റിയാദ്: ഹജ്ജ് തീർത്ഥാടനത്തിനെത്തിയ ആയിരക്കണക്കിന് തീർത്ഥാടകർക്ക് മിനിസ്ട്രി ഓഫ് ഹെൽത്തിന്റെ നേതൃത്വത്തിൽ പോളിയോ വാക്‌സിൻ നൽകി. സ്വദേശത്ത് വാക്‌സിൻ എടുത്തിട്ടില്ലാത്തവർക്കാണ് ഇവിടെ വച്ച് വാക്‌സിൻ നൽകിയതെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി.
ഹജ്ജ് തീർത്ഥാടനത്തിനെത്തുന്നവരിൽ ഭൂരിഭാഗം പേരേയും ഹെൽത്ത് മിനിസ്ട്രി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും മെഡിക്കൽ സേവനം ആവശ്യമുള്ളവർക്കെല്ലാം അതു നൽക്കാൻ മിനിസ്ട്രി സദാ ജാഗരൂകരായിരിക്കുകയാണെന്നും മെഡിക്കൽ ഇൻ ചാർജ് അബ്ദുൾ ഗാനി മുഹമ്മദ് പറഞ്ഞു. രണ്ടു ലക്ഷത്തോളം പേർക്ക് പോളിയോ വാക്‌സിൻ നൽകിയപ്പോൾ അഞ്ചുലക്ഷത്തോളം പേർക്ക് മെനിഞ്ചൈറ്റിസിനുള്ള വാക്‌സിൽ നൽകി. ഇതുവരെ 88,000ത്തിലധികം തീർത്ഥാടകർ വിവിധ രോഗങ്ങൾക്ക് ചികിത്സ തേടുകയും ചെയ്തതായി അബ്ദുൾ ഗാനി വെളിപ്പെടുത്തി.
ഹജ്ജിനെത്തുന്ന എല്ലാ തീർത്ഥാടകർക്കും മെനിഞ്ചൈറ്റിസിനുള്ള വാക്‌സിനേഷൻ നിർബന്ധമാണ്. അതേസമയം ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവർ, പാക്കിസ്ഥാൻ, ഇന്ത്യ, നേപ്പാൾ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് പോളിയോ വാക്‌സിൻ നിർബന്ധമാക്കിയിട്ടുള്ളത്.