കൊഹിമ: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതുക്കൽ എത്തിയിട്ടും നാഗാലൻഡിൽ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. ബിജെപി ഒഴികെയുള്ള രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരണം തുടരുന്നതാണ് പുതിയ വെല്ലുവിളി ആിരിക്കുന്നത്. നാമ നിർദ്ദേശ പത്രിക സമർപ്പിക്കാൻ ഇനി മൂന്ന് ദിവസം കൂടി ബാക്കി നിൽക്കെ സംസ്ഥാനത്തെ ബിജെപി ഒഴികെയുള്ള സംസ്ഥാനത്തെ 11 രാഷ്ട്രീയ പാർട്ടികളും തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരണവുമായി മുന്നോട്ട് പോവുകയാണ്.

മറ്റെല്ലാ പാർട്ടികളും തിരഞ്ഞെടുപ്പു ബഹിഷ്‌കരണം തുടരുന്ന സാഹചര്യത്തിൽ, ബിജെപി മാത്രമാകും മൽസരിക്കാനുണ്ടാകുക. കഴിഞ്ഞ തിങ്കളാഴ്ചയാണു ബിജെപി ഒഴികെയുള്ള പാർട്ടികൾ തിരഞ്ഞെടുപ്പു ബഹിഷ്‌കരിക്കാൻ തീരുമാനിച്ചത്. ഇവരാരും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. പത്രികാ സമർപ്പണം തുടങ്ങി മൂന്നു ദിവസമായിട്ടും ആരും പത്രിക നൽകിയിട്ടുമില്ല. പത്രിക നൽകാനുള്ള അവസാനതീയതി ഏഴാണ്.

അതിനിടെ, ഭരണകക്ഷിയായ നാഗാ പീപ്പിൾസ് ഫ്രണ്ടിന്റെ (എൻപിഎഫ്) മൂന്ന് അംഗങ്ങൾ കൂടി എംഎൽഎ സ്ഥാനവും പാർട്ടി അംഗത്വവും രാജിവച്ചു. ഏഴുദശകം നീണ്ട നാഗാ പ്രശ്‌നം പരിഹരിച്ചിട്ടുമതി തിരഞ്ഞെടുപ്പെന്ന പൊതുവികാരം മുൻനിർത്തിയാണു ബഹിഷ്‌കരണത്തിലേക്കു രാഷ്ട്രീയകക്ഷികൾ എത്തിച്ചേർന്നത്. ബിജെപി സംസ്ഥാന ഘടകവും ഈ തീരുമാനത്തോടൊപ്പമായിരുന്നുവെങ്കിലും കേന്ദ്രനിർദേശത്തെത്തുടർന്നു നിലപാടു മാറ്റുകയായിരുന്നു.

അതിനിടെ, ഭരണകക്ഷിയായ എൻപിഎഫുമായുള്ള 15 വർഷത്തെ സഖ്യം അവസാനിപ്പിച്ച് പുതുതായി രൂപം കൊണ്ട നാഷനലിസ്റ്റ് ഡെമോക്രാറ്റിക് പീപ്പീൾസ് പാർട്ടി (എൻഡിപിപി)യുമായി സഖ്യമുണ്ടാക്കാൻ ബിജെപി തീരുമാനിച്ചു. മുൻ മുഖ്യമന്ത്രി നെഫു റിയോയുടെ നേതൃത്വത്തിലുള്ളതാണ് എൻഡിപിപി. 60 അംഗ നിയമസഭയിലെ 40 സീറ്റിൽ എൻഡിപിപിയും ബാക്കി 20ൽ ബിജെപിയും മൽസരിക്കും.