന്റെ സ്ഥാനാർത്ഥികൽ മത്സരിച്ച തിരുവനന്തപുരത്തും (65.19), കടുത്തുരിത്തിയിലും (69.39) പോൡഗ് കുറവാണ് അനുഭവപ്പെട്ടത്. ഇവിടെ പോളിങ് ശതമാനത്തിൽ ഉണ്ടായ ഇടിവ് ആരെ ബാധിക്കുമെന്നറിയാൻ 19നേ സാധിക്കുകയുള്ളൂ. തിരുവല്ല (69.29),ആറ്റിങ്ങൽ (69.28), വട്ടിയൂർക്കാവ് (69.83) എന്നീ മണ്ഡലങ്ങളിലും പോളിങ് ശതമാനം 70-നും താഴെയാണ്.

ജില്ലാ അടിസ്ഥാനത്തിൽ 81.63 ശതമാനം പേരും വോട്ട് ചെയ്ത കോഴിക്കോടാണ് മുൻപിൽ. 72.42 ശതമാനം പേർ ബൂത്തിലെത്തിയ തിരുവനന്തപുരം പിറകിൽ. പതിവ് പോലെ ഇക്കുറിയും വടക്കൻ ജില്ലകളിലാണ് കനത്ത പോളിങ് നടന്നത്.

ഉദുമ, തൃക്കരിപ്പൂർ, പയ്യന്നൂർ, തളിപ്പറമ്പ്, മട്ടന്നൂർ, പേരാവൂർ, അഴീക്കോട്, ധർമ്മടം, കൂത്തുപറമ്പ്,വടകര,കുന്ദമംഗലം,കുറ്റ്യാടി,നാദാപുരം,കൊയിലാണ്ടി,പേരാമ്പ്ര,തിരുവമ്പാടി,ബാലുശ്ശേരി,എലത്തൂർ,ബേപ്പൂർ,കൊടുവള്ളി, ഏറനാട്,ചിറ്റൂർ,നെന്മാറ,കുന്നംകുളം,വടക്കാഞ്ചേരി, പുതുക്കാട്, കുന്ദംകുളം, പെരുമ്പാവൂർ,അങ്കമാലി,കളമശ്ശേരി,ആലുവ, പറവൂർ, കോതമംഗലം,പിറവം,വൈക്കം,ആലപ്പുഴ,ഹരിപ്പാട് എന്നീ മണ്ഡലങ്ങളിൽ 80 ശതമാനത്തിന് മുകളിൽ പോളിങ് രേഖപ്പെടുത്തി.

വോട്ടിങ് ശതമാനം ഉയർന്ന സ്ഥലങ്ങളിൽ ഇരുമുന്നണികളും ഒരുപോലെ പ്രതീക്ഷ പ്രകടിപ്പിക്കുന്നുണ്ട്. യുഡിഎഫിന് തുടർഭരണം സാധ്യമാകണമെങ്കിൽ എറണാകുളം കോട്ടയം ജില്ലകളിൽ നിന്ന് കുറഞ്ഞത് 12 സീറ്റുകളുടെയെങ്കിലും മുൻതൂക്കം വേണം. എറണാകുളത്ത് പ്രധാന സീറ്റുകളിൽ അവസാന ഘട്ടത്തിൽ പോരാട്ടം കനത്തത് കോൺഗ്രസിനെ ആശങ്കപ്പെടുത്തുന്നുണ്ട്.

പുതുമുഖങ്ങളായ പല ഇടത് മുന്നണി സ്ഥാനാർത്ഥികളും അപ്രതീക്ഷിത മുന്നേറ്റം നടത്തി. കോട്ടയത്തെ യുഡിഎഫ് കോട്ടകളിൽ താരതമ്യേന പോളിങ് ശതമാനം കുറവായിരുന്നു. ആലപ്പുഴയിൽ ബിഡിജെഎസ് നിർണ്ണായകമായ മണ്ഡലങ്ങളിലെല്ലാം പോളിങ് ഉയർന്നു. 2006ലെ ഇടത് തരംഗം ആവർത്തിക്കുമെന്ന ആത്മവിശ്വാസമാണ് എൽഡിഎഫിലുള്ളത്. എന്നാൽ മൂന്നാം മുന്നണി ഇടത് വോട്ടുകൾ ചോർത്തിക്കളഞ്ഞുവെന്നാണ് യുഡിഎഫിന്റെ വിലയിരുത്തൽ.