കണ്ണൂർ: പിണറായി ഗ്രാമം മലയാളികൾക്ക് കൂടുതൽ പരിചിതമാകുന്നത് കേരളം കണ്ട ഏറ്റവും ശക്തനായ രാഷ്ട്രീയ നേതാവും മുഖ്യമന്ത്രിയുമായ വിജയന്റെ പേരിലാണ്. കണ്ണൂരിൽ സിപിഎമ്മിലെ പാർട്ടി ഗ്രാമമെന്ന വിധത്തിൽ അറിയപ്പെടുന്ന നാട്ടിൽ നിന്നാണ് ഇന്ന് രാഷ്ട്രീയ പകയാൽ കൊലപാതകങ്ങൾ നടക്കുന്ന ഞെട്ടിക്കുന്ന വാർത്തകൾ പുറത്തുവന്നത്. എന്നും കുരുതിക്കളമായിരുന്ന കണ്ണൂരിൽ സിപിഐ(എം) അധികാരത്തിൽ എത്തിയതു മുതൽ സംഘർഷഭൂമി ആയിരുന്നു. ബിജെപി-സിപിഐ(എം) സംഘട്ടനവും രാഷ്ട്രീയ കൊലപാതകവും സ്ഥിരമായി അരങ്ങേറുന്ന നാടിനെ പുറം ജില്ലക്കാർ പോലും ഭീതിയോടെ നോക്കിക്കാണേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്.

രാഷ്ട്രീയ പ്രതികാരത്തിൽ 14 വർഷത്തെ ഇടവേളയിൽ അച്ഛനും മകനും കൊല ചെയ്യപ്പെട്ടു എന്ന കാര്യം പരിഗണിക്കുമ്പോഴാണ് ഇവിടുത്തെ കൊലപാതക രാഷ്ട്രീയത്തിന്റെ ഭീകരത എത്രത്തോളമുണ്ടെന്ന് വ്യക്തമാകുക. 2002ൽ യാത്രകാരുമായി ബസ് ഡ്രൈവ് ചെയ്യവെ ഒരുസംഘം സിപിഐ(എം) പ്രവർത്തകർ ബസ്സിൽ കയറി കൊല ചെയ്ത ചാവശ്ശേരിയിലെ ഉത്തമന്റെ മകനാണ് ഇന്ന് പിണറായിൽ വച്ച് കൊല്ലപ്പെട്ട രമിത്ത്. രമിത്തിന്റെ മാതാവിന്റെ വീട് പിണറായിയിലാണ്. ഉത്തമൻ മരിച്ച ശേഷം താമസം പിണറായിയിലാണ്. രാവിലെ ഓലയമ്പലത്തെ പെട്രോൾ പമ്പിനടുത്തെ ബസ്സ്‌റ്റോപ്പിൽ ബസ്സ് കാത്ത് നിൽക്കവെയാണ് ഒരു സംഘം ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ രമിത്ത് അരമണിക്കൂറോളം റോഡിൽ കിടന്നു. ആരും തിരിഞ്ഞു നോക്കാതെ കിടന്നതോടെയാണ് ജീവൻ പൊലിഞ്ഞത്.

എതിരാളികളുടെ പാർട്ടി ഗ്രാമമാണിത്. അതുകൊണ്ട് തന്നെയാണ് അധികമാരും രമിത്തിനെ സഹായിക്കാൻ എത്താത്തതും. ഒടുവിൽ എക്‌സൈസ് ജീവനക്കാരാണ് ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മുമ്പ് ബസ് ഡ്രൈവറായിരുന്ന ഉത്തമനെ ബസ് ഓടിക്കുന്നതിനിടെയാണ് ഒരു സംഘം ആളുകൾ വെട്ടിക്കൊലപ്പെടുത്തിയത്. തലശേരിയിൽ നിന്ന് ഇരിട്ടിയിലേക്ക് സർവീസ് നടത്തുകയായിരുന്ന ബസിന് നേരെ ബോംബെറിഞ്ഞ ശേഷമായിരുന്ന കൊല നടത്തിയത്.

