ബംഗളുരു: കർണാടക തെരഞ്ഞെടുപ്പ് ഫലം പുറത്തുവരും മുമ്പ് ബി എസ് യെദ്യൂരപ്പ പറഞ്ഞത്. 'ഞാൻ മുഖ്യമന്ത്രിയാകും, 17ന് സത്യപ്രതിജ്ഞ'.- പറഞ്ഞ് വാക്കു പാലിക്കാൻ കൈവിട്ട കളി കളിച്ചിരിക്കയാണ് ബിഎസ് യെദ്യൂരപ്പ എന്ന ദക്ഷിണേന്ത്യൻ ബിജെപി രാഷ്ട്രീയത്തിലെ തലമുതിർന്ന നേതാവ്. ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി വിജയിക്കുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും അതുണ്ടാകാതെ വന്നതോടെയാണ് കേന്ദ്രത്തിലെ അധികാരത്തിന്റെ ബലത്തിൽ ബിജെപി കർണാടകത്തിൽ അധികാരം പിടിച്ചിരിക്കുന്നത്. യെദ്യൂരപ്പ പറഞ്ഞതു പോലെ 17ന് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തു. ഈ സംഭവത്തിൽ തെളിഞ്ഞത് യെദ്യൂരപ്പയുടെ രാഷ്ട്രീയബുദ്ധി കൂർമ്മത തന്നെയായിരുന്നു. പലതവണയുള്ള അഴിമതി ആരോപണങ്ങളും പുറത്താക്കലുകളും തളരാത്ത പോരാട്ട വീര്യത്തിന്റെ പര്യായമായി മാറുകയായിരുന്നു ഈ എഴുപത്തഞ്ചുകാരൻ. നിശ്ചയദാർഢ്യവും ഈ വിജയത്തിന് പിന്നിലുണ്ടെന്ന് അദ്ദേഹം ഒരിക്കൽ കൂടി ഉറപ്പിക്കുകയായിരുന്നു.

സിദ്ധാലിനംഗപ്പ യെഡിയൂരപ്പ എന്ന ബി.എസ്. യെഡിയൂരപ്പ മാണ്ഡ്യ ജില്ലയിലെ കെ.ആർ.ടി താലൂക്കിൽ ബുക്കാനക്കരെ എന്ന ഒരു ഗ്രാമത്തിൽ 1943 ഫെബ്രുവരി 27 നാണ് ജനിച്ചത്. സിദ്ദിലിംഗപ്പയും പുട്ടടിയമമ്മയുമാണ് അദ്ദേഹത്തിന്റെ മാതാപിതാക്കൾ. തുംകുരു ജില്ലയിലെ യെഡിയൂരിൽ മഹാനായ സന്യാസിയായ സിദ്ധലിംഗേശ്വര മഹാരാജാവ് ശൈവക്ഷേത്രത്തിന്റെ നിമ്മാണത്തിന് ശേഷമാണ് ഇദ്ദേഹത്തിന് ഈ പേരിട്ടത്. തന്റെ നാലാം വയസ്സിൽ തന്നെ അമ്മയെ നഷ്ടപ്പെട്ട് ജീവിതത്തിൽ ഒറ്റപ്പെട്ടു. കഷ്ടതകളിലൂടെ പഠിച്ച് പന്ത്രണ്ടാം ക്ലാസ്സിന്റെ തുല്യമായ പാണ്സ് കോളേജിലെ മാണ്ഡ്യയിൽ നിന്നും തന്റെ പ്രീ-യൂണിവേഴ്സിറ്റി കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കി.