തലശേരി മേഖലയിൽ ബിജെപി-സിപിഐഎം സംഘർഷം ശക്തമായ സമയത്താണ് അന്ന് കൊലപാതകം നടന്നതും. ഉത്തമന്റെ കൊലപാതകത്തെ തുടർന്ന് ചാവശ്ശേരി - ഉളിയിൽ - തില്ലങ്കേരി മേഖലകളിൽ തുടർആക്രമണങ്ങളുമുണ്ടായി. ഉത്തമന്റെ സംസ്‌കാര ചടങ്ങിന് നേരെയും അന്ന് ആക്രമണമുണ്ടാിയ. രമിത്തിന്റെ അച്ഛൻ ഉത്തമന്റെ മൃതദേഹം സംസ്‌ക്കാരത്തിന് കൊണ്ട് പോകുമ്പോൾ അനുഗമിച്ച ജീപ്പിന് നേരെ ചിലർ ബോംബെറിയുകയായിരുന്നു. അന്ന് ജീപ്പ് യാത്രക്കാരിയായ അമ്മുഅമ്മയും ഡ്രൈവർ ഷെഫീക്കും കൊല്ലപ്പെട്ടിരുന്നു. ഇതിൽ ഏറ്റവും ദുഃഖകരമായ കാര്യം യാതൊരു രാഷ്ട്രീയ ബന്ധവും ഇല്ലാത്ത ഹതഭാഗ്യരായിരുന്നു കൊല്ലപ്പെട്ടവർ എന്നതായിരുന്നു.

ഉത്തമൻ വധക്കേസിൽ പിന്നീട് പൊലീസ് അന്വേഷണം നടന്നെങ്കിലും പതിവുപോലെ കേസ് എങ്ങുമെത്തിയില്ല. രാഷ്ട്രീയവിരോധം കാരണം പ്രതികൾ ഉത്തമനെ കൊലപ്പെടുത്തി എന്നായിരുന്നു കേസിലുണ്ടായിരുന്നത് 22 പ്രതികളായിരുന്നു. എന്നാൽ വിചാരണാ വേളയിൽ തന്നെ പ്രതികളെ വെറുതേവിട്ടു. ക്രിമിനൽ നടപടി ചട്ടം 232 വകുപ്പ് പ്രകാരം 17 പ്രതികളെ വിചാരണവേളയിൽ തന്നെ തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി വെറുതെ വിടുകയായിരുന്നു. സിപിഐഎം ജില്ലാ കമ്മിറ്റിയംഗം കെ ശ്രീധരൻ, ഇരിട്ടി ഏരിയാ കമ്മിറ്റിയംഗം പിപി ഉസ്മാൻ എന്നിവർ അടങ്ങുന്ന നേതാക്കളായിരുന്നു പ്രതിപ്പട്ടികയിൽ നിന്നും രക്ഷപെട്ടവർ.

ഇടക്കാലത്തിന് ശേഷം കേരളത്തിൽ സിപിഎമ്മും കേന്ദ്രത്തിൽ ബിജെപിയും അധികരാത്തിൽ എത്തിയതോടെ രാഷ്ട്രീയ സംഘർഷങ്ങൾ വീണ്ടും വ്യാപിക്കുകയാണ്. ഇങ്ങനെ മത്സരിച്ച് കൊലപാതകം അരങ്ങേറുമ്പോൾ നിരപരാധികളായവരാണ് കൊലക്കത്തിക്ക് ഇരയാകുന്നു എന്നതാണ് ഭീതിപ്പെടുത്തത്. കണ്ണൂർ കൂത്തുപറമ്പ് പാതിരിയോട് സിപിഐഎം പ്രവർത്തകനെ തിങ്കളാഴ്‌ച്ച രാവിലെ അജ്ഞാതർ വെട്ടിക്കൊന്നിരുന്നു. പടുവിലായി ലോക്കൽ കമ്മിറ്റി അംഗം കുഴിച്ചാലിൽ മോഹനനാണ് കൊല്ലപ്പെട്ടത്. ആയുധങ്ങളുമായെത്തിയ സംഘം ഷാപ്പിലേക്ക് കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. രക്തത്തിൽ കുളിച്ച മോഹനൻ സംഭവ സ്ഥലത്തുതന്നെ മരിച്ചു.

കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഐഎം ആരോപിക്കുന്നു. ഇതിന് തിരിച്ചടിയാണ് ഇന്നത്തെ ആക്രമണമെന്ന് ആരോപണമുണ്ട്. പിണറായി വിജയൻ സർക്കാർ അധികാരമേറ്റതിന് ശേഷം കണ്ണൂരിൽ ഇതുവരെ ഏഴ് രാഷ്ട്രീയ കൊലപാതകങ്ങളാണ് നടന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമ്മടത്തിൽ ഉൾപ്പെടുന്ന സ്ഥലത്താണ് 48 മണിക്കൂറിനുള്ളിൽ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങളും അരങ്ങേറിയത്.