1965 ൽ സാമൂഹ്യക്ഷേമ വകുപ്പിൽ ഒന്നാം ഡിവിഷൻ ഗുമസ്തനായി സേവനമനുഷ്ഠിച്ചു. പക്ഷേ, ജോലി ഉപേക്ഷിച്ച് അദ്ദേഹം വീരഭദ്ര ശാസ്ത്രിയുടെ ശങ്കർ അരി മിൽക്കിൽ ക്ലർക്കായി ജോലിയിൽ പ്രവേശിച്ചു. 1967 ൽ യദ്യൂരപ്പ മിൽ ഉടമയുടെ മകൾ മിത്രാദേവിയേ വിവാഹം ചെയ്തു. പിന്നീട് അദ്ദേഹം ശിവമോഗഗയിൽ ഒരു ഹാർഡ്വെയർ ഷോപ്പ് സ്ഥാപിച്ചു. യെദ്യൂരപ്പയ്ക്ക് കർണാടക നിയമസഭയിലെ അംഗമായ രാഘവേന്ദ്ര എന്ന മകനും അരുണാദേവി, ഉമാദേവിയെന്ന രണ്ടു പെൺമക്കളുമുണ്ട്. 2004-ൽ അദ്ദേഹത്തിന്റെ ഭാര്യ മരിച്ചു. പിന്നീട് അസ്ടോളജിസ്റ്റുകളുടെ നിർദ്ദേശപ്രകാരം, 'യെദ്യൂരപ്പ' എന്ന പേരിന്റെ സ്പെല്ലിംഗിൽ വ്യത്യാസം വരുത്തി. ലിംഗായത്ത് വിശ്വാിയായ അദ്ദേഹം കടുത്ത മത വിശ്വാസിയുമാണ്.

ആർഎസ്എസിലൂടെ തുടങ്ങിയ രാഷ്ട്രീയം, ദക്ഷിണേന്ത്യയിലെ സംഘതന്ത്രങ്ങളുടെ രാജാവായി

കോളേജ് കാലത്തു തന്നെ ആർഎസ്എസിലെ സജീവപ്രവർത്തകനായിരുന്നു ബി.എസ്. യെഡിയൂരപ്പ. 1970 ൽ ശിക്കാരിപ്പൂർ ശാഖയിലെ കാര്യവാഹക് ആയി ഉയർത്തപ്പെട്ടതോടെ സജീവ രാഷ്ട്രീയത്തിലേക്ക് കടന്നു. ക്ലാർക്കിന്റെ ജോലിയായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. രണ്ടു വർഷത്തിനു ശേഷം ശിക്കാരിപുര ടൗൺ മുനിസിപ്പാലിറ്റിയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. 1975ൽ മുൻസിപ്പാലിറ്റി പ്രസിഡന്റായി. അടിയന്തരാവസ്ഥക്കാലത്തു ബെല്ലാരിയിലെയും ഷിമോഗയിലെയും ജയിലുകളിൽ തടവിൽ കഴിഞ്ഞു. 1985 ൽ ഷിമോഗയിലെ ബിജെപി ജില്ലാ പ്രസിഡന്റായ യെഡിയൂരപ്പയ്ക്ക് മൂന്നു വർഷത്തിനുശേഷം പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റായി സ്ഥാനക്കയറ്റം ലഭിച്ചു.

1983 ലാണ് യെഡിയൂരപ്പ ആദ്യമായി കർണ്ണാടക നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെടുന്നത്. അതിനു ശേഷം ആറു തവണ ശിക്കാരിപുര മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. പിന്നീട് 1994 ൽ നിയമസഭയിലെ പ്രതിപക്ഷ നേതാവായി. 2004 ൽ ധാരാം സിങ്ങിന്റെ നേതൃത്വത്തിൽ അധികാരത്തിൽ വന്ന തൂക്കുമന്ത്രിസഭയെ ജെഡിഎസുമായി ചേർന്ന് താഴെയിറക്കുന്നതിൽ യെഡിയൂരപ്പ മുഖ്യപങ്കു വഹിച്ചു. ആദ്യത്തെ 20 മാസം കുമാരസ്വാമിയും പിന്നീടുള്ള 20 മാസം യെഡിയൂരപ്പയുമായി മാറിമാറി മുഖ്യമന്ത്രിക്കസേര പങ്കു വയ്ക്കുമെന്നായിരുന്നു കരാർ. എന്നാൽ ആദ്യ 20 മാസങ്ങൾ പിന്നിട്ടിട്ടും കുമാരസ്വാമി മുഖ്യമന്ത്രിക്കസേര ഒഴിഞ്ഞുകൊടുക്കാൻ തയാറായില്ല. ഇതേത്തുടർന്ന് 2007 ഒക്ടോബറിൽ മന്ത്രിസഭയ്ക്കുള്ള പിന്തുണ ബിജെപി പിൻവലിക്കുകയും കർണാകയിൽ രാഷ്ട്രപതിഭരണം നിലവിൽ വരികയും ചെയ്തു.

പിന്നീട് ബിജെപിയും ജെഡിഎസുമായി ധാരണയിലെത്തുകയും യെഡിയൂരപ്പ 2007 നവംബറിൽ കർണ്ണാടകയുടെ 25-ാമത് മുഖ്യമന്ത്രിയായി സ്ഥാനമേൽക്കുകയും ചെയ്തു. അങ്ങനെ ദക്ഷിണേന്ത്യയിലെ ആദ്യ ബിജെപി മുഖ്യമന്ത്രി കൂടിയായി യെഡിയൂരപ്പ. മന്ത്രിസഭ രൂപീകരണവുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് ജെഡിഎസ് ബിജെപിക്കുള്ള പിന്തുണ പിൻവലിച്ചതോടെ ദിവസങ്ങൾക്കുള്ളിൽ യെഡിയൂരപ്പയ്ക്ക് മുഖ്യമന്ത്രിസ്ഥാനം രാജി വയ്ക്കേണ്ടി വന്നു. 2008 ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തിലേറ്റുന്നതിൽ യെഡിയൂരപ്പ നിർണ്ണായക പങ്കുവഹിക്കുകയും രണ്ടാം വട്ടം മുഖ്യമന്ത്രിസ്ഥാനത്തെത്തുകയും ചെയ്തു.

പിന്നീട് അഴിമതി ആരോപണത്തെത്തുടർന്നു 2011ൽ യെഡിയൂരപ്പ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു പുറത്തായി. തുടർന്ന് കർണാടകയിൽ താൻകൂടി ചേർന്നു കെട്ടിപ്പടുത്ത പാർട്ടിയിലേക്കില്ലെന്നു പ്രഖ്യാപിച്ച് സ്വന്തം പാർട്ടിയുണ്ടാക്കി യെഡിയൂരപ്പ ബിജെപിയിൽനിന്നു പടിയിറങ്ങി. അനധികൃത ഖനനവുമായി ബന്ധപ്പെട്ട് മുൻ ലോകായുക്ത ജസ്റ്റിസ് സന്തോഷ് എൻ.ഹെഗ്‌ഡെ സമർപ്പിച്ച റിപ്പോർട്ടിൽ പേരു പരാമർശിച്ചതിനെ തുടർന്ന് 2011 ജൂലൈ 31ന് മുഖ്യമന്ത്രിസ്ഥാനം രാജിവച്ച യെഡിയൂരപ്പ 2012 ഡിസംബർ ഒൻപതിന് ഹാവേരിയിൽ നടന്ന റാലിയിലാണ് കെജെപി (കർണ്ണാടക ജനതാ പക്ഷ) രൂപീകരിച്ച് ബിജെപി വിട്ടത്.

ബിജെപിയിലേക്ക് ഒരു തിരിച്ചുപോക്ക് ഉണ്ടാവില്ലെന്നായിരുന്നു അന്നത്തെ പ്രഖ്യാപനം. കോൺഗ്രസിനെക്കാളും ജനതാദളിനെക്കാളും വലിയ തിന്മയാണു ബിജെപിയെന്നു വരെ പറഞ്ഞ് തീ തുപ്പുന്ന ആരോപണശരങ്ങളുമായി രംഗത്തെത്തി. ഒപ്പം സ്വന്തം പാർട്ടിയിൽ നിന്നും നീതി ലഭിച്ചില്ലെന്ന പരാതിയും. അഴിമതിവിരുദ്ധ മുഖം ഉയർത്തിപ്പിടിക്കാൻ യെഡിയൂരപ്പ രാജി വെയ്ക്കുക എന്ന നിലപാടാണ് ബിജെപി സ്വീകരിച്ചത്.

വിധി വരും മുൻപേ സ്ഥാനഭ്രഷ്ടനാക്കി

മുഖ്യമന്ത്രിയായിരിക്കെ സ്വകാര്യട്രസ്റ്റിന്റെ പേരിൽ 40 കോടി കൈപ്പറ്റിയെന്ന കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് ബി.എസ്.യെഡിയൂരപ്പയെയും മറ്റു 12 പേരെയും സിബിഐ പ്രത്യേക കോടതി കുറ്റവിമുക്തരാക്കിയെങ്കിലും പാളയത്തിൽപ്പട യെഡിയൂരപ്പയെ വിധി വരും മുൻപേ സ്ഥാനഭ്രഷ്ടനാക്കിയിരുന്നു. യെഡിയൂരപ്പയുടെ കുടുംബാംഗങ്ങൾ നടത്തുന്ന പ്രേരണ ട്രസ്റ്റ് വഴി ഖനന സ്ഥാപനങ്ങൾക്കു സഹായങ്ങൾ നൽകിയെന്നായിരുന്നു കേസ്. സുപ്രീം കോടതി നിർദേശപ്രകാരം സിബിഐ അന്വേഷിച്ചു 2012ൽ കുറ്റപത്രം സമർപ്പിച്ച കേസാണിത്. സംസ്ഥാനത്തെ അനധികൃത ഖനനത്തെക്കുറിച്ചു മുൻ ലോകായുക്ത ജസ്റ്റിസ് സന്തോഷ് എൻ.ഹെഗ്ഡെ പുറത്തുവിട്ട പ്രാഥമിക റിപ്പോർട്ടാണു കേസിന് ആധാരം. അനധികൃത ഖനനം, ലോകായുക്തയുടെ ഫോൺ ചോർത്തൽ എന്നീ ആരോപണങ്ങളുടെ പേരിൽ രാജി വെയ്ക്കുന്ന പ്രശ്നമില്ലെന്നു പറഞ്ഞെങ്കിലും ഒടുവിൽ മുട്ടു മടക്കേണ്ടി വന്നു യെഡിയൂരപ്പയ്ക്ക്.

നരേന്ദ്ര മോദി ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായപ്പോൾ യെഡിയൂരപ്പയെ മടങ്ങിവരാൻ പ്രേരിപ്പിച്ചു. 2014ലെ പൊതുതിരഞ്ഞെടുപ്പിൽ അദ്ദേഹത്തിനും മൂന്ന് അനുയായികൾക്കും ടിക്കറ്റ് നൽകി. യെഡിയൂരപ്പയും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന ശോഭ കരന്തലാജെയും ശിവകുമാർ ഉദാസിയും മോദിതരംഗത്തിൽ വിജയിച്ചു. മോദി അധികാരത്തിലെത്തുകയും അമിത് ഷായെ ബിജെപി അധ്യക്ഷനായി നിയമിക്കുകയും ചെയ്തതോടെ യെഡിയൂരപ്പയെ ദേശീയ ഉപാധ്യക്ഷനാക്കിയെങ്കിലും ചുമതലകളൊന്നും ലഭിച്ചില്ല. ഇത് ശരിവയ്ക്കുന്ന രീതിയിൽ വിജയിച്ചു കാണിച്ചു.

യെദ്യൂരപ്പ തന്നെയാണ് കർണാടത്തിലെ തുറുപ്പുചീട്ട് എന്നറിഞ്ഞു തന്നെയാണ് മോദി കർണാടക തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. ലിംഗായത്ത് സമുദായത്തിൽ വിള്ളൽ വീഴ്‌ത്താൻ സിദ്ധരാമയ്യ ശക്തമായ ശ്രമം നടത്തിയെങ്കിലും യെദ്യൂരപ്പയിലുള്ള വിശ്വാസം കൊണ്ട് അവർ ബിജെപിയെ കൈവിട്ടില്ല. ലിംഗായത്ത് മേഖലകളിൽ ബിജെപി സ്ഥാനാർത്ഥികൾ തന്നെ വിജയിച്ചു കയറി. സിദ്ധരാമയ്യയുടെ പിന്നാക്ക - ദലിത് അടിത്തറയ്ക്കെതിരെ മുന്നാക്ക വിഭാഗങ്ങളുടെ ഏകീകരണത്തിനും കോൺഗ്രസിന്റെ കയ്യിലെ അതീവ പിന്നാക്ക വോട്ടുകൾ കുറച്ചു പിടിച്ചുവാങ്ങാനും യെഡിയൂരപ്പയ്ക്കു സാധിക്കുമെന്ന് ബിജെപി മനസ്സിലാക്കിയിരുന്നു. കണക്കുകൂട്ടലുകൾ സത്യമായി. 40 ൽ നിന്ന് ബിജെപിയെത്തിയത് സെഞ്ചുറി നേട്ടത്തിലേക്കാണ് ബിജെപി വിജയിച്ചു കയറിയത്. എന്നാൽ, ഭൂരിപക്ഷത്തിന് വേണ്ടിയുള്ള സംഖ്യ ബിജെപിക്ക് ലഭിച്ചില്ല.

അവിടെയും യെദ്യൂരപ്പ പ്രതീക്ഷയിലാണ്. തന്റെ രാഷ്ട്രീയ വൈരികളായ ജെഡിഎസിൽ നിന്നും എംഎൽഎമാരെ അടർത്തിയെടുത്ത് വിജയം വരിക്കാമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. ആകാംക്ഷ ഇപ്പോഴും ബാക്കി നിൽക്കുന്നുണ്ടെങ്കിലും കർണാടക ബിജെപിയെ വീണ്ടും തന്റെ പോക്കറ്റിലാക്കി യെഡിയൂരപ്പ അധികാരമേറുകയാണ്. തന്ത്രങ്ങളും മറുതന്ത്രങ്ങളും ഏറെ പരിചയിച്ച നേതാവിന്റെ നിശ്ചയദാർഢ്യമുണ്ട്. നാളെ സുപ്രീംകോടതി വിധി നിർണായകമാകുന്ന സാഹചര്യത്തിൽ എത്രസമയം അദ്ദേഹം മുഖ്യമന്ത്രി കസേരയിൽ ഉണ്ടാകുമെന്ന കാര്യത്തിൽ അടക്കം സംശയമുണ്ട്.

എന്തായാലു ഓപ്പറേഷൻ താമരയുമായി യെദ്യൂരപ്പ രംഗത്തുണ്ട്. ഏതുവിധേനയും സർക്കാർ രൂപീകരിക്കുമെന്ന് ബിജെപി നേതാക്കൾ ആവർത്തിക്കുന്നു. കോൺഗ്രസ് ജെഡിഎസ് സഖ്യം തകർക്കാനുള്ള ചടുമതല ബിജെപി ബി.ശ്രീരാമുലുവിന് നൽകി കൊണ്ടാണ് യെദ്യൂരപ്പ മുഖ്യമന്ത്രി കസേര നിലനിർത്താൻ ശ്രമിക്കുന്നത്. റെഡ്ഡി സഹോദരന്മാരും ഇതിനൊപ്പം നിൽക്കുന്നുണ്ട്. 2008 -ൽ നടപ്പാക്കിയ 'ഓപ്പറേഷൻ താമര'യിലൂടെയാണ് യെദ്യൂരപ്പ അധികാരം പിടിച്ചത്. മറ്റുകക്ഷികളുടെ എംഎൽഎ.മാരെയും താഴെത്തട്ടിലുള്ള നേതാക്കളെയും അധികാരവും പണവും വാഗ്ദാനംചെയ്ത് ബിജെപി.യിൽ എത്തിക്കുന്നതാണ് ഓപ്പറേഷൻ താമരയുടെ രീതി. ബിജെപി. മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പതന്നെയായിരുന്നു ഇതിന്റെ ഉപജ്ഞാതാവ്. പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനൊപ്പം പ്രതിപക്ഷ പാർട്ടികളുടെ താഴെത്തട്ടിലുള്ള ശൃംഖലതന്നെ തകർക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. എംഎൽഎ.മാർ രാജിവെച്ച് വീണ്ടും ജനവിധി തേടുമെന്നതിനാൽ കൂറുമാറ്റനിരോധനം ഇതിൽ തടസ്സമാകുകയുമില്ല.

2008-ൽ പ്രതിപക്ഷത്തെ ഏഴ് എംഎൽഎ.മാരെയാണ് ഇത്തരത്തിൽ ബിജെപി. പാർട്ടിയിലെത്തിച്ചത്. ഇതിൽ അഞ്ചുപേർക്ക് ഉപതിരഞ്ഞെടുപ്പിൽ സീറ്റും നൽകി. അങ്ങനെയാണ് 224 അംഗസഭയിൽ ബിജെപി. 115 സീറ്റുമായി ഭൂരിപക്ഷം ഉറപ്പാക്കിയത്. സംസ്ഥാനഘടകത്തിന്റെ പദ്ധതിയോട് പരസ്യമായി കണ്ണടച്ച കേന്ദ്രനേതൃത്വം പിന്നീടുനടന്ന ദേശീയ എക്സിക്യുട്ടീവിൽ ഇക്കാര്യം മറ്റു ഘടകങ്ങൾക്ക് സ്വീകരിക്കാവുന്ന മാതൃകയായി വിശദീകരിച്ചിരുന്നു. എന്തായാലും ദക്ഷിണേന്ത്യയിൽ വിരിഞ്ഞ താമര വാടാതെ നിലനിൽക്കുമോ എന്ന് വരും ദിവസങ്ങളിൽ അറിയാം